ദുബായ്: ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസുമാണ് ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 46 വര്‍ഷമായി ദുബായി പോലീസിലെ മെക്കാനിക്കല്‍ മെയ്ന്‍റനന്‍സ് വിഭാഗം ജീവനക്കാരാനയാരുന്നു ഷംസുദ്ദീന്‍. ജേക്കബ് തോമസ് 20വര്‍ഷമായി പ്രവാസിയാണ്.  ഇതോടെ യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി. 

ഗള്‍ഫിലാകെ 220 പേരാണ് ഇതുവരെ കൊവിഡ് രോഗം മൂലം മരിച്ചത്. വൈറസ് ബാധിതരുടെ എണ്ണം 36,633 ആയി. അതേസമയം ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിമാനടിക്കറ്റ് റീ ഫണ്ട് മുഴുവന്‍ തുക തിരിച്ചു നല്‍കാന്‍ വിമാനകമ്പനികളോട് ആവശ്യപ്പെടും, കൊവിഡ് കാലത്ത് ബുക്ക് ചെയ്തവര്‍ക്ക് മാത്രം റീഫണ്ടെന്ന വ്യവസ്ഥമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദുബായിലേര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവേര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതല്‍ രാത്രി പത്തുമണിവരെ ദുബായില്‍ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ ഇനി പ്രത്യേക അനുമതി ആവശ്യമില്ല. റമദാന്‍ മാസത്തെ ജനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഇളവെന്ന് അധികൃതര്‍ അറിയിച്ചു. 

എന്നാല്‍ രാത്രികാല നിയന്ത്രണങ്ങള്‍ തുടരും. ഫെയ്സ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 1000 ദിര്‍ഹം പിഴയിടീക്കും, ഷോപ്പിംഗ് മാളുകള്‍ക്കും വാണിജ്യസ്ഥാപനങ്ങളും ഉച്ചയ്ക്ക് 12 മുതല്‍ രാത്രി പത്തുണിവരെ പ്രവര്‍ത്തിക്കാമെന്നും  ദുബായ് ആരോഗ്യവകുപ്പും ദേശീയ ദുരന്ത നിവാരണ സമിതിയും പുറത്തിറക്കിയ  മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.