കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് ജില്ലാ ഭരണകൂടം. ഞായറാഴ്ചകളില്‍ വിവാഹത്തിന് 20 പേര്‍ മാത്രമേ പാടൂള്ളൂ. ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 

കോഴിക്കോട്: നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കോഴിക്കോട് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് തന്നെ. ജില്ലയിലെ ഇതുവരെയുള്ള ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.

കോഴിക്കോട് ജില്ലയില്‍ വ്യാഴാഴ്ച 3372 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 22.26 ശതമാനം. കൊവിഡ് രോഗികളുടെ എണ്ണം ഉയരുമ്പോള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് ജില്ലാ ഭരണകൂടം. ഞായറാഴ്ചകളില്‍ വിവാഹത്തിന് 20 പേര്‍ മാത്രമേ പാടൂള്ളൂ. ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. മോട്ടോര്‍ വാഹനവകുപ്പ് ജില്ലാ ഓഫീസിന്‍റെ പരിധിയിലുള്ള സേവനങ്ങള്‍ നിർത്തിവച്ചു. ഡ്രൈവിംഗ്, ഫിറ്റ്നസ് ടെസ്റ്റുകളും രജിസ്ട്രേഷന്‍ പുതുക്കലും മെയ് ഏഴ് വരെയാണ് നിര്‍ത്തി വച്ചിരിക്കുന്നത്.

കൊവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 20,250 പേരാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍, ഒളവണ്ണ, ഫറോക്ക് എന്നിവിടങ്ങളിലാണ് കൂടുതല്‍ കൊവിഡ് ബാധിതര്‍. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലായി 104 പേര്‍ ഐസിയുവില്‍ ഉണ്ട്. 75 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കോഴിക്കോട്ട് 64,000 ഡോസ് വാക്സീന്‍ സ്റ്റോക്കുണ്ട്. അതുകൊണ്ട് തന്നെ നിലവില്‍ വാക്സീന് ക്ഷാമമില്ലെന്ന് വാക്സീന്‍ ഓഫീസര്‍ വ്യക്തമാക്കി. 
നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയിട്ടും കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് പോകേണ്ടി വരുമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന മുന്നറിയിപ്പ്.