തൃശ്ശൂർ:  തൃശ്ശൂർ മെഡിക്കൽ കോളേജിൽ കൊവിഡ് ആന്റിജൻ പരിശോധന തുടങ്ങി. ഡോക്ടർമാർ ഉൾപ്പെടെ 50 ജീവനക്കാരിൽ പരിശോധന നടത്തും. ഇതുകൂടാതെ 4, 5 വാർഡുകളിലെ രോഗികൾക്കും കൂട്ടിരിപ്പുകാരെയും പരിശോധനക്ക് വിധേയരാക്കും. രണ്ട് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന. 

മെഡിക്കൽ കോളേജിൽ നാല്,അഞ്ച് വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 68 വയസ്സുള്ള പുരുഷനും 94 വയസുള്ള സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്കായാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് രോഗം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലെ രണ്ട് വാർഡുകളും അടച്ചു. 

അതേസമയം, ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ശനിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കും. ട്രിപ്പിൾ ലോക് ഡൗൺ കർശനമായി നടപ്പിലാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ കൊവിഡ് വ്യാപനത്തിന്റെ തോത് കണക്കാക്കിയാവും കർശനമായ നിയന്ത്രണങ്ങളിലേക്ക് പോവുകയെന്നും അധികൃതർ അറിയിച്ചു.

ആളുകൾക്ക് ഭക്ഷണസാധനങ്ങൾ വാങ്ങിക്കാനുള്ള സൗകര്യം ഒരുക്കും.  മെഡിക്കൽ ഷോപ്പുകളും പ്രവർത്തിക്കും. ഈ വഴി ദീർഘദൂര ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ നിയന്ത്രിക്കും. ബസുകൾ അവിടെ നിർത്താതെ പോവേണ്ടി വരും. മറ്റ് വാഹനങ്ങളെ അപ്പുറത്തേക്ക് കടത്തിവിടും. 

Read Also: പ്ലസ് വൺ പ്രവേശനം; അപേക്ഷ 29 മുതൽ; നടപടികൾ പൂർണ്ണമായും ഓൺലൈനിൽ...