Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ്; 2225 പേര്‍ക്ക് രോഗമുക്തി, ആറ് മരണം

തിരുവനന്തപുരം ജില്ലയില്‍ രോഗം ശക്തമായി പടരുകയാണ്. ഇന്ന് 408 പേരാണ് തലസ്ഥാനത്ത് രോഗ ബാധിതരായത്. അതിൽ തന്നെ 49 പേരുടെ ഉറവിടം വ്യക്തമല്ല. 

covid details of kerala by pinarayi vijayan
Author
trivandrum, First Published Aug 29, 2020, 6:02 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കൊവിഡ്. ഇതില്‍ 2137  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 2225 പേരാണ്. അതേസമയം ഇന്ന് ആറ് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ രോഗം ശക്തമായി പടരുകയാണ്. ഇന്ന് 408 പേരാണ് തലസ്ഥാനത്ത് രോഗ ബാധിതരായത്. അതിൽ തന്നെ 49 പേരുടെ ഉറവിടം വ്യക്തമല്ല. മലപ്പുറം,തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഇന്ന് ഇരുനൂറിലേറെ കൊവിഡ് കേസുകളാണ് ഉള്ളത്. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കഴിഞ്ഞ 24 മണിക്കൂറിൽ ആകെ പരിശോധന 34988 ആയി. സംസ്ഥാനത്ത് ആകെ 23277 കൊവിഡ് ആക്ടീവ് കേസുകളാണ് ഉള്ളത്. ഇന്നലെ വരെ പുറത്തു നിന്നും 869655 പേർ കേരളത്തിലേക്ക് എത്തി. അതിൽ 332582 പേർ വിദേശത്ത് നിന്നും 537000 പേരിൽ  62 ശതമാനം പേരും കൊവിഡ് റെഡ് സോണ് ജില്ലകളിൽ നിന്നുമാണ് എത്തിയത്. ഓണക്കാലം കൂടിയായതോടെ ആളുകളുടെ വരവ് വർധിച്ചു. സമ്പർക്കവ്യാപനം കൂടിയ സാഹചര്യമാണ് കേരളത്തിലുള്ളത്. ഏതൊരു പകർച്ച വ്യാധിയുടേയും സ്വാഭവികഘട്ടമാണിത്.

പലവട്ടം പറഞ്ഞ പോലെ ഇന്ത്യയിൽ തന്നെ ഏറ്റവും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത പ്രദേശവും കൊവിഡ് വ്യാപനത്തിന് അനവധി അനുകൂലഘടകങ്ങൾ നിലനിൽക്കുന്ന സംസ്ഥാനവും ആണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ മെയ്, ജൂണ് മാസങ്ങളിൽ 90 ശതമാനം കേസുകളും സമ്പർക്കം വഴിയായിരുന്നു. എന്നാൽ ഇപ്പോഴാണ് കേരളത്തിൽ ആ അവസ്ഥയുണ്ടായത്. കുത്തനെ കൂടുന്നതിന് പകരം ക്രമാനുഗതമായാണ് കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്. 

നാം കാണിച്ച മുൻകരുതൽ, ജാഗ്രത അതിൻ്റെയെല്ലാം ഫലമാണിത്. സമ്പർക്കം വഴി കൂടുതൽ പേരിലേക്ക് രോഗം പടരുന്ന സഹാചര്യത്തിലേക്ക് നാമെത്തി. ഇവിടെ നാം കാണിക്കുന്നത് രോഗികളുടെ എണ്ണം പെട്ടെന്ന് കൂടാതിരിക്കാനുള്ള  ജാഗ്രതായണ്. രോഗികളുടെ എണ്ണം വല്ലാതെ കൂടിയാൽ മരണസംഖ്യയും വല്ലാതെ കൂടാം. നമ്മുടെ ആരോഗ്യ സംവിധാനത്തിന് കൈകാര്യം ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ടാവും.അതുണ്ടാവാന്‍ പാടില്ല.

