Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 4125 കൊവിഡ് കേസുകള്‍ കൂടി; സമ്പര്‍ക്ക വ്യാപനവും പെരുകുന്നു, 19 മരണവും

3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 

covid details of kerala detailed analysis of pinarayi vijayan
Author
Trivandrum, First Published Sep 22, 2020, 6:02 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശ്ശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 572 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 122 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 412 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടും കൂടെ ആകെ സമ്പര്‍ക്ക രോഗികള്‍ 3875. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3007 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 469, കൊല്ലം 215, പത്തനംതിട്ട 117, ആലപ്പുഴ 231, കോട്ടയം 114, ഇടുക്കി 42, എറണാകുളം 250, തൃശ്ശൂര്‍ 240, പാലക്കാട് 235, മലപ്പുറം 468, കോഴിക്കോട് 130, വയനാട് 61, കണ്ണൂര്‍ 214, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 40,382 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,01,731 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയിലെത്തി. തിരുവനന്തപുരത്ത് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ വരെ ആകെ 39258 പേരായിരുന്നു ചികിത്സയിൽ. 7047 പേർ തിരുവനന്തപുരത്തായിരുന്നു. 18 ശതമാനം വരുമിത്. മരണം ഇന്നലെ വരെ 553. ഇതിൽ 175 ഉം തിരുവനന്തപുരം ജില്ലയിലാണ്. 32 ശതമാനം വരുമിത്.

ജില്ലയിലിന്ന് 651 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 130 പേരുടെ ഉറവിടം അറിയില്ല. തലസ്ഥാന ജില്ലയിൽ ആൾക്കൂട്ടം ഉണ്ടാക്കി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സമരങ്ങളെ വിലയിരുത്തണം. ഈ പ്രശ്നം നിരന്തരം ചൂണ്ടിക്കാട്ടിയിട്ടും സമരക്കാർ ഇത് വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല. മാധ്യമങ്ങളും അത് ഗൗരവത്തോടെ കാണുന്നില്ല.

കൊവിഡിനൊപ്പം ജീവിക്കേണ്ട ഘട്ടമാണിത്. മുൻപുണ്ടായിരുന്ന രീതികളെ മാറ്റിയിട്ടുണ്ട്. യോഗം ചേരുന്നതും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്, വിവാഹം, കടകൾ പ്രവർത്തിക്കുന്നത് തുടങ്ങി എല്ലാം കൊവിഡ് പിടിച്ചുനിർത്താൻ സഹായിക്കുന്ന വിധത്തിലാണ്. ജനത്തിന്‍റെ ജീവൻ രക്ഷിക്കാനാണ് ഇത്. അതെല്ലാം അട്ടിമറിച്ചാണ് പ്രതിപക്ഷം സമരം എന്ന പേരിൽ ആൾക്കൂട്ടം സൃഷ്ടിച്ച് കൊവിഡ് പ്രതിരോധം തകർക്കുന്നത്.

ആൾക്കൂട്ടം ഒഴിവാക്കലാണ് പ്രധാനം. അത് മുഖവിലക്കെടുക്കാതെയാണ് അക്രമാസക്തമായ സമരം സംഘടിപ്പിക്കുന്നത്. വൈറസിന് ഏറ്റവും എളുപ്പത്തിൽ പടരാൻ അവസരം ഒരുക്കുന്നു. സമരം നേരിടുന്ന മുതിർന്ന ഉദ്യോഗസ്ഥരും പൊലീസുകാരും കൊവിഡ് ബാധിതരാകുന്നു. ഇത് നിർഭാഗ്യകരമാണ്. സമരം തടയാൻ നിയുക്തരായ പൊലീസുകാരിൽ 101 പേർ പോസിറ്റീവായി. 71 സിവിൽ പൊലീസ് ഓഫീസർമാർക്കും എട്ട് സീനിയർ സിപിഒമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. 171 പേർ നിരീക്ഷണത്തിലുണ്ട്.

