Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്; മൂവരും തമിഴ്നാട്ടില്‍ നിന്നെത്തിയവര്‍

രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മൂന്നാറിലെ നിരീക്ഷണ കേന്ദ്രത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ പതിനാറാം തീയതിയാണ് ഇവര്‍ തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും ടാക്‌സി പിടിച്ച് മൂന്നാറിലെത്തിയത്. 

covid confirmed  three members of a family in Munnar
Author
Munnar, First Published May 30, 2020, 6:20 PM IST

ഇടുക്കി: മൂന്നാറിന്റെ നെഞ്ചിടിപ്പ് കൂട്ടി ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ 61, 66, 24 എന്നിങ്ങനെ പ്രായമുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു കുടുംബത്തിലെ അംഗങ്ങളായ മൂന്നു പേരും മൂന്നാര്‍ കോളനിയിലെ ഒരു ലോഡ്ജില്‍ നിരീക്ഷണത്തിലായിരുന്നു. 

രോഗം സ്ഥിരീകരിച്ചതോടെ ഇവരെ മൂന്നാറിലെ നിരീക്ഷണ കേന്ദ്രത്തിലാക്കിയിട്ടുണ്ട്. കഴിഞ്ഞ പതിനാറാം തീയതിയാണ് ഇവര്‍ തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും ടാക്‌സി പിടിച്ച് മൂന്നാറിലെത്തിയത്. പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഇവരെ കോളനിയിലെ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. ബന്ധുക്കളായതിനാല്‍ മൂന്നു പേരെയും ഒരുമിച്ചായിരുന്നു നിരീക്ഷണത്തിലാക്കിയിരുന്നത്. ബന്ധുക്കള്‍ ഇവര്‍ക്ക് ഭക്ഷണം പുറത്തുനിന്ന് എത്തിച്ചു കൊടുക്കുകയും ചെയ്തു. 

കൊവിഡിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ജലദോഷം, പനി എന്നീ രോഗങ്ങള്‍ പിടിപെട്ടതോടെ ഇവരുടെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുത്തവരെയും നീരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഭക്ഷണം എത്തിച്ചു നല്‍കിയവരെ കൂടാതെ രോഗബാധിതര്‍ മറ്റുള്ളവരുമായി അധികം സമ്പര്‍ക്കം പുലര്‍ത്താത്തത് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. മൂന്നാറിലെ ഐസലേഷന്‍ വാര്‍ഡായ ശിക്ഷാ സദനില്‍ 39 പേരും ദേവികളും പഞ്ചായത്തില്‍ 30 പേരുമാണ് നിരീക്ഷണത്തിലുള്ളത്. 

ഇതിനു പുറമേ മൂന്നാര്‍ പഞ്ചായത്തില്‍ മാത്രം 137 പേര്‍ വീടികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ദേവികുളം പഞ്ചായത്തില്‍ 78 പേരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. മൂന്നു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ മൂന്നാറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ആദ്യം രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനുള്‍പ്പെടെ മറ്റു മൂന്നു പേരുടെയും രോഗം ഭേദപ്പെട്ടിരുന്നു.

Follow Us:
Download App:
  • android
  • ios