രോഗം വരാതെ എല്ലാവരും ശ്രദ്ധിച്ചേ മതിയാവു.അസാധാരണമായ ഒരുലോകസാഹചര്യം. ആ ഘട്ടത്തിലാണ് തിരുവോണം എത്തുന്നത്. അതിനാൽ തന്നെ അസാധാരണമാം വിധം മ്ലാനമായ അന്തരീക്ഷത്തെ മുറിച്ചു കടക്കാൻ നമ്മുക്ക് കഴിയും എന്ന പ്രത്യാശ പടർത്തി കൊണ്ടാവാണം ഇക്കുറി ഓണാഘോഷണം. ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂലസാഹചര്യത്തിനും അപ്പുറം അനുകൂലമായ ഒരു കാലമുണ്ടെന്ന പ്രതീക്ഷ ഭാവിയെ കൂടി പ്രസക്തമാക്കുന്ന സങ്കൽപമാണ്. മാനുഷരെല്ലാം ഒന്നിച്ചുണ്ടായിരുന്ന കാലം പണ്ട് ഉണ്ടായിരുന്നുവെന്ന് ഓണം നമ്മെ പഠിപ്പിക്കുന്നു.

എല്ലാ മനുഷ്യരും ഒരുമയിലും സ്നേഹത്തിലും സമൃദ്ധിയിലും കഴിയുന്ന കാലം ഉണ്ടാവും എന്ന പ്രതീക്ഷയിൽ പ്രയത്നിക്കുന്ന എല്ലാവർക്കും ഊർജ്ജം നൽകുന്നതാണ് ആ സങ്കൽപം. ഓണത്തിന് ഒന്നിച്ചിരുന്ന് ഉണ്ണുന്നതും ഓണത്തിന് ഒത്തുകൂടുന്നതും മലയാളിയുടെ ശീലമാണ്. ലോകത്തെവിടെ നിന്നും ഓണത്തിന് വീട്ടിലെത്തുന്നതാണ് മലയാളിയുടെ ശീലം.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കും പ്രയാസങ്ങൾക്കും ഇടയിൽ ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാൻ സർക്കാരിനായി. എല്ലാ വേർതിരിവുകൾക്കും അതീതരായി എല്ലാവരും ഒന്നിച്ചു കഴിയുന്ന നല്ല നാളേയ്ക്കുള്ള പ്രചോദനമാകട്ടെ ഓണം. കൊവിഡ് പരിമിതികൾക്കുള്ളിൽ നിന്നും നമ്മുക്ക് ഓണം ആഘോഷിക്കാം. എല്ലാ മലയാളികൾക്കും ഓണാശംസകൾ. 

എല്ലാ മുൻകരുതലോടെയും വേണം ഓണം ആഘോഷിക്കാൻ. കൊവിഡ് വൈറസ് വ്യാപനത്തിന് ഇടനൽകുന്ന ഒരു കാര്യവും ആരും ചെയ്യരുത്. സമൂഹസദ്യയും പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവ് വേണ്ടെന്ന് വയ്ക്കണം. റിവേഴ്സ് ക്വാറന്‍റീനില്‍ കഴിയുന്ന വൃദ്ധരെ സന്ദർശിക്കരുത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം കാണാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കുക.

നാളെ ഉത്രാടമാണ്. കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിംഗിനായി പോകുക. പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യാനും മാസ്ക് ധരിക്കാനും തയ്യാറാവണം. നേരത്തെ കടകളിൽ തിരക്ക് കൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന പതിവ് കടയുടമകൾ കാണിക്കാറുണ്ട്. ഇക്കുറി എവിടെയും നിയന്ത്രണവിധേയമായി മാത്രമേ ആളുകളെ കടയിൽ കയറ്റാവു എന്ന് നിർദേശിച്ചിട്ടുണ്ട്. പഴയ പോലെ ഷട്ടർ അടച്ചിടാനും പാടില്ല. അതിലൂടെ വായുസഞ്ചാരം കുറയും, രോഗവ്യാപനം ഉണ്ടാവും.

ഫോണിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാനും വീട്ടിൽ ഡെലിവറി ചെയ്യാനും സൗകര്യം ഉള്ളവർ ആ സാധ്യത ഉപയോഗിക്കണം. വിളിച്ച് അന്വേഷിക്കാൻ പറ്റുന്ന കടകളിൽ തിരക്കുണ്ടോ എന്ന് അന്വേഷിച്ച ശേഷം പോകുക. തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് കടകളുടെ പ്രവർത്തനസമയം കുറച്ചത്. കടകളിൽ കയറിയാൽ അവശ്യമുള്ള സാധനം വാങ്ങി തിരിച്ചു പോകണം. ബില്ലുകൾ പണമായി നൽകുന്നതിന് പകരം കഴിയാവുന്നത്ര ഡിജിറ്റലാക്കാൻ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടര്‍ വേണം. കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടയിൽ വേണം. കടയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ ശുചിയാക്കണം. ഷോപ്പിംഗ് കഴിഞ്ഞു വന്നാൽ ദേഹം ശുചിയാക്കി വേണം അകത്തേക്ക് കേറാൻ.

കൊവിഡ് ബാധ വർധിക്കുന്ന സാഹചര്യമാണ്. അതിനാൽ ഓണത്തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശം പൊലീസിന് നൽകിയിട്ടുണ്ട്. പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പത്തനംതിട്ട പൊലീസ് മേധാവി കെജി സൈമണിൻ്റെ നേതൃത്വത്തിൽ 25 അംഗ സംഘത്തിന് നേതൃത്വം നൽകി. ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. തട്ടിപ്പിന് വിദേശബന്ധം സംശയിക്കുന്നതിനാൽ ഇൻ്റർപോളുമായും ബന്ധപ്പെടും. ലുക്ക് ഔട്ട്നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ ദില്ലി വിമാനത്താവളത്തിൽ വച്ച് പിടിയിലായ സ്ഥാപന ഉടമയുടെ മക്കളെ ഉച്ചയോടെ പത്തനംതിട്ടയിൽ എത്തിച്ചിട്ടുണ്ട്. സ്ഥാപനത്തിൻ്റെ എംഡി തോമസ് ഡാനിയൽ, ഭാര്യയും സ്ഥാപനത്തിന്‍റെ മാനേജിംഗ് പാർടണറുമായ പ്രഭാ ഡാനിയൽ എന്നിവരെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടിയിട്ടുണ്ട്.

ജിഎസ്‍ടി കോംപൻസേഷനിൽ നമ്മുടെ സംസ്ഥാനം നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. നഷ്ഠപരിഹാരം പൂർണമായും കിട്ടിയേ തീരൂ എന്നാണ് നമ്മുടെ നിലപാട്. ഇതിനു വായ്‍പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കരുത്. അതിന് മൂന്ന് കാരണം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങൾക്ക് എടുക്കുന്ന വായ്പയ്ക്ക് കേന്ദ്രസർക്കാരിനേക്കാൾ 1.5-2 ശതമാനം പലിശ നൽകേണ്ടി വരും. രണ്ടാമത്തെ കാരണം കേന്ദ്രസർക്കാർ വായ്‍പാ പരിധി എത്ര ഉയർത്തും എന്നത് അനിശ്ചിതമാണ്. ഓരോ സംസ്ഥാനത്തിനുമുള്ള നഷ്ടപരിഹാരത്തിൽ വലിയ ഏറ്റക്കുറച്ചിലുണ്ട്. ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന ധനക്കമ്മി പരിധിയിലെ ഇളവ് വ്യത്യസ്തമാണ്.

2020-21 റവന്യൂകമ്മി 3 ലക്ഷം കോടിയായിരിക്കും എന്നാണ് കണക്ക്. എന്നാൽ ജിഎസ്ടി സെസിൽ നിന്നും 70000 കോടി മാത്രമേ പിരിഞ്ഞു കിട്ടു. ബാക്കി തുക എവിടെ നിന്നും കിട്ടും. ബാക്കിയുള്ള 2.30 ലക്ഷം കോടി ജിഎസ്ടി ഇടിവിലെ നഷ്ടമാണ്. ജിഎസ്ടി നഷ്ടം വഹിക്കുന്നതിലെ വേർതിരിവ് അംഗീകരിക്കാനാവില്ല. ഈ നഷ്ടം കേന്ദ്രം വായ്പ എടുത്ത് നികത്തണം. ജിഎസ്ടി കൗണ്‍സിലില്‍ ഈ നിലപാട് സ്വീകരിച്ച സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ യോഗം കേരളം മുൻകയ്യെടുത്ത് നടത്തുന്നുണ്ട്. 

