തിരുവനന്തപുരം കോര്‍പ്പറേഷനിൽ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ജനങ്ങളുടെ അഭിപ്രായം അനുസരിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണൻ. കണ്ണമൂല വാര്‍ഡിൽ നിന്നാണ് രാധാകൃഷ്ണന്‍റെ വിജയം.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് അകലെ 50 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിൽ സ്വതന്ത്രരുടെ പിന്തുണയും നിര്‍ണായകമാകും. രണ്ടു സ്വതന്ത്രരാണ് തിരുവനന്തപുരം കോര്‍പ്പറേഷനിൽ വിജയിച്ചത്. കണ്ണമൂല വാര്‍ഡിൽ നിന്ന് പാറ്റൂര്‍ രാധാകൃഷ്ണനും പൗഡ് കടവ് വാര്‍ഡിൽ നിന്ന് സുധീഷ് കുമാറുമാണ് സ്വതന്ത്രരായി വിജയിച്ചത്. പിന്തുണയ്ക്കുന്ന കാര്യത്തിൽ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് പാറ്റൂര്‍ രാധാകൃഷ്ണൻ വ്യക്തമാക്കി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ മത്സരിക്കാമോയെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അതിന് തയ്യാറെന്ന് പറഞ്ഞാണ് എട്ടു മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും പാറ്റൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ ജനങ്ങള്‍ തന്നെ വിജയിപ്പിക്കുകയായിരുന്നു. ആളുകളുടെ കാര്യങ്ങളിലും വികസനത്തിലുമാണ് താത്പര്യം. 

മറ്റുകാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ഡിലുടനീളം സഞ്ചരിച്ച് ജനങ്ങളെ കണ്ട് അവരുടെ അഭിപ്രായം തേടിയശേഷമായിരിക്കും ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. സ്വതന്ത്രര്‍ ബിജെപിയാണോ അതോ എൽഡിഎഫിനെയാണോ പിന്തുണക്കുകയെന്ന ചര്‍ച്ച നടക്കുന്നുണ്ട്. വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് പൊതുവിൽ രൂപപ്പെടുന്ന അഭിപ്രായത്തിനായിരിക്കും ഇക്കാര്യത്തിൽ മുൻഗണന നൽകുക. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും തന്‍റെ വ്യക്തിപരമായ തീരുമാനത്തിന് പ്രസക്തിയില്ലെന്നും പാറ്റൂര്‍ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭരണവിരുദ്ധ വികാരം സ്വഭാവികമായും ഉണ്ടായിട്ടുണ്ടാകുമെന്നും കോര്‍പ്പറേഷൻ ഭരണത്തിലെ വൻ വീഴ്ചകളെല്ലാം ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്നും പാറ്റൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. ഏഴു സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനുണ്ടായ കണ്ണമൂല വാര്‍ഡിലാണ് 1215 വോട്ടുകള്‍ നേടി പാറ്റൂര്‍ രാധാകൃഷ്ണൻ വിജയിച്ചത്. എൽഡിഎഫിന്‍റെ അഡ്വ. ആര്‍ സതീഷ്കുമാറിന് 853 വോട്ടുകളോടെ രണ്ടാമതാണ് എത്താനായത്. 

ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി അജിത് നാലാമതാണ്. 362 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണന്‍റെ വിജയം. നാല് അപരന്മാര്‍ പാറ്റൂർ രാധാകൃഷ്ണനെതിരെ നിന്നിരുന്നതെങ്കിലും നാല് പേർക്കും കൂടി 66 വോട്ടുകൾ മാത്രമാണ് നേടാനായത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ അന്ന് തന്നെ പ്രചാരണവും തുടങ്ങിയ രാധാകൃഷ്ണൻ തിരുവനന്തപുരം പ്രസ് ക്ലബിലെ മുൻ ഭാരവാഹികൂടിയാണ്. രാധാകൃഷ്ണന് പുറമെ പൗഡ് കടവ് വാര്‍ഡിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സുധീഷ് കുമാര്‍ ആണ് വിജയിച്ചത്. 2250 വോട്ടുകള്‍ നേടിയാണ് സുധീഷ് കുമാറിന്‍റെ വിജയം. സിപിഎമ്മിന്‍റെ രാജുവിനെയാണ് പരാജയപ്പെടുത്തിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ബിജെപി 50 സീറ്റുകള്‍ നേടി ഭരണം ഉറപ്പിച്ചപ്പോള്‍ എൽഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച വിഴിഞ്ഞം വാര്‍ഡിലെ തെരഞ്ഞെടുപ്പും പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാകും.

YouTube video player