തൃശ്ശൂര്‍: തൃശ്ശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് റാന്നി സ്വദേശികള്‍  യാത്രചെയ്‍ത വിമാനത്തില്‍ ഉണ്ടായിരുന്നയാള്‍. തൃശ്ശൂരിലെ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് യുവാവ്. ഇയാളുടെ ആരോഗ്യനില തൃപ്‍തികരമാണെന്ന് കളക്ടര്‍ അറിയിച്ചു. മാർച്ച് 7നാണ് ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്ക് വിഭാഗത്തിൽപ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പങ്കെടുത്ത പൊതുപരിപാടികൾ പരിശോധിക്കും. കൂടാതെ ഇയാളുമായി ബന്ധം ഉണ്ടായവരെ നിരീക്ഷിക്കും. ഇയാളൊരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. 

ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 4180 പേര്‍ സംസ്ഥാനത്ത്  നിരീക്ഷണത്തിലാണ്. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും ആണ്. തിരുവനന്തപുരം കോഴിക്കോട് മെഡിക്കൽ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളത്.