കോഴിക്കോട് കടലുണ്ടിയിൽ നിന്നും 17 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട ഫിഷിംഗ് ബോട്ടിലെ തൊഴിലാളികളെ രക്ഷിക്കാനായി. കോഴിക്കോട് കസബ സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ വിപി പവിത്രൻ നടത്തിയ സമയോചിതമായ ഇടപെടലാണ് മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചത്. അദ്ദേഹത്തേയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മറ്റു ഉദ്യോഗസ്ഥരേയും അനുമോദിക്കുന്നു.

സ്വര്‍ണ്ണക്കടത്ത്

സ്വർണക്കടത്തിൽ അന്വേഷണം അതിൻ്റെ വഴിക്ക് നീങ്ങട്ടെ എന്നാണ് ആദ്യമേ ഞാൻ പറഞ്ഞത്. അന്വേഷണത്തിൻ്റെ തുടക്കത്തിൽ വേറൊരു ചിത്രം ജനിപ്പിക്കാൻ ശ്രമിച്ചപ്പോളാണ് അന്വേഷണം മുന്നോട്ട് നീങ്ങട്ടെ എന്ന് ഞാൻ പറഞ്ഞത്. ഞാനിപ്പോഴും അതിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. പക്ഷേ ബിജെപി ജനം ടിവിയെ തള്ളിപ്പറഞ്ഞത് കടന്ന കയ്യായി പോയി. അങ്ങനെ പറഞ്ഞവർ ജനത്തിന് മുന്നിൽ അപഹാസ്യരാവുകയാണ്. എന്താണ് വസ്തുത എന്ന് എല്ലാവർക്കും അറിയാമല്ലോ. പ്രതിപക്ഷനേതാവിന് ചില സമയത്ത് എന്താണ് പറയേണ്ടത് എന്നറിയില്ല. അതിൻ്റെ ഭാഗമായാണ് ഇതിൽ അദ്ദേഹം സർക്കാരിൻ്റെ ഗൂഢാലോചന ആരോപിക്കുന്നത്.

നെഞ്ചിടിപ്പ് കൂടുന്നത് ആരുടേതാണെന്ന് കണ്ടറിയാം എന്നു ഞാൻ പറഞ്ഞത് ഏതേലും വ്യക്തിയെ ഉദ്ദേശിച്ചല്ല. അന്വേഷണം ഏങ്ങോട്ട് തിരിയും എന്ന ധാരണയിൽ പറഞ്ഞതാണ്. ഇത്തരം കേസുകളിൽ അന്വേഷണം കൃത്യമായി നടന്നാൽ കുറ്റവാളികളിലേക്ക് എത്തും. പ്രതികളുമായി ബന്ധമുള്ളത് ആരെല്ലാം എന്ന് ഇപ്പോൾ വ്യക്തമാണ്. അന്വേഷണം തുടരട്ടെ. 

മാഹി ബൈപ്പാസ്

മാഹി ബൈപ്പാസിലെ പാലം തകർന്നതിൽ സർക്കാരിന് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവിൻ്റെ പ്രസ്താവന നേരത്തെ പറഞ്ഞ അദ്ദേഹത്തിൻ്റെ പ്രത്യേകത കൊണ്ട് പറയുന്നതാണ്. പഞ്ചവടിപ്പാലത്തിൻ്റെ കാര്യം അദ്ദേഹം പരാമർശിച്ചതായി കണ്ടു. അതൊക്കെ ഓർക്കുന്നത് നല്ലതാണ്. ആ ബൈപ്പാസിൻ്റെ നിർമ്മാണപ്രവർത്തനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയാണെന്ന പ്രചാരണം ഒരു വഴിക്ക് നടക്കുന്നുണ്ട്.

കേരളത്തിലെ ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായാണ് മാഹി ബൈപ്പാസ് നിർമ്മിക്കുന്നത്. അതിനായി കേരളത്തിൽ ആവശ്യമായ ഇടപെടൽ നടത്തി യഥാർത്ഥ്യമാക്കുക എന്നത് സംസ്ഥാന സർക്കാരിൻ്റെ പ്രാഥമികമായ ഉത്തരവാദിത്തമാണ്, അതിനാണ് സർക്കാർ ശ്രമിച്ചത്. അപ്പോഴാണ് ഭൂമിയേറ്റെടുക്കാനുള്ള പണത്തിൻ്റെ ഒരു ഭാഗം സംസ്ഥാനം വഹിക്കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. അതിനു നാം തയ്യാറായി. ഒരു ഭാഗം നമ്മൾ കൊടുത്തു എന്നു വച്ചാൽ പദ്ധതിയാകെ നാം നടത്തുന്നുവെന്നല്ല.  

