തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാത്ത തിരുവനന്തപുരത്തെ സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്നു. നഗരത്തിലും രോഗം പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിലെ ലോക്ക് ഡൗൺ തുടരും. അതേസമയം, സംസ്ഥാനവ്യാപകലോക്ക്ഡൗൺ വേണ്ടെന്നാണ് സർവകക്ഷിയോഗത്തിൽ ഉണ്ടായ നിർദേശം. 

ട്രിപ്പിൾ ലോക്കിട്ട് പൂട്ടിയിട്ടും സമൂഹവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത പൂന്തുറ, പുല്ലുവിള എന്നിവയ്ക്ക് പുറമെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളായ പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപള്ളി എന്നിവിടങ്ങളിൽ രോഗം കുറയുന്നേയില്ല. രോഗവ്യാപനം കണ്ടെത്തി 20 ദിവസം കഴിഞ്ഞിട്ടും ഇത് പിടിച്ചുനിർത്താനാവുന്നില്ല എന്നത് തന്നെയാണ് പ്രധാന ഭീഷണി. രോഗവ്യാപനത്തോത് കുറഞ്ഞെന്ന് സർക്കാർ പറയുമ്പോഴും ഭീഷണിയായി ട്രിപ്പിൾ ലോക്ക്ഡൗണിലും സമീപപ്രദേശങ്ങളിൽ രോഗം പടരുകയാണ്. 

വ്യാപനം കൈവിട്ട് പോകുന്ന ഘട്ടത്തിലെത്തിയ പുല്ലുവിള, പൂന്തുറ അടക്കമുള്ള പ്രദേശങ്ങളിൽ പരിശോധന പ്രായമായവരടക്കം ഗുരുതരമായി രോഗബാധയ്ക്ക് സാധ്യതയുള്ളവരിലേക്ക് കേന്ദ്രീകരിച്ചിരുന്നു. പല പഞ്ചായത്തുകളിലും നടത്തുന്നത് 50 വരെ ടെസ്റ്റുകൾ മാത്രമായി കുറയുകയും ചെയ്തു. ഇതോടെ സമൂഹവ്യാപനം സ്ഥീരീകരിച്ചിട്ടും മേഖലയിൽ ടെസ്റ്റുകൾ കുറച്ചെന്ന പരാതി ഉയർന്നു. ഇതേക്കുറിച്ച് പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. 

തിരുവനന്തപുരം നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ലോക്ക്‍ഡൗൺ നിയന്ത്രണങ്ങൾ തുടരും. എന്നാൽ ചില ഇളവുകളുണ്ടായേക്കും എന്നാണ് വിവരം. ഏഴ് കൗൺസിലർമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരസഭാ മേയർ കെ ശ്രീകുമാർ സ്വയം നിരീക്ഷണത്തിലാണ്. 3 പൊലീസുകാർക്കും, ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചാലയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും രോഗം പകർന്നതോടെ നഗരമാകെ വ്യാപനഭീതിയിലാണ്. നിലവിൽ ചാല മാർക്കറ്റ് അടക്കം അടച്ചിട്ടിരിക്കുകയാണ്. 

സംസ്ഥാനത്ത് സമ്പൂർണലോക്ക്ഡൗൺ ഉടനില്ല

ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ ഭൂരിപക്ഷവും ലോക്ക്ഡൗണിനെതിരായ നിലപാടെടുത്തതോടെയാണ് ഉടൻ സമ്പൂർണലോക്ക്ഡൗൺ വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്നും സമ്പൂർണലോക്ക്ഡൗൺ ഗുണകരമാകില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിലും അഭിപ്രായം ഉയർന്നു.

കൊവിഡ് വ്യാപനം നിയന്ത്രണാതീതമായാൽ മേഖല തിരിച്ച് ലോക്ക്ഡൗൺ നടപ്പാക്കാനുള്ള വിദഗ്ധ നിർദേശവും സർക്കാർ പരിഗണനയിലുണ്ട്. കേരളത്തെ വിവിധ മേഖലകളായി തിരിച്ച്, ഓരോ മേഖലയും കൃത്യം ദിവസം കണക്കാക്കി അടച്ചുപൂട്ടുക എന്നതാണ് നിർദേശം. ഈ മേഖലയിൽ നിന്ന് പുറത്തേക്കോ, അകത്തേയ്ക്കോ പ്രവേശനം കർശനനിയന്ത്രണങ്ങൾക്ക് വിധേയമാകും.

ലോക്ക്ഡൗണിനെച്ചൊല്ലി രണ്ട് അഭിപ്രായമാണ് ഉയരുന്നതെന്നും, ഈ ആഴ്ച എന്തായാലും ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. ഇതിനർത്ഥം ഒരു കാലത്തും ലോക്ക്ഡൗൺ ഉണ്ടാകില്ലെന്നല്ല എന്നും മുഖ്യമന്ത്രി പറയുന്നു. കൊവിഡ് വ്യാപനമുള്ള ക്ലസ്റ്ററുകളിലും ഹോട്ട്സ്പോട്ടുകളിലും നിയന്ത്രണം കർശനമാക്കാനാണ് സർക്കാർ തീരുമാനം.