Asianet News MalayalamAsianet News Malayalam

ഒമ്പത് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ട് നഴ്സുമാര്‍ക്കും മറ്റ് രണ്ട് ജീവനക്കാര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 161 ജീവനക്കാരില്‍ ഒമ്പത് പേര്‍ക്കാണ് രോഗം ബാധിച്ചത്. 

Covid 19 thrissur chavakad hospital close down
Author
Thrissur, First Published Jun 14, 2020, 7:24 PM IST

തൃശൂര്‍: തൃശൂർ ജില്ലയിൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് പടരുന്നതില്‍ ആശങ്ക. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ഏഴ് പേരിൽ നാല് പേരും ചാവക്കാട് ആശുപത്രിയിൽ പ്രവർത്തിച്ചവരാണ്. ഇതേ തുടര്‍ന്ന്, ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നവരിൽ 24 പേർ ആരോഗ്യപ്രവർത്തകരാണ്. ഇതിനിടെ ജില്ലയിൽ മൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു.

ജൂൺ പത്തിന് ചെന്നൈയിൽ നിന്നെത്തിയ പെരിഞ്ഞനം സ്വദേശിയായ 31 കാരൻ, മെയ് 26 ന് സൗദിയിൽ നിന്നെത്തിയ അഞ്ഞൂർ സ്വദേശിയായ 24 കാരൻ, ജൂൺ എട്ടിന് ചെന്നൈയിൽ നിന്നെത്തിയ എസ്എൻപുരം സ്വദേശിയായ അറുപതുകാരി, ചാവക്കാട് സ്വദേശികളായ 38, 42, 53, 31 പ്രായമുള്ള സ്ത്രീകളായ നാല് ആരോഗ്യ പ്രവർത്തകർ എന്നിവരുൾപ്പെടെ ഏഴ് പേർക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ്.

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും ഇതുവരെ ഒമ്പത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം രണ്ട് നഴ്സിനും ഒരു ക്ലാർക്കിനും പിആർഒയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവിടെ നിന്നെടുത്ത 161 സാമ്പിളുകളിൽ 43 ഫലങ്ങൾ വരാനുണ്ട്. ഈ സാഹചര്യത്തിലാണ് ആശുപത്രി അടച്ചത്. അതേസമയം, തൃശൂരില്‍ മൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. അളഗപ്പനഗർ പഞ്ചായത്തിലെ 3, 4 വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 15,16 വാർഡുകൾ, തോളൂർ പഞ്ചായത്തിലെ 12 ആം വാർഡ് എന്നിവയാണ് പുതിയ സോണുകൾ.

നിലവില്‍, ജില്ലയില്‍ 143 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശികളായ ഒമ്പത് പേര്‍ മറ്റ് ജില്ലകളിലെ ആശുപത്രികളിലും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 12594 പേരാണ് കൊവിഡ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 16 പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആകെ 66 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

Follow Us:
Download App:
  • android
  • ios