തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് പുതിയ കൊവിഡ് ഹോട്ട്സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തൃശ്ശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലായാണ് പുതിയ അഞ്ച്  ഹോട്ടസ്പോട്ടുകൾ.

തൃശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളെയാണ് ഇന്ന് ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇന്ന് രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവയെയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ ആകെ 125 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

കേരളത്തില്‍ ഇന്ന് 82 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, തിരുവനന്തപുരം ,വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ തിരുവനന്തപുരത്തെ വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചത് മരണശേഷമാണ്.

Read Also: കൊവിഡ്: മലയാളിയായ കന്യാസ്ത്രീ മെക്സിക്കോയിൽ മരിച്ചു...