17 രോഗികളാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്. മാനന്തവാടിയിലും ബത്തേരിയിലുമായി 3 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പൂർണമായും അടച്ചിട്ടിരിക്കുന്നത്. ആദിവാസി കോളനികളിലാണ് ജില്ലാ ഭരണകൂടം കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. 

വയനാട്: രണ്ടു ദിവസമായി പുതിയ രോഗികളില്ലെങ്കിലും വയനാട്ടിൽ അതീവ ജാഗ്രത തുടരുന്നു. പനമരം പഞ്ചായത്തിലെ 2 വാർഡുകൾ കൂടി ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. സമൂഹവ്യാപനം തടയുന്നതിനായി പനവല്ലിയിലെ ആദിവാസി കോളനികളിലെ 38 പേരെക്കൂടി നിരീക്ഷണത്തിലേക്ക് മാറ്റി. ജില്ലയിലേക്ക് സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 30 പേരുടെ സാമ്പിൾ ഇന്ന് പരിശോധനക്കയക്കും.

17 രോഗികളാണ് ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത്. മാനന്തവാടിയിലും ബത്തേരിയിലുമായി 3 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പൂർണമായും അടച്ചിട്ടിരിക്കുന്നത്. അഞ്ച് പഞ്ചായത്തുകളിലെ തിരഞ്ഞെടുത്ത വാർഡുകളും അടച്ചിടും. ജില്ലയിൽ 2043 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 

രോഗം സ്ഥിരീകരിച്ച 17 പേരുൾപ്പടെ 30 പേർ ആശുപത്രിയിലുണ്ട്. ഒരാൾക്ക് രോഗം സ്ഥിരീകരിച്ച പനവല്ലിയിൽ 5 ഡോക്ടർമാരുടെ സംഘം ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരും. സുൽത്താൻ ബത്തേരിയിലെ വൈറോളജി ലാബ് ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ കോവിഡ് കുരങ്ങുപനി സാമ്പിളുകൾ ജില്ലയിൽ തന്നെ പരിശോധിച്ച് ഒരു ദിവസത്തിനകം ഫലം ലഭിക്കും.

സാമൂഹ്യ വ്യാപനം തടയുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ കുണ്ടറ, സര്‍വാണി, കൊല്ലി, റസ്സല്‍ കുന്ന് കോളനികളില്‍ താമസിക്കുന്ന 38 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഏഴ് പേരെ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലാക്കിയത്. ഈ മേഖലയിലെ 62 പേരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

പൊലീസിനെ അടക്കം ഉപയോഗിച്ചാകും രോഗികളുടെ വിവരങ്ങൾ കണ്ടെത്തുക. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള ചില രോഗികൾ സുപ്രധാന സമ്പർക്ക വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിഗമനം. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈഎസ്പിമാരും ഒരു വനിതാ ഉദ്യോഗസ്ഥയുമടങ്ങുന്ന പ്രത്യേക സംഘം രോഗികളെ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നത്. പിപിഇ കിറ്റ് ധരിച്ചാണ് ചോദ്യം ചെയ്യുക. ഇത് കൂടാതെ ജില്ലയിലെ ഒരോ രോഗിയുടെയും സഞ്ചാര പാത പൊലീസും തയാറാക്കും. ഇതുവഴി ആരോഗ്യ വകുപ്പിന് ലഭിക്കാത്ത സമ്പർക്ക വിവരങ്ങൾകൂടി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ സമ്പർക്ക വിലക്ക് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനും പ്രത്യേക വിഭാഗം പ്രവർത്തിക്കും. രോഗിയുടെ ബന്ധുക്കളെയും കൂട്ടുകാരെയുമടക്കം തുടർച്ചയായി നിരീക്ഷിക്കാനും രഹസ്യാന്വേഷണ സേനാംഗങ്ങളെയടക്കം ഉൾപ്പെടുത്തിയുള്ള പ്രത്യേക സംഘം ഇന്ന് മുതല്‍ പ്രവർത്തിക്കും. കണ്ടെയിന്‍മെന്‍റ് സോണില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ അവശ്യസാധനങ്ങൾ എത്തിച്ചുനല്‍കാനും പ്രത്യേക വാട്സ് ആപ്പ് നമ്പർ വഴി സംവിധാനമൊരുക്കും. പതിവുപോലെ അതിർത്തിയിലടക്കം ശക്തമായ പരിശോധന തുടരുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.