മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഎം ലോക്കൽ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തുന്നു. 'വികസിത് ഭാരത്' ബില്ലിനെതിരെയാണ് പ്രതിഷേധം.
തിരുവനന്തപുരം: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഎമ്മിൻ്റെ പന്തം കൊളുത്തി പ്രകടനം. ഇന്ന് രാത്രിയാണ് ലോക്കൽ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് മഹാത്മാഗാന്ധിയുടെ പേരുവെട്ടിമാറ്റുന്നതിനും പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാന സർക്കാരുകൾക്ക് മേലെ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ബില്ലിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രതിപക്ഷത്തിൻ്റെ എതിർപ്പുകൾ അവഗണിച്ച് ലോക്സഭയിൽ ബിൽ പാസാക്കിയതിന് പുറമെ രാജ്യസഭയിലും ബിൽ പാസാക്കിയിരുന്നു. ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതിനൊപ്പം പദ്ധതിയുടെ അടിസ്ഥാന ഘടന മാറ്റിമറിക്കുന്നതാണ് ബില്ലെന്ന് സിപിഎം പറയുന്നു. പദ്ധതി പൂർണമായും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാക്കുന്ന, വൻ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങളുടെ ചുമലിലിടുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. തൊഴിലാളി വേതനത്തിനുള്ള ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്നാണ് പുതിയ പരിഷ്‌കാരം. പദ്ധതിക്ക് പ്രതിവർഷം 1.5 ലക്ഷം കോടിയെങ്കിലും ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, സംസ്ഥാനങ്ങൾ 55,000 കോടി മുടക്കേണ്ടി വരും.
തൊഴിലുറപ്പ് പദ്ധതിയിൽ ഏതെങ്കിലും സാഹചര്യത്തിൽ പദ്ധതി നിർത്തിവെക്കാനുള്ള വ്യവസ്ഥയില്ല. എന്നാൽ, പുതിയ ബില്ലിൽ ഏറ്റവും തിരക്കേറിയ കാർഷിക സീസണിൽ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാമെന്ന അപകടരമായ വ്യവസ്ഥ ഉൾപ്പെടുത്തി. വിതയും കൊയ്‌ത്തുമുൾപ്പടെ ഏറ്റവും തിരക്കുള്ള സീസണിലെ 60 ദിവസങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനങ്ങൾക്ക് മുൻകൂർ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നാണ് ബില്ലിൽ പറയുന്നത്. പദ്ധതി നടത്തിപ്പിൽ ഗ്രാമസഭകളുടെയും പഞ്ചായത്തുകളുടെയും പങ്കാളിത്തം പരമാവധി ഒഴിവാക്കി. മൊബൈൽ, ബയോമെട്രിക്‌സ്, ജിയോ–ടാഗിങ്, നിർമിതബുദ്ധി ഓഡിറ്റിങ്ങ് തുടങ്ങിയ നവസാങ്കേതികവിദ്യകളെ ആശ്രയിക്കാനും നിർദേശിക്കുന്നതും തെറ്റാണെന്ന് സിപിഎം പറയുന്നു.


