കാസർകോട്: കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ എട്ട് പേർക്ക് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ഇന്ന് ആരെയും ഡിസചാർജ് ചെയ്യില്ല. ചികിത്സയിലുള്ള ബന്ധുക്കളിൽ ചിലർക്ക് മാത്രമാണ് രോഗം ഭേദമായത്. എല്ലാവർക്കും നെഗറ്റീവായതിന് ശേഷം ഒരുമിച്ച് ആശുപത്രി വിട്ടാൽമതിയെന്ന് ചികിത്സയിലുള്ളവർ തന്നെ ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഡിസചാർജ് മാറ്റിവച്ചത്. 

അതേസമയം, കാസർകോട് ജില്ലയിൽ കൊവിഡ് ഭേദമായ കൂടുതൽ പേർ ഇന്ന് ആശുപത്രി വിടും. മൂപ്പത് പേരാണ് ഇന്ന് ആശുപത്രി വിടുക. കാസർകോട് ജനറൽ ആശുപത്രിയിൽ മാത്രം 26 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. മെഡിക്കൽ ബോർഡിന്റെ അനുമതിക്ക് ശേഷം ഇവരെ വീടുകളിലേക്ക് അയക്കും. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലുള്ളവരിൽ ചിലരും ഇന്ന് വീടുകളിലേക്ക് മടങ്ങും.