Asianet News MalayalamAsianet News Malayalam

കേരളത്തിൽ സമ്പർക്കത്തിലൂടെ രോഗം പടരുന്നു, ഇരട്ടിക്കുന്ന തോതും വേഗത്തിൽ, ജാഗ്രത

സംസ്ഥാനത്ത് ഇപ്പോഴുളള രോഗികളിൽ പുറത്ത് നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നവരാണ് ഭൂരിഭാഗവും. എന്നാൽ കഴിഞ്ഞ 10 ദിവസത്തിനിടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 41 പേർക്കാണ്. 

covid cases in kerala an analysis from zero to 84
Author
Thiruvananthapuram, First Published May 29, 2020, 8:06 AM IST

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനൊപ്പം സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുന്നതും സംസ്ഥാനത്തിന് ഭീഷണിയാകുന്നു. ഈയാഴ്ച സംസ്ഥാനത്ത് രോഗത്തിന്‍റെ വളർച്ചാനിരക്ക് ഇരട്ടിക്കുന്നതിന്‍റെ തോത് ദേശീയ ശരാശരിയെക്കാൾ വേഗത്തിലായി എന്നതും ശരിയായ ജാഗ്രതയിലേക്ക് ഇനിയും സംസ്ഥാനം പോകേണ്ടതുണ്ട് എന്നതിന് ചൂണ്ടുപലകയാണ്. നിരീക്ഷണത്തിലുള്ള എല്ലാവരെയും വീട്ടിലേക്ക് തിരികെ അയക്കുന്നതിന് മുമ്പ് കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യവിദഗ്ധർ വീണ്ടും ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതിയുള്ള ടെസ്റ്റിംഗ് വീണ്ടും കൂട്ടണമെന്ന ആവശ്യം വീണ്ടും ഉയരുകയാണ്, കേരളത്തിൽ.

സംസ്ഥാനത്ത് ഇപ്പോഴുളള രോഗികളിൽ പുറത്ത് നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ കഴിയുന്നവരാണ് ഭൂരിഭാഗവും. എന്നാൽ കഴിഞ്ഞ 10 ദിവസത്തിനിടെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 41 പേർക്കാണ്. പ്രവാസികളു‍ടെ തിരിച്ചുവരവ് തുടങ്ങിയ ശേഷം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 11 പേരുടെ ഉറവിടം കണ്ടെത്താനുമായിട്ടില്ല. സമ്പർക്കത്തിലൂടെ രോഗികളുടെ എണ്ണം കൂടുന്നതും അപ്രതീക്ഷിതമായി പുതിയ രോഗികളെ കണ്ടെത്തുന്നതും ഒരുപോലെ വെല്ലുവിളിയാണ്. ആദ്യദിവസങ്ങളിൽ തിരിച്ചെത്തിയ പ്രവാസികൾ 14 ദിവസത്തെ നിരീക്ഷണകാലം പൂർത്തിയാക്കിയത് കഴിഞ്ഞ ആഴ്ചയാണ്. നാൽപതിനായിരത്തിലേറെ പേരാണ് ഇക്കൂട്ടത്തിലുളളത്. തിരിച്ചെത്തിയവരിൽ രോഗലക്ഷണങ്ങൾ ഉളളവരെ മാത്രമാണ് സംസ്ഥാനത്ത് പരിശോധനക്ക് വിധേയരാക്കിയത്. അതായത് പരിശോധന നടത്താതെയാണ് ഒട്ടുമുക്കാൽ പേരും വീടുകളിലേക്ക് മടങ്ങിയിട്ടുളളത്. നിരീക്ഷണത്തിലുളള എല്ലാവരെയും പരിശോധിക്കാതെ വീടുകളിലേക്ക് മടക്കി അയക്കുന്നത് സമ്പർക്കത്തിലൂടെയുള്ള രോഗം ഇനിയും കൂട്ടാനിടയാക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

കണക്കുകൾ ഇങ്ങനെ:

 

ദേശീയ തലത്തിൽ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് പതിനാല് ദിവസത്തിൽ ഒരിക്കലാണ്. എന്നാൽ കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം 666-ൽ നിന്ന് 1088-ലേക്ക് ഉയർന്നു. രോഗികളുടെ എണ്ണം ഇരട്ടിക്കാനെടുത്തത് 12-ൽ താഴെ ദിവസം മാത്രം. മെയ് പകുതി വരെ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന് 100 ദിവസം വരെയെടുത്ത സ്ഥാനത്താണ് ഇത് എന്നതും ശ്രദ്ധേയം.

Follow Us:
Download App:
  • android
  • ios