സഹപ്രവർത്തകർക്ക് അസുഖം ബാധിക്കുന്നത് മൂലം നിരവധി പൊലീസുകാർ ക്വാറന്‍റീനിലാവും. കൊവിഡിനെതിരെ പ്രവർത്തിക്കേണ്ട സർക്കാരിന് ഇത് തടസമാവുന്നു. കൊവിഡ് പ്രോട്ടോക്കോൾ സമരക്കാർ പാലിക്കുന്നില്ല. എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറണം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് അക്ഷീണം പ്രവർത്തിക്കുന്നത് പൊലീസാണ്.

പ്രത്യുപകരമായി അവർക്കിടയിൽ രോഗം പടർത്തണോയെന്ന് എല്ലാവരും ചിന്തിക്കണം. അവരും മനുഷ്യരാണ്. ജീവനെക്കാൾ വിലപ്പെട്ടതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിയണം. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. പ്രതിഷേധക്കാർ സമൂഹത്തെ അപകടപ്പെടുത്തുന്നതിൽ നിന്ന് പിന്മാറണം. മറ്റെന്തെല്ലാം മാർഗ്ഗങ്ങളുണ്ട്? അക്രമം നടത്തിയാലേ മാധ്യമശ്രദ്ധ കിട്ടുവെന്ന ധാരണ മാറിയാൽ ഈ പ്രശ്നം ഒഴിവാകും. 

എല്ലാവരും ആത്മപരിശോധന നടത്തണം. സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കണം. ജാഗ്രത വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം. കൊല്ലത്ത് 347 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികളായ 379 പേർ തിരികെയെത്തി. 7834 പേരാണ് നാട്ടിലേക്ക് മടങ്ങാതെ ഇവിടെ തങ്ങിയത്.

അതിഥി തൊഴിലാളികളെ പൊലീസ് നിരീക്ഷിക്കുന്നത് കൂടുതൽ ശക്തമാക്കി. പത്തനംതിട്ടയിൽ നിലവിലെ 11 ആക്ടീവ് ക്ലസ്റ്ററിൽ പന്തളം, കടക്കാട് എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ. ശവസംസ്കാര ചടങ്ങിൽ പ്രോട്ടോക്കോൾ പാലിക്കാതെ രോഗബാധയുണ്ടായി. കോട്ടയം വാഴപ്പള്ളി പഞ്ചായത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് വെല്ലുവിളി. സെപ്തംബർ 14 മുതൽ നാല് തവണയായി 856 പേരെ ആന്‍റിജന്‍ ടെസ്റ്റ് നടത്തി. 101 പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ രോഗവ്യാപനം ശക്തമായ മേഖലയിൽ ഇടവേളയ്ക്ക് ശേഷം രോഗബാധിതരുടെ എണ്ണം ഉയരുന്നു. എറണാകുളത്ത് പ്രതിദിന സ്ഥിരീകരണത്തിൽ 20 ശതമാനം വരെ വർധനവുണ്ടാവും.

സമ്പർക്ക വ്യാപന തോതിൽ വർധനവുണ്ടായി. രോഗം സ്ഥിരീകരിച്ചവരിൽ നല്ല ശതമാനം ലക്ഷണം ഇല്ലാത്തവരാണ്. കോഴിക്കോട് തീരദേശത്ത് രോഗവ്യാപനം തുടരുന്നു. കോർപ്പറേഷനിലെ കപ്പക്കൽ വാർഡിലാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്. 107 പേർ രണ്ട് ദിവസത്തിനിടെ പോസിറ്റീവായി. കണ്ണൂരിൽ 8 ആക്ടീവ് ക്ലസ്റ്ററുണ്ട്. 11 ക്ലസ്റ്ററുകളിൽ രോഗബാധ നിയന്ത്രിക്കാനായി. ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റ് താത്കാലികമായി അടച്ചു. ഇവിടെ 11 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഫീസുകൾ ഇന്നലെ മുതൽ താത്കാലികമായി അടച്ചു. കഴിഞ്ഞ നാല് ദിവസം കൊണ്ട് കേരളത്തിൽ പെയ്ത മഴ 169.5 മില്ലിമീറ്ററാണ്.