ആ ഭൂമി കളക്ടർമാർ വഴി ഏറ്റെടുക്കുക എന്നതാണ് സംസ്ഥാനത്തിൻ്റെ ചുമതല. ആ ജോലി യുഡിഎഫ് സർക്കാർ ചെയ്യാത്തത് കൊണ്ടാണ് കേരളത്തിൽ ദേശീയപാതാവികസനം തീരെ നടക്കാതെ പോയത്. എന്നാൽ എൽഡിഎഫ് സർക്കാർ വന്നപ്പോൾ കേന്ദ്രവുമായി നിരന്തരം ചർച്ചനടത്തുകയും കേന്ദ്രമന്ത്രിയെ കാണുകയും ചെയ്തു. ഭൂമിവില വളരെ കൂടുതാലണെന്നും അതിനാൽ പകുതി തരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതിൻമേൽ ചർച്ച നടത്തിയാണ്. 21 ശതമാനം ചിലവ് കേരളം ഏറ്റെടുക്കാം എന്ന് സമ്മതിച്ചത്. യുഡിഎഫ് ഒന്നും ചെയ്യാതിരുന്ന ഒരു കാര്യം സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുകയാണ്. അതു സംസ്ഥാനത്തിൻ്റെ അഭിമാനപദ്ധതിയാണ്.

എന്നാൽ പദ്ധതിയുടെ നടത്തിപ്പ് സംസ്ഥാനത്തിനാണ് എന്ന് അർത്ഥമില്ല. സംസ്ഥാനത്തിന് പ്രവൃത്തി നടത്താനുള്ള യാതൊരു ചുമതലയുമില്ല. ഭൂമിയെടുപ്പിൽ സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ ആ പദ്ധതി നടക്കില്ലായിരുന്നു. ഭൂമിയേറ്റെടുക്കല്ലിൽ കുടുങ്ങിയ പദ്ധതിയാണ് സംസ്ഥാനം ഇടപെട്ട് യഥാർത്ഥ്യമാക്കിയത്. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയതും ഡിപിആർ ഒരുക്കിയതും മേൽനോട്ടം വഹിക്കുന്നതും അളവെടുക്കുന്നതും കരാറുകാരന് പണം നൽകുന്നതും എല്ലാം കേന്ദ്രത്തിന്‍റെ ദേശീയപാതാ അതോറിറ്റിയാണ്. സംസ്ഥാന സർക്കാരിനോ പൊതുമാരമത്ത് വകുപ്പിനോ അവിടെ റോളില്ല.

നിര്‍മ്മാണോദ്ഘാടനം നിർവഹിച്ചത് കേന്ദ്രമന്ത്രിയാണ്. മുഖ്യമന്ത്രിയും കേന്ദ്രസഹമന്ത്രിയും ആ ചടങ്ങിൽ പങ്കെടുത്തു. ഇതൊന്നും അറിയാത്ത ആളല്ല പ്രതിപക്ഷനേതാവ്. അദ്ദേഹം ഒന്നിലേറെ തവണ മന്ത്രിയായിരുന്നു. എന്തോ ഒരു വിഭ്രാന്തിയിൽ അദ്ദേഹം എന്തൊക്കെയോ പറയുകയാണ്. എന്നാൽ ആളുകൾ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. കേന്ദ്രത്തെയോ ബിജെപിയേയോ പറയേണ്ടി വരുമ്പോൾ അദ്ദേഹം മൃദുവായി സംസാരിക്കുന്നുണ്ട്. പലതും വിഴുങ്ങുന്നുണ്ട്.

