Asianet News MalayalamAsianet News Malayalam

Covid Kerala : കൊവിഡ് ക്ലസ്റ്ററിന് സമാനമായി സെക്രട്ടറിയേറ്റ്; പൊലീസിലും കെഎസ്ആർടിസിയിലും അതിതീവ്ര വ്യാപനം

.കൊവിഡ് പടർന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭാ​ഗിക നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാർ ജോലിക്കെത്തേണ്ടന്ന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറിയും അടച്ചു

covid cases raising in kerala; the spread of covid raising in secrateriet , ksrtc and police
Author
Thiruvananthapuram, First Published Jan 18, 2022, 10:55 AM IST

തിരുവനന്തപുരം: കൊവിഡ്(covid) വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലും കൊവിഡ് പടരുകയാണ്. കൊവി‍ഡ് ക്ലസ്റ്റർ (cluster)ആയി സെക്രട്ടറിയേറ്റ് മാറുമോ എന്നാണ് ആശങ്ക. ഇന്നലെ മാത്രം സെക്രട്ടറിയേറ്റിൽ 72 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ മന്ത്രി വി.ശിവൻകുട്ടിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി  ഉൾപ്പെടെ ഉള്ളവരുണ്ട്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തരൂർ എം.എൽ.എ. പി.പി. സുമോദിനും കൊവിഡ് സ്ഥിരീകരിച്ചു.കൊവിഡ് പടർന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭാ​ഗിക നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാർ ജോലിക്കെത്തേണ്ടന്ന് നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറിയും അടച്ചു. 

സെക്രട്ടറിയേറ്റിൽ ജോലി ക്രമീകരണം വേണമെന്ന് ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടർ സെക്രട്ടറി വരെയുള്ളർ ഓഫിസിൽ വരികയും മറ്റ് ജീവനക്കാരെ വർക്ക് ഫ്രം ഹോം ആക്കണമെന്നുമാണ് സംഘടനകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാരിലും, പൊലീസിലും കൂടുതൽ പേർക്ക് കൊവിഡ് പിടിപെട്ടിട്ടുണ്ട്. കെ എസ് ആർ ടി സിയിലെ കൂടുതൽ ജീവനക്കാർ കൊവിഡ് ബാധിതരായതോടെ സർവീസുകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. തിരുവനന്തപുരത്ത് മാത്രം കെ എസ് ആർ ടി സിയിലെ 80 ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് കെ എസ് ആർ ടി സി യിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. 
13 ഡ്രൈവർമാർക്കും 6 കണ്ടക്ടർമാർക്കും ഒരു ഓഫീസ് ജീവനക്കാരനും കൊവിഡ് പിടിപെട്ടു. 

ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും കൊവിഡ് പിടിപെട്ടു. എഡിജിപിയും എസ് പിയുെ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ 4 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അഡീഷണൽ എസ് ഐ, എ എസ് ഐ, രണ്ട് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർക്കാണ് രോഗം.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 7 ഡോക്ടർമാർ, 4 മെഡിക്കൽ വിദ്യാർഥികൾ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ആശുപത്രിയിലെ കൊവിഡ് വാർഡ് രോഗികളാൽ നിറഞ്ഞു.തിരുവനന്തപുരം ജനറൽ ആശുപത്രിയിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. 10 ഡോക്ടർമാർ ഉൾപ്പടെ 17 പേർക്ക് കൊവിഡ് കണ്ടെത്തി. ഇവിടെ ഡെന്റൽ, ഇ. എൻ.ടി വിഭാ​​ഗങ്ങൾ താൽകാലികമായി അടച്ചു

കോവിഡ് ഡ്യൂട്ടിയിൽ ആയിരിക്കെ കൊവിഡ് ബാധിച്ച വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസർ സരിത (52)മരിച്ചു.‌കല്ലറയിലെ പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തിൽ ഡ്യൂട്ടിയിൽ ആയിരുന്നു ഇവർ . ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളത്തും സ്ഥിതി രൂക്ഷമാണ്.ജില്ലയിൽ 22 കൊവിഡ് ക്ലസ്റ്ററുകൾ ആണുള്ളത്. 11 ക്ലസ്റ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്. അഞ്ച് സിഎഫ്എൽടികൾ അടിയന്തിരമായി തുറക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനും നടപടി എടുത്തിട്ടുണ്ട്. ആലപ്പുഴയിലും കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധന ഉണ്ട്. അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലസ്റ്റർ ആയി. ഇന്നു മുതൽ സിഎഫ്എൽടികൾ തുറക്കും

10 ദിവസം കൊണ്ട് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കൊവിഡ്കേസുകളിൽ ‌ഏകദേശം 60161 വർധനയാണ് ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ടാഴ്ചയിൽ കൂടുതൽ രോ​ഗികൾ ഉണ്ടായേക്കാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

രോ​ഗികളുടെ എണ്ണം കൂടുന്നതിനൊപ്പം കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണവും ഓക്സിജൻ , വെന്റിലേറ്റർ ആവശ്യവും കൂടിയാൽ സംസ്ഥാനത്തിനത് തിരിച്ചടിയാകും. നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാകുന്ന സാഹചര്യവും ഉണ്ടാകും

Follow Us:
Download App:
  • android
  • ios