സെപ്റ്റംബറിലെ ദീർഘകാല ശരാശരി 32.5 മില്ലിമീറ്ററാണ്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ 2194.1 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ജൂൺ മുതൽ ലഭിച്ചത്. 11 ശതമാനം അധികമഴയാണ് ലഭിച്ചത്. വയനാട്ടിൽ ഇപ്പോഴും ആകെ മഴയിൽ 16 ശതമാനം കുറവുണ്ട്. മഴ തുടരും. എന്നാൽ നാളെ മുതൽ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 24 മണിക്കൂറിൽ കടലിൽ പോകരുത്. ഉയർന്ന തിരമാലക്കും കടൽ ക്ഷോഭത്തിനും സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

മുൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമുകളെ വിന്യസിച്ചു. മഴക്കെടുതിയിൽ അഞ്ച് മരണങ്ങളാണ് മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാസർകോട് തിരുവനന്തപുരം രണ്ട് വീതം. ഇടുക്കിയിൽ ഒന്ന്. ശ്രീനാരായണ ഗുരുവിന് ഉചിതമായ സ്മാരകം നിർമ്മിക്കാനുള്ള സർക്കാരിന്‍റെ ആഗ്രഹം സഫലമായി. മ്യൂസിയം ജങ്ഷനിൽ ഗുരുവിന്‍റെ വെങ്കല പ്രതിമ ഇന്നലെ അനാച്ഛാദനം ചെയ്തു. ചട്ടമ്പി സ്വാമിക്കും തലസ്ഥാനത്ത് സ്മാരകം ഒരുക്കും.

കോട്ടയം മെഡിക്കൽ കോളേജിന്‍റെ വികസനത്തിന് ഉതകുന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പുതിയ വാർഡുകളും ഐസിയു. നെഗറ്റീവ് ഐസിയു, ഹോസ്റ്റലുകൾ, റെസിഡന്‍റ് കോംപ്ലക്സ്, ഇവയെല്ലാം ഉദ്ഘാടനം ചെയ്തു. 134..45 കോടിയിൽ നിർമ്മിക്കുന്ന സർജിക്കൽ ബ്ലോക്ക്, മെഡിക്കൽ ആന്‍റ് സർജിക്കൽ ബ്ലോക്ക് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. 564 കോടി മുതൽ മുടക്കുള്ള സർജിക്കൽ ബ്ലോക്കിന്‍റെ ആദ്യ ഘട്ട നിർമ്മാണത്തിനാണ് സാമ്പത്തിക അനുമതി നൽകിയത്.

പട്ടികവർഗ വിദ്യാർത്ഥതികൾക്കായുള്ള മൂന്ന് പ്രീ മെട്രിക് ഹോസ്റ്റലിന്‍റെയും ഒരു പോസ്റ്റ് മെട്രിക് ഹോസ്റ്റലിന്‍റെയും നിർമ്മാണ ഉദ്ഘാടനം തുടങ്ങി. ഷോളയൂരിലെ ഹോസ്റ്റലിൽ 60 ആൺകുട്ടികൾക്കും ഇരുമ്പ് പാലത്ത് നൂറ് പെൺകുട്ടികൾക്കകും താമസിക്കാൻ സൗകര്യമുണ്ട്. പെൺകുട്ടികൾക്കായി തിരുവനന്തപുരത്തും കോഴിക്കോടും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ തുറക്കും. 

