തിരുവനന്തപുരം: സംസ്ഥാനത്ത്  മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 18 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും നാലായിരത്തിന് മുകളിലായിരുന്നു സംസ്ഥാനത്തെ പ്രതിദിന കൊവിഡ് നിരക്ക്. 3781 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം 498 ആണ്. വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ 86 പേർ ആരോഗ്യ പ്രവർത്തകരാണ്. 2862 പേർക്ക് ഇന്ന് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. 

രോഗ വ്യാപന നിരക്കിൽ ഇന്നും തിരുവനന്തപുരം ജില്ല തന്നെയാണ് മുന്നിൽ. ഇന്ന് മാത്രം തലസ്ഥാനത്ത് 824 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2016 പേർ നിരീക്ഷണത്തിൽ ആയിട്ടുണ്ട്. കൊല്ലത്തെ 20 ദിവസം കോമയിൽ കിടന്ന കൊവിഡ് രോഗി കൊവിഡിനെ അതിജീവിച്ചത് വലിയ കാര്യമാണ്. ശാസ്താംകോട്ട സ്വദേശി ടൈറ്റസ് ആണ് ജീവിതത്തിലേക്ക് വെന്‍റിലേറ്ററിൽ നിന്ന് തിരിച്ചെത്തിയത്. ജുലൈ ആറിനാണ് കൊവിഡ് പോസ്റ്റീവായത്. ജീവൻ രക്ഷാമരുന്നുകൾ അദ്ദേഹത്തിന് ഉയര്‍ന്ന ഡോസിൽ നൽകേണ്ടി വന്നു. മുപ്പത് തവണ ഡയാലിസിസ് നടത്തി. രണ്ട് തവണ പ്ലാസ്മ ചെയ്തു. 12 ന് കൊവിഡ് നെഗറ്റീവായി. എന്നാൽ ഓഗസ്റ്റ് 16 വരെ വെന്‍റിലേറ്ററിൽ തുടരേണ്ടി വന്നു. ഫിസിയോ തെറാപ്പിയിലൂടെയാണ് അദ്ദേഹത്തിന്‍റെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തത്. ആരോഗ്യ പ്രവര്‍ത്തകരുടെ 70 ദിവസത്തിലധികം നീണ്ട പ്രയത്നത്തിന്‍റെ ഫലമായാണ് അദ്ദേഹത്തിന് നീണ്ട കാലത്തിന് ശേഷം ആശുപത്രി വിടാനായത്. അതിജീവനത്തിന്‍റെ മാതൃകയായതിനാലാണ് ഇക്കാര്യം എടുത്തുപറയുന്നത്. അദ്ദേഹത്തെ ചികിത്സിച്ച എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നു. അതിനിടയിൽ രോഗ വ്യാപനത്തിന് കാരണമാകുന്നതിന് ശ്രമിക്കുന്നവരുടെ കണ്ണു തുറപ്പിനാണ് ഇത് ഇവിടെ പറയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

പത്തനംതിട്ടയിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്ററിൽ 55 പേര്‍ക്കാണ് രോഗം. വിവാഹത്തിന് വലിയ തോതിൽ ആളുകൾ ഒത്തു കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. ഇവിടെ അതാണ് സംഭവിച്ചത്. ആലപ്പുഴയിലും കൊവിഡ് ക്ലസ്റ്ററുകളിൽ കൂടുതൽ കേസുകളുണ്ട്. ജില്ലയിലെ സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾക്ക് കൂടുതൽ ആംബുലൻസ് അനുവദിച്ചിട്ടുണ്ട്. ഇടുക്കി നെടുങ്കണ്ടം ടൗൺ അടച്ചു. 48 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കത്തിലൊന്നായ നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടെ സമ്പര്‍ക്കം മൂവായിരത്തിലധികമാണ്. അതിര്‍ത്തിയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും ഇദ്ദേഹമെത്തിയിരുന്നു. എറണാകുളത്തെ 42 ക്ലസ്റ്ററിൽ 28 വലിയ ക്ലസ്റ്ററുണ്ട്. 534 പേര്‍ക്കാണ് മലപ്പുറത്ത് ഇന്ന് രോഗം. കോഴിക്കോട് കോര്‍പ്പറേഷൻ, വടകര വെള്ളയിൽ ക്ലസ്റ്ററുകളിലാണ് കൂടുതൽ രോഗികൾ. ഇന്ന് 412 പേര്‍ക്കാണ് സ്ഥ്രീകരിച്ചത്. 

വയനാട് ജില്ലാ ജയിൽ സൂപ്രണ്ടിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ സബ്കലക്ടരും നിരീക്ഷണത്തിലാണ്. കണ്ണൂരിൽ കൂടുതൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം. കാസര്‍കോട് തീരദേശക്ലസ്റ്ററിലെ പലരും പരിശോധനക്ക് തയ്യാറാകാത്തത് വലിയ പ്രശ്മമാണ്. കൊവിഡിന്‍റെ വ്യാപനം ഇനിയും  രാജ്യത്തുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തേത് ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. കേരളത്തിലെ  179 വൈറസുകളുടെ ജനിതക ശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാര്‍സ് കൊറോണ 2 വിന്‍റെ ഇന്ത്യൻ ഉപവിഭാഗമായ 2എ എ2എ ആണെന്നും നിര്‍ണയിക്കാനും സാധിച്ചു. സാമ്പിളിൽ നിന്ന് കര്‍ണാടക, ഒഡിസ കര്‍ണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗാണുക്കളെയാണ് കണ്ടെത്തിയത്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാൽ കേരളത്തില്‍ കാലവര്‍ഷം ശക്തമാകും. അതി തീവ്രമഴക്ക് കേരളത്തില്‍ സാധ്യതയുണ്ട്. പ്രകൃതി ദുരന്തങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണം. അപകടങ്ങൾക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഇന്ന് ഇടുക്കി, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം കണ്ണൂര്‍ കാസര്‍കോട്  ജില്ലകളിലും അതിതീവ്രമഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ റെഡ് അലേര്‍ട്ട് ഉണ്ട്.എല്ലാവരും സഹകരിക്കണം. പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ച് വേണം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാൻ. നാല് തരത്തിൽ ക്യാമ്പുകൾ സജ്ജമാക്കാനാണ് നിര്‍ദ്ദേശം ലഭിച്ചത്. 

പൊലീസ് ഫയര്‍ഫോഴ്സ് അടക്കം പൂര്‍ണസജ്ജമാണ്. കേന്ദ സേനയോടും തയ്യാറാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നൂറുദിനകര്‍മ്മ പദ്ധതിയുടെ ഭാഗമായി കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കി. മൺട്രോ തുരുത്തിലെ പരിസ്ഥിതി പ്രശ്നത്തിന് പരിഹാരമായാണ് കാലാവസ്ഥാ അനൂരൂപ കൃഷി പദ്ധതി ആരംഭിക്കുന്നത്. തിരുവനന്തപുരത്ത് ഓൾ ഇന്ത്യ മെഡിക്കൽ സയൻസിന്‍റെ മാത്യകയിൽ നവീകരിച്ച അത്യാസന്ന വിഭാഗത്തിന് ഇന്ന് തുടക്കമായി. 33 കോടി ചെലവിൽ അത്യാധുനിക സംവിധാനമാണ് ഒരുക്കിയത്. റീജണൽ ക്യാൻസര്‍ സെന്‍ററിൽ സജ്ജമാക്കിയ പുതിയ ക്യാഷ്വാലിറ്റിയും ഇന്ന് ഉദ്ഘാടനം ചെയ്തു.

പട്ടിക ജാതി പട്ടി വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനു വേണ്ടിയുള്ള ഒരു പദ്ധതിയും ഇന്ന് ഉദ്ഘാടനം ചെയ്തു. പട്ടികജാതിക്കാര്‍ക്ക് അവരുടെ വീടിനോട് ചേര്‍ന്ന് ഒരു പഠനമുറിയൊരുക്കാൻ സര്‍ക്കാര്‍ 2 ലക്ഷം വീതം സഹായമൊരുക്കി. ഈ സര്‍ക്കാര്‍  അധികാരത്തിൽ വരുമ്പോൾ 1790 പട്ടിക വര്‍ഗകുടുംബങ്ങളായിരുന്നു ഭൂമിയില്ലാത്തവരായി ഉണ്ടായിരുന്നത്.  4682 പേര്‍ക്ക് 3787 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. 6108 കുടംബത്തിന് ഭൂമി ലഭ്യമാക്കാൻ നടപടി പുരോഗമിക്കുകയാണ്. ഈ വിഭാഗത്തിലെ കുട്ടികളിലെ മലയാള ഭാഷയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗോത്രഭാഷയറിയാവുന്ന അധ്യാപകരെ നിയമിച്ചു.  ഇത് കുട്ടികളുടെ സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് കുറക്കാൻ സഹായിച്ചു.