കൊല്ലം: കൊവിഡ് വ്യാപനം സംസ്ഥാനത്തെ ബാങ്കിംഗ് മേഖലയില്‍ ഉണ്ടാക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ട്. ദേശസാല്‍കൃത ബാങ്കുകളുടെ ശാഖകള്‍ പോലും അടച്ചിടേണ്ട അവസ്ഥയാണ് നിലവില്‍ ഉള്ളത്. ബാങ്കിങ്ങ് സമയം പുനക്രമീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.

600ല്‍ അധികം ബാങ്ക് ജീവനകാര്‍ക്ക് ഇത് വരെ കൊവിഡ് ബാധിച്ചുവെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ കണക്ക്. രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ജീവനും നഷ്ടമായി. 6500 ബാങ്ക് ശാഖകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. 40,000ത്തിലധികം ജീവനക്കാരും. കൊവിഡ് രോഗംപടരുന്ന സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഉള്‍പ്പടെ പുനക്രമീകരണം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. 

ബാങ്കിങ്ങ് സമയം രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ ആക്കണം. ബാങ്കുകളില്‍ ജീവനക്കാരുടെ ഏണ്ണം 50 ശതമാനമായി കുറയ്ക്കണം. മുഴവന്‍ ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പിടിപെട്ടാല്‍ ശാഖകള്‍ അടച്ച് പൂട്ടേണ്ട അവസ്ഥയാണ് ഇന്ന് ഉള്ളതെന്നും സംഘടനാ പ്രതിനിധികള്‍ പറയുന്നു.

ഗര്‍ഭിണികളായ ഉദ്യോഗസ്ഥര്‍ അംഗപരിമതിര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി സ്പഷ്യല്‍ ലീവ് അനുവദിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഫീല്‍ഡ് ഇന്‍സ്പെക്ഷന്‍ കൊവിഡ് രോഗബാധ കഴിയുന്നത് വരെ ഒഴിവാക്കണം. ഇടപാടുകള്‍ ഓൺലൈനാക്കിയാല്‍ ഒരുപരിധിവരെ പ്രശ്ന പരിഹാരമാകും. നോട്ടുകള്‍ അണുവിമുക്തമാക്കാന്‍ ശാഖകളില്‍ സംവിധാനങ്ങള്‍ ഇല്ലെന്നും സംഘടന പ്രവര്‍ത്തകര്‍ 
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.