കുണ്ടറയിലെ അഞ്ച് പ്ലാന്‍റുകളും നവീകരിച്ചു. ഇതോടൊപ്പം പ്രകൃതി വാതക പ്ലാന്‍റും ആരംഭിക്കും. 2017 ൽ സർക്കാർ അംഗീകരിച്ച 23 കോടിയുടെ സമഗ്ര പുനരുദ്ധാരണമാണ് പൂർത്തീകരിക്കുന്നത്. പൊതുമേഖലയെ ശക്തിപ്പെെടുത്തി പുരോഗതി നേടാനാണ് സർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനം അധികാരമേറ്റപ്പോള്‍ പൊതുമേഖലയുടെ നഷ്ടം 131.61 കോടിയായിരുന്നു. ആദ്യവർഷം ഇത് 71 കോടിയായി കുറച്ചു. പിന്നീട് ഇവയിൽ പലതും ലാഭത്തിലായി. 2015-16 ൽ എട്ട് കമ്പനികളാണ് ലാഭത്തിലായിരുന്നത്. 2017-18 ൽ അഞ്ച് കോടിയും 2018-19 ൽ എട്ട് കോടിയും ലാഭം നേടി.

2018-19 ൽ പ്രവർത്തന ലാഭം 56 കോടിയാണ്. ഇത് സർക്കാരിന്‍റെ  സമീപനത്തിന്‍റെ നേട്ടമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിൽക്കാൻ വെച്ച സ്ഥാാപനങ്ങൾ കേരളം ഏറ്റെടുക്കുന്നത്. കെഎംഎംഎല്ലിൽ വൻ നേട്ടം. കൊവിഡ് മഹാമാരി വ്യവസായ മേഖഖലയെ ബാധിച്ചു. ഈ പ്രതികൂല സാാഹചര്യം മറികടക്കാനാണ് ശ്രമം. എംഎസ്എംഇകൾ തുടങ്ങാൻ മുൻകൂർ അനുമതി വേണ്ട. ഇത് പ്രകാരം 2020 ജനുവരി മുതൽ ഇതുവരെ 4042 സംരംഭകർക്ക് അനുമതി നൽകി.

951 കോടിയുടെ നിക്ഷേപം ഇതിലൂടെ ഉണ്ടായി. റെഡ് കാറ്റഗറി ഒഴികെയുള്ള സംരംഭങ്ങൾക്ക് മുനകൂർ അനുമതി വേണ്ട. ഇതിനാണ് കെ സ്വിഫ്റ്റ് ഏർപ്പെടുത്തിയത്. 906 പേർ അപേക്ഷ പൂർണ്ണമായി സമർപ്പിച്ചു. 171 പേർക്ക് അനുമതി നൽകി. 237 പേർ കൽപിത അനുമതിയോടെ വ്യവസായം തുടങ്ങി. 29 വൻകിട പദ്ധതികൾക്ക് കെ സ്വിഫ്റ്റ് വഴി അനുമതി നൽകി. 35000 പേർക്ക് ഇതുവഴി തൊഴിൽ ലഭിച്ചു.

വ്യവസായ ലൈസനസുകളുടെ കാലാവധി എല്ലാ വിഭാഗത്തിലും അഞ്ച് വർഷമാക്കി. കൊവിഡ് പ്രതിസന്ധി അതിജീവിക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 3334 കോടിയുടെ വ്യവസായ പാക്കേജ് നടപ്പിലാക്കകും. കേരള ബാങ്ക് വഴി നബാർഡിന് 225 കോടി മൂലധന സഹായം നൽരകുന്നുണ്ട്. നാല് വർഷത്തിനിടെ 58826 എംഎസ്എംഇകൾ ആരംഭിച്ചു. 11.6 കോടി തൊഴിലവസരം സൃഷ്ടിക്കപ്പെട്ടു. സംസ്ഥാന സർക്കാരിന്‍റെ ശ്രമഫലമായി ദേശീയ വ്യവസായ ഇടനാഴിയുടെ ഒരു ഭാഗം കോയമ്പത്തതൂരിൽ നിന്ന് കൊച്ചിയിലേക്ക് നീട്ടാൻ കേന്ദ്രം തീരുമാനിച്ചു. ഇതിന് വേണ്ടി പാലക്കാട്, എറണാകുളം ജില്ലകളിൽ ഭൂമി ഏറ്റെടുക്കും.

കിൻഫ്രക്കാണ് പദ്ധതി ചുമതല. പണം കിഫ്ബി വഴി ലഭ്യമാക്കും. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ഇതിന്‍റെ ഭാഗമായി സംരംഭങ്ങൾ തുടങ്ങും. ആദ്യ വ്യവസായ സിറ്റി ഗിഫ്റ്റ് പദ്ധതിക്ക് 220 ഹെക്ടർ ഭൂമി ഏറ്റെടുക്കും. അടുത്ത സെപ്തംബറിൽ ഭൂമി ഏറ്റെടുക്കും. 1.2 ലക്ഷം പേർക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

തിരുവനന്തപുരത്ത് തോന്നക്കലിൽ ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈസ് പാർക്ക് സ്ഥാപിക്കും. ഈ മാസം 24 ന് നിർമ്മാണ ഉദ്ഘാടനം നടത്തും. പാലക്കാട് മെഗാ ഡിഫൻസ് പാർക്ക്, ഒറ്റപ്പാലം ഡിഫൻസ് പാർക്ക് എന്നിവയുടെ ഉദ്ഘാടനം വൈകാതെ നടക്കും. മട്ടന്നൂരിൽ 137 കോടി ചെലവിൽ അന്താരാഷ്ട്ര കൺവെൻഷൻ സെന്‍ററിന് ഭരണാനുമതി നൽകി. തോന്നക്കലിൽ ഗ്ലോബൽ ആയുർവേദ വില്ലേജിന് ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറി. വർക്കലയിൽ രണ്ടാം ഘട്ടത്തിന് ഭൂമി ഏറ്റെടുത്തു.

സമരം നാടിനെ പ്രതികൂലമായി ബാധിക്കുന്നതെന്ന തിരിച്ചറിവ് വേണം. ഹൈക്കോടതി പരമാവധി പറഞ്ഞു. തിരിച്ചറിവോടെ പ്രതികരിക്കുന്ന നില വേണം. രോഗവ്യാപന തോത് കൂടി വരുന്ന ഘട്ടത്തിൽ സമ്പർക്കം ഒരു നിയന്ത്രണവുമില്ലാതെ വർധിക്കുന്ന നില വന്നാൽ വ്യാപനത്തിന് ഇടയാക്കും. സമരക്കാർക്ക് മാത്രമല്ല, പൊലീസിനും എത്തേണ്ടി വരും. പൊലീസിന് ശാരീരിക അകലം പാലിച്ച് പ്രവർത്തിക്കാനാവില്ല. ചിലയിടത്ത് അമിതമായ ബലപ്രയോഗവും കാണുന്നു. ഇതെല്ലാം രോഗവ്യാപനത്തിന് ഇടയാക്കുന്നു.

നാടിനോട് താത്പര്യമുള്ളവരാണ് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും. കൃത്യമായ മാനദണ്ഡം പാലിക്കാൻ അവർ തയ്യാറാകണം. അവർ തിരിച്ചറിവോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ലോക്ക്ഡൗണിലേക്ക് പോകാൻ ആലോചിച്ചിട്ടില്ല. പാലാരിവട്ടം പാലത്തിന്‍റെ കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പം ഇല്ല. ഇ ശ്രീധരനെ പോലെയുള്ള പ്രതിഭകൾ അത് പൊളിക്കണമെന്ന് നിർദ്ദേശം നൽകി. അത് പൂർണ്ണമായി യോജിച്ചു. അപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായി. സുപ്രീംകോടതി അനുമതി നൽകി. