തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം മൂന്ന് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. 

ആലപ്പുഴയിൽ ചെങ്ങന്നൂര്‍ കല്ലിശ്ശേരി അറേപ്പുറത്ത് ജയ്‌മോന്‍ (64) ആണ് മരിച്ചത്. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ജയ്മോന് രോഗം ബാധിച്ചത്. ശ്വാസ തടസമടക്കള്ള  അസുഖങ്ങൾക്ക് വർഷങ്ങളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു മരണം.

പത്തനംതിട്ടയിൽ വാഴമുട്ടം സ്വദേശി കരുണാകരൻ (67) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കരുണാകരൻ കരൾ രോഗ ബാധിതനുമായിരുന്നു.

ഇടുക്കിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാമാക്ഷി സ്വദേശി ദാമോദരൻ (80) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ പരിശോധനയിലാണ്  ഇദ്ദേഹത്തിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.