Asianet News MalayalamAsianet News Malayalam

ഉറവിടമറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്നു; എറണാകുളത്ത് ആശങ്ക

ജില്ലയിൽ രോഗവ്യാപന തോത് ഉയരുകയാണെന്നാണ് റിപ്പോർട്ട്. രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം കഴിഞ്ഞ ദിവസം 200 കടന്നു. സെപ്തംബർ ആദ്യ വാരത്തോടെ ഇവിടെ രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 

covid case updates from ernakulam august 20
Author
Cochin, First Published Aug 20, 2020, 12:38 PM IST

കൊച്ചി: എറണാകുളം ജില്ലയിൽ ഉറവിടമറിയാത്ത രോഗികളുടെ എണ്ണമുയരുന്നത് ആശങ്ക വർധിപ്പിക്കുന്നു. 238 പേർക്ക് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമല്ല. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 30 ശതമാനം പേരും യുവാക്കളാണ്. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം കളക്ടറേറ്റിലെ ജീവനക്കാരിൽ ആന്റിജൻ പരിശോധന നടത്തുകയാണ്.

ജില്ലയിൽ രോഗവ്യാപന തോത് ഉയരുകയാണെന്നാണ് റിപ്പോർട്ട്. രോഗം സ്ഥിരീകരിക്കുന്നവരുടെ പ്രതിദിന എണ്ണം കഴിഞ്ഞ ദിവസം 200 കടന്നു. സെപ്തംബർ ആദ്യ വാരത്തോടെ ജില്ലയിലെ രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ജില്ലയിൽ 4318 പേർക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. ഇതിൽ 2617 പേർ രോഗമുക്തരായി. നിലവിൽ ചികിത്സയിലുള്ളത് 1701 ആളുകളും. 21-30 വയസ്സിനിടയിലെ എണ്ണൂറോളം പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. സർക്കാർ രേഖകളനുസരിച്ച് ഓഗസ്റ്റ് 17 വരെ 27 പേരാണ് ജില്ലയിൽ കൊവിഡ് മൂലം മരിച്ചത്. 113 ആരോഗ്യപ്രവർത്തകർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 238 പേരുടെ രോഗ ഉറവിടം അവ്യക്തമാണ്. 

അടുത്ത ഒരു മാസം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആഴ്ച്ചയിൽ 1200 മുതൽ 1400 വരെയാകുമെന്നാണ് റിപ്പോർട്ടുകൾ. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം ഒരു മാസത്തിനിടെ ആഴ്ച്ചയിൽ 150 മുതൽ 217 വരെ ഉയരാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

പശ്ചിമ കൊച്ചിയിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 65 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പശ്ചിമ കൊച്ചിയിലെ രോഗബാധിതരുടെ എണ്ണം 538 ആയി. രോഗികളുടെ എണ്ണം കൂടിവരുന്ന കോതമംഗലം മേഖല ജില്ലയിലെ പുതിയ ക്ലസ്റ്ററായേക്കാം. നെല്ലിക്കുഴിയിൽ 54 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ക്ലസ്റ്ററുകൾക്ക് പുറത്തേക്ക് രോഗം വ്യാപിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. അതിനിടെ ഒന്നരമാസത്തിലേറെ അടച്ചിട്ട ആലുവ മാർക്കറ്റ് കർശന നിബന്ധനകളോടെ തുറന്നു. മൊത്തവ്യാപാരം മാത്രമാണ് നിലവിൽ അനുവദിച്ചിട്ടുള്ളത്. സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചാൽ മുന്നിറിയിപ്പില്ലാതെ മാർക്കറ്റ് വീണ്ടും അടക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios