കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി ഗൈനക്കോളജി വിഭാഗം താൽക്കാലികമായി അടച്ചു. സിസേറിയന് വിധേയയായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചിടൽ. കാഷ്വാലിറ്റി ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ കാഷ്വാലിറ്റിയിൽ പുനക്രമീകരണം നടത്തും. 

അതുവരെ ഇവിടെ നൽകുന്ന ചികിത്സകൾ വിക്ടോറിയ, കുണ്ടറ ആശുപത്രികളിലേക്ക് മാറ്റും. കാഷ്വാലിറ്റി അണുവിമുക്തമാക്കും വരെ ആശുപത്രിയുടെ പ്രവ‍ർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുമെന്നും കൊല്ലം ഡിഎംഒ അറിയിച്ചു.

ആലപ്പാട് ആശുപത്രിയിലെ  ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അണുനശീകരണത്തിനായി ആശുപത്രി അടച്ചു. മൈനാഗപ്പള്ളി പ്രാഥമിക ആരോ​ഗ്യകേന്ദ്രത്തിലെ  ജീവനക്കാരെ വച്ച് നാളെ മുതൽ ആശുപത്രി പ്രവർത്തിക്കും. ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്നും ഹൈ റിസ്ക്ക് വിഭാഗത്തിലുള്ളവരെ 14 ദിവസം ക്വാറൻന്റൈനിൽ ആക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.