വഴികളെല്ലാം അടഞ്ഞ അബ്ബാസിന്റെ ഏക പ്രതീക്ഷ സഹോദരന്റെ ലൈഫ് ഇൻഷുറൻസ് തുകയിലാണ്

പാലക്കാട്: കൊവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനാവാതെ പാലക്കാട്ടെ കുടുംബം. വീടും സ്ഥലവും ജപ്തി ഭീഷണിയിലായതോടെ എന്ത് ചെയ്യുമെന്ന് അറിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് പാലക്കാട് മുതലമട സ്വദേശി അബ്ബാസ്. സഹോദരനുമായി ചേർന്ന് നടത്തിയിരുന്ന കച്ചവടം കൊവിഡ് കാലത്ത് നിർത്തേണ്ടി വന്നതോടെയാണ് ഈ കുടുംബം സാമ്പത്തിക തകർച്ചയിലേക്കും വൻ കടബാധ്യതയിലേക്കും വീണത്.

പ്രാദേശികമായും തമിഴ്നാട്ടിൽ നിന്നും ആയുർവേദ മരുന്നുകൾ സംഭരിച്ചു വിതരണം ചെയ്യുകയായിരുന്നു അബ്ബാസും സഹോദരനും. കച്ചവടം വിപുലപ്പെടുത്താൻ ഒന്നര കോടി രൂപ ബാങ്കിൽ നിന്ന് കടമെടുത്തിരുന്നു. എന്നാൽ കൊവിഡ് പടർന്നു പിടിച്ചതോടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. കച്ചവടം തകർന്ന് വായ്പാ തിരിച്ചടവും മുടങ്ങി. ഇതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അബ്ബാസിന്റെ സഹോദരൻ ഷെയ്ഖ് മുസ്തഫ മരിക്കുകയും ചെയ്തു.

ഇതോടെയാണ് അബ്ബാസിന്റെ മേലായി ഒന്നര കോടി രൂപയുടെ കടബാധ്യത. സഹോദരന്റെ രണ്ട് പെൺമക്കളടങ്ങിയ കുടുംബത്തെയും ഇപ്പോൾ വളർത്തുന്നത് അബ്ബാസാണ്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഏതു നിമിഷവും വീടും പറമ്പും ജപ്തിയിലാകുമെന്ന സ്ഥിതിയാണ്. വഴികളെല്ലാം അടഞ്ഞ അബ്ബാസിന്റെ ഏക പ്രതീക്ഷ സഹോദരന്റെ ലൈഫ് ഇൻഷുറൻസ് തുകയിലാണ്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ അത് മുടങ്ങി കിടക്കുകയാണ്. കടങ്ങളെല്ലാം വീട്ടി എങ്ങനെ ഒരു പുതിയ ജീവിതം തുടങ്ങുമെന്ന് യാതൊരു പിടിയുമില്ലെന്ന് അബ്ബാസ് പറയുന്നു.