പാലക്കാട്: പട്ടാമ്പിയിലെ കൊവിഡ് വ്യാപനം അപകടകരമായ സാഹചര്യത്തില്ലെന്ന് മന്ത്രി എ.കെ.ബാലൻ. പട്ടാമ്പിയിലെ കൊവിഡ് വ്യാപനം ക്ലസ്റ്ററായി മാറിയിട്ടുണ്ട്.  ഭയാനക സാഹചര്യമാണ് അവിടെ നിലവിലുള്ളത്. ഇവിടെ അനുബന്ധ ക്ലസ്റ്ററുകൾക്കും സാധ്യതയുണ്ട്. 

പട്ടാമ്പിയിൽ സമൂഹവ്യാപനത്തിനുള്ള സാധ്യതയുള്ളതിനാൽ പട്ടാമ്പി താലൂക്കിലും നെല്ലായ ​ഗ്രാമപഞ്ചായത്തിലും നാളെ മുതൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായി മന്ത്രി എകെ ബാലൻ അറിയിച്ചു. മേഖലയിൽ കൂടുതൽ റാപ്പിഡ് ടെസ്റ്റ് നടത്തി സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങൾ ഏ‍ർപ്പെടുത്തും.

മത്സ്യമാ‍ർക്കറ്റുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് രോ​ഗം വ്യാപിക്കാതിരിക്കാൻ കടുത്ത നിയന്ത്രണമുണ്ടാവും. പൊലീസ്, ഫയ‍ർഫോഴ്സ്, ആശുപത്രി അവശ്യസേവനങ്ങൾ എന്നിവ മാത്രമേ ഇവിടെ അനുവദിക്കൂ. പ്രദേശത്ത് പൊതു​ഗതാ​ഗതം അനുവദിക്കില്ല. കൊവിഡ് വൈറസിൻ്റെ സൂപ്പർ സ്പ്രഡോ, സാമൂഹിക വ്യാപനമോ തടയാനായി ക‍ർശന ജാ​ഗ്രതയും നിയന്ത്രണവും വേണ്ടി വരുമെന്നും ഇതിനായി കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. 

പാലക്കാട് പട്ടാമ്പി ക്ലസ്റ്ററിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 81 പേർക്കാണ്. ഇതിൽ 67 പേർക്കും ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിൽ നിലവിൽ 338  കേസുകളാണ് ഉള്ളത്. രണ്ട് ഇടങ്ങളിലായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ഫെസിലിറ്റി ഒരുക്കിയിട്ടുണ്ട്. 

കഞ്ചിക്കോട് കിൻഫ്രയിൽ 1000 ബെഡ് സൗകര്യം ഉടൻ പൂ‍ത്തിയാകും. പെരിങ്ങോട്ട്കുറിശ്ശി മോഡൽ റസിഡൻഷ്യൽ സ്കൂൾ 500 ബെഡുകൾ സജ്ജമാണ്. പട്ടാമ്പി ഗവ.കോളേജ് ഹോസ്റ്റലിൽ 1000 പേർക്കുളള സൗകര്യം ഒരുങ്ങുന്നുണ്ട്. 

നിലവിൽ പാലക്കാട് മെഡി. കോളേജ്, ജില്ല ആശുപത്രി, ചെർപ്ലശ്ശേരി കേരള  മെഡി. കോളേജ് എന്നിവിടങ്ങളിലാണ് കൊവിഡ് ചികിത്സക്കുളള സൗകര്യമുളളത്. ഓരോയിടത്തും പരമാവധി 250 പേരെ ഉൾക്കൊളളാൻ ശേഷിയുണ്ട്.  രോഗമുക്തി കഴിഞ്ഞ ദിവസങ്ങളിൽ കൂടുതലുളളതിനാൽ ചികിത്സ കേന്ദ്രങ്ങളിൽ ആശങ്കയില്ല.