കോണഗ്രസിൽ ഇപ്പോൾ നടക്കുന്ന പ്രധാന ചർച്ച ബിജെപിയോട് ആര് മൃദു സമീപനം സ്വീകരിക്കുന്നു എന്ന കാര്യത്തിലാണ്. നാം കാണേണ്ട ഒരു കാര്യമുണ്ട്. ഇത്തരം കാര്യങ്ങള്‍ സംസ്ഥാനത്തിന് ഇടപെട്ട് തീർക്കാൻ സാധിക്കുമായിരുന്നുവെങ്കിൽ കുതിരാൻ തുരങ്കവും ആലപ്പുഴ ബൈപ്പാസും എന്നോ തീർത്ത് ഉദ്ഘാടനം ചെയ്തേനെ. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം നടത്തിയ കഥ മറന്നു പോയോ. ദേശീയപാത എന്താണെന്ന സാമാന്യ ധാരണ ഇല്ലാഞ്ഞിട്ടല്ല ഇങ്ങനെ പറയുന്നത്. ഒന്നേ പറയുന്നുള്ളു, പലവട്ടം പറഞ്ഞതാണ് സ്വന്തം ശീലം വച്ച് മറ്റുള്ളവരെ അളക്കരുത്.

സ്വർണക്കടത്ത് കേസുമായിബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതിയാണ് വിലയിരുത്തേണ്ടത്.അതിപ്പോൾ കൃത്യമായ വഴിക്കാണ് പോകുന്നത്. അതു ഭാവിയിൽ എങ്ങനെ പോകും എന്നെനിക്ക് അറിയില്ല. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ലൈഫ് പദ്ധതിയിലെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. അതിലെ വിവരങ്ങൾ കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കും.

എം ശിവശങ്ക‍ർ ഒരു കാലത്ത് എൻ്റെ ഓഫീസിലുണ്ടായിരുന്നു. എൻ്റെ സെക്രട്ടറിയുമായിരുന്നു. സ്വ‍ർണക്കടത്ത് വിവാദം പുറത്തു വന്നപ്പോൾ തന്നെ അന്വേഷണത്തിൻ്റെ ഭാ​ഗമായി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. പിന്നെയെങ്ങനെയാണ് ഇപ്പോഴും എൻ്റെ ഓഫീസിനെ ബന്ധപ്പെടുത്തി പറയുക. സിസിടിവി ദൃശ്യം അതിൻ്റേതായ സമയം കൊണ്ട് ശേഖരിക്കാം. അതു കൊണ്ട് പൂഴ്ത്തി വയ്ക്കാൻ ആ‍ർക്കും പറ്റില്ല. സിസിടിവി ദൃശ്യങ്ങളെല്ലാം അവിടെയുണ്ട്. അതു വിട്ടു കൊടുക്കാൻ കാലതാമസം ഉണ്ടോയെന്ന് അന്വേഷണ ഏജൻസിയോട് ചോദിക്കണം. 

അന്വേഷണം നടത്തുന്ന ഏജൻസിയാണ് അതിലെ കാര്യങ്ങൾ തീരുമാനിക്കുക. അവ‍ർക്ക് വേണ്ടി നിങ്ങളാരും അന്വേഷണത്തിന് പോകേണ്ട. അന്വേഷണത്തിന് വല്ല പാളിച്ചയും ഉണ്ടെങ്കിൽ നിങ്ങൾ പറയു. അവിടെ ഏതെങ്കിലും കാര്യം വാ‍ർത്തയായി വരുന്നതോ ചാനലുകൾ റിപ്പോ‍ർട്ട് ചെയ്യുന്നതോ വച്ച് സ‍ർക്കാരിന് നടപടിയെടുക്കാൻ സാധിക്കില്ല. എൻ്റെ മാധ്യമ ഉപദേഷ്ടാവ് സ‍ർക്കാ‍ർ രഹസ്യങ്ങൾ അറിയുന്ന ആളോ അതുമായി ബന്ധപ്പെട്ട ഫയലുകളോ കാണുന്നില്ല. എനിക്കെന്തെങ്കിലും ഉപദേശം ആവശ്യമായി വന്നാൽ അതു തേടേണ്ടയാളാണ് അദ്ദേഹം. വകുപ്പിൽ അഴിമതി നടന്നതായി അദ്ദേഹം പറഞ്ഞിട്ടില്ല. റെഡ് ക്രെസൻ്റുമായി മറ്റാരെങ്കിലും അഴിമതി നടത്തിയതായി അറിഞ്ഞെങ്കിൽ അദ്ദേഹത്തിന് പറയാം.

 

 

 

 

 

Follow Us:
Download App:
  • android
  • ios