കണ്ണൂർ തളിപറമ്പ കീഴാറ്റൂർ സ്വദേശി യശോദ (84), ആലപ്പുഴ എടത്വാ പച്ച പാലപ്പറമ്പില്‍ ഔസേഫ് വര്‍ഗ്ഗീസ് (72) എന്നിവരാണ് മരിച്ചത്.  

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർ കൂടി മരിച്ചു. കണ്ണൂർ തളിപറമ്പ കീഴാറ്റൂർ സ്വദേശി യശോദ (84), ആലപ്പുഴ എടത്വാ പച്ച പാലപ്പറമ്പില്‍ ഔസേഫ് വര്‍ഗ്ഗീസ് (72) എന്നിവരാണ് മരിച്ചത്. 

കൊവിഡ് ന്യുമോണിയ ബാധിച്ചാണ് യശോദ മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു . തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ നിന്ന് ഈ മാസം25 നാണ് ഇവരെ പരിയാരത്തേക്ക് മാറ്റിയത്. ആൻറിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്രവം വിശദ പരിശോധനക്ക് ആലപ്പുഴയിലേക്ക് അയച്ചു.

മുന്‍പഞ്ചായത്ത് അംഗമായ ഔസേഫ് വര്‍ഗ്ഗീസ് (72) അർബുദ ബാധിതനായിരുന്നു. അര്‍ബുദത്തിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ അർധരാത്രിയോടെ ആണ് മരണം സംഭവിച്ചത്.

ഇന്ന് മൂന്ന് കൊവിഡ് മരണം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. 

ആലപ്പുഴയിൽ ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്‌മോന്‍ (64) ആണ് മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ജയ്മോന് രോഗം ബാധിച്ചത്. ശ്വാസ തടസമടക്കമുള്ള അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മരണം.

പത്തനംതിട്ടയിൽ വാഴമുട്ടം സ്വദേശി കരുണാകരൻ (67) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുണാകരൻ കരൾ രോഗ ബാധിതനുമായിരുന്നു.

ഇടുക്കിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരൻ (80) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.