തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയാനായി സർക്കാർ പ്രഖ്യാപിച്ച കർശന മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചവർക്കെതിരെ കേസ്. വിവാഹം വിപുലമായി നടത്തിയതിനും ഇറച്ചി വിറ്റതിനും കേസെടുത്തിട്ടുണ്ട്. വൈറസ് ബാധയെ ചെറുക്കാൻ മരുന്ന് കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയ വ്യാജ സിദ്ധനെയും പിടികൂടി.

വയനാട്ടിലാണ് ഇറച്ചി വിറ്റതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പടിഞ്ഞാറേത്തറയിൽ ഇറച്ചി വിൽപന നടത്തിയ സജിത്, അബ്ദുൽ റഷീദ് എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടത്. നിരീക്ഷണത്തിൽ കഴിയവേ കറങ്ങി നടന്നതിന് ഒരാൾക്കെതിരെയും ഇന്ന് ജില്ലയിൽ കേസെടുത്തിട്ടുണ്ട്.

സർക്കാർ നിർദ്ദേശം ലംഘിച്ച് പ്രവർത്തിച്ച തൃശൂർ പേരാമ്പ്രയിലെ  അപ്പോളോ ടയേഴ്സ് അടപ്പിച്ചു. ജില്ലാ കളക്ടർ നേരിട്ട് എത്തിയാണ് അടപ്പിച്ചത്. 350 ഓളം ജീവനക്കാർ ആദ്യ ഷിഫ്റ്റിൽ ജോലിക്ക് കയറിയിരുന്നു.

കോഴിക്കോട് നിരീക്ഷണ നിർദ്ദേശം ലംഘിച്ച് വിവാഹം നടത്തിയതിനും രണ്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് വട്ടാം പൊയിൽ സ്വദേശികളായ നിത ഫാസിൽ , ആദിൽ പി മഹബൂത്ത് എന്നിവർക്കെതിരെയാണ് ചെമ്മങ്ങാട് പൊലീസ് കേസെടുത്തത്. ഇവർ മാർച്ച് 11, 12 തിയ്യതികളിലാണ് നാട്ടിലെത്തിയത്.

കൊവിഡ് 19 രോഗത്തിന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വിൽപന നടത്തിയ കുറ്റത്തിനാണ് വ്യാജ സിദ്ധൻ, കാസർകോട് വിദ്യാനഗർ ചാലാ റോഡിൽ താമസിക്കുന്ന ഹംസയെ വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസിനെതിരെ മരുന്ന് എന്ന പേരിൽ തയ്യാറാക്കിയ ദ്രാവകവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷെയ്ക്ക് നിർദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വിൽപന നടത്തിയത്. ഈ മരുന്ന് കുടിച്ചാൽ കൊറോണ വൈറസ് ബാധിച്ചവർക്ക് രോ​ഗം ഭേദമാകുമെന്നാണ് ഇയാളുടെ അവകാശ വാദം. രോഗം വരാതെ പ്രതിരോധിക്കാനും മരുന്നിന് കഴിയുമെന്നും ഇയാൾ വ്യാജ പ്രചരണം നടത്തി. കാസർകോട് വിദ്യാനഗർ കേന്ദ്രീകരിച്ചാണ് വ്യാജ മരുന്ന് വില്പന. ഇത്തരം വ്യാജ സിദ്ധന്മാർ ജില്ലയുടെ ചില ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതായി വിവരമുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക