കോഴിക്കോട്: കോഴിക്കോട് ബീച്ച് മലബാറുകാറുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നായിരുന്നു. കൊവിഡിന് മുൻപ് വരെ ബീച്ചിൽ തിരക്കൊഴിഞ്ഞ ഒരു ദിവസം പോലും ഉണ്ടാകുമായിരുന്നില്ല. എന്നാൽ കൊവിഡ് ഭീതിയിൽ ആളൊഴിഞ്ഞു. പിന്നാലെ കോഴിക്കോട് കടപ്പുറം വയലറ്റ് നിറത്തിലുള്ള പൂക്കള്‍ കൊണ്ട് നിറഞ്ഞു. കടൽക്കുറിഞ്ഞി എന്ന് വിളിപ്പേരുള്ള അടമ്പ് പൂക്കളാണ് കാഴ്ചയുടെ വസന്തം ഒരുക്കിയിരിക്കുന്നത്.

വയലറ്റ് നിറങ്ങളാണെങ്ങും. കടല്‍ത്തീരം നിറഞ്ഞ് നിലത്ത് പടര്‍ന്ന് കിടക്കുകയാണ് അടമ്പ് ചെടികള്‍. പൂഴിമണ്ണില്‍ പൂത്ത അടമ്പ് കാണാന്‍ ആളുകള്‍ അധികമില്ല. കൊവിഡ് കാലമായത് കൊണ്ട് ബീച്ചിലടക്കം നിയന്ത്രണങ്ങളുണ്ട്. സമുദ്ര തീരങ്ങളില്‍ ധാരാളമായി കാണുന്ന സസ്യമാണ് അടമ്പ്. ഉപ്പുരസത്തെ അതിജീവിക്കാന്‍ ശേഷിയുള്ളവ. ശാസ്ത്രീയ നാമം ഐപ്പോമിയ പെസ്‌കാപ്റെ. കടല്‍ക്കുറിഞ്ഞിയെന്നും വിളിപ്പേരുണ്ട്. ഔഷധ ഗുണമുള്ള സസ്യം കൂടിയാണിത്. കോഴിക്കോട് നഗരത്തിലെ തോപ്പയില്‍, കാമ്പുറം, കോന്നാട് കടപ്പുറങ്ങളിലെല്ലാം ഈ വയലറ്റ് പൂക്കള്‍ വിടര്‍ന്ന് നില്‍ക്കുകയാണിപ്പോള്‍.