തൃശൂർ: കൊവിഡ് ബാധിച്ച് മരിച്ച തൃശ്ശൂർ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റെ മൃതദേഹം സംസ്‌കരിച്ചു. വാടാനപള്ളി പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്. ഞായറാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. മെഡിക്കൽ കോളേജിലെ പരിശോധനയിൽ പോസിറ്റീവ് ആയെങ്കിലും സർകാർ വീണ്ടും പരിശോധന നടത്തി. രണ്ടാമത്തെ ഫലവും പോസിറ്റീവായി.

ജൂൺ ഏഴിനായിരുന്നു ശ്വാസ തടസത്തെ തുടർന്ന് ഇദ്ദേഹം മരിച്ചത്. മരണശേഷമാണ് കൊവിഡ് രോഗമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. 87 വയസായിരുന്നു. ആദ്യ സ്രവ പരിശോധന ഫലം വന്ന ദിവസം രാത്രിയിലാണ് ഇദ്ദേഹം മരിച്ചത്. 

എന്നാൽ തൊട്ടടുത്ത ദിവസം വന്ന കണക്കുകളില്‍ കുമാരന്‍റേത് കൊവിഡ് മരണമായി ഉള്‍പ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വീണ്ടും സ്രവ പരിശോധന നടത്തി അതും പോസിറ്റീവാണെന്ന് ഉറപ്പായതോടെയാണ് കൊവിഡ് മരണമായി രേഖപ്പെടുത്തിയത്. കുമാരന് രോഗബാധ ഉണ്ടായ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.