കോട്ടയം: കോട്ടയത്ത് സമ്പർക്ക രോഗികൾ കൂടുന്നു. ഓട്ടോ ഡ്രൈവറിൽ നിന്ന് മാത്രം 15 പേർക്ക് രോഗം പടർന്ന പാറത്തോട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ കൊവിഡ് ക്ലസ്റ്ററായി. ഈ മേഖലയിൽ 50 പേർക്ക് ഇന്ന് ആൻറിജൻ പരിശോധന നടത്തും. പരിശോധനാഫലം ഇന്ന് തന്നെ ലഭിക്കുമെന്നും പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലയിലെ രോഗബാധ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 25 പേരിൽ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര്‍ പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നിന്നുള്ളവരാണ് എന്നതാണ് ശ്രദ്ധേയം. ഇക്കഴിഞ്ഞ ആറാം തിയതിയാണ് പാറത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുമ്പ് ഇയാള്‍ മരിക്കുകയും ചെയ്തു. മരണത്തിന് ശേഷമെടുത്ത സാമ്പിള്‍ നെഗറ്റീവ് ആയതിനാല്‍ ഇദ്ദേഹം പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഇയാളില്‍ നിന്ന് നിരവധി പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

കോട്ടയത്ത് സ്ഥിതി അതീവഗുരുതരമായ സാഹചര്യത്തിൽ പൊതുവാഹനങ്ങളിൽ ഡ്രൈവർ ക്യാബിൻ അക്രിലിക് ഷീറ്റ് ഉപയോഗിച്ച് വേർതിരിക്കണമെന്ന് കോട്ടയം ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഓട്ടോറിക്ഷാ, ടാക്സി, ബസ്സുകൾ എന്നിവയിൽ ഇത്തരം സംവിധാനം ഉപയോഗിച്ചാലേ നിരത്തിലിറങ്ങാൻ അനുവദിക്കൂ എന്നും ജില്ലാ കളക്ടർ അറിയിച്ചു. 

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്‍റ് സോണുകൾ: പാറത്തോട് പഞ്ചായത്തിലെ 7, 8, 9 വാർഡുകൾ കണ്ടെയ്ൻ്റ്മെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. ചിറക്കടവ് പഞ്ചായത്ത് 4,5 വാർഡുകൾ, മണർകാട് 8, അയ്മനം 6, കടുത്തുരുത്തി 16, ഉദയനാപുരം 16, തലയോലപ്പറമ്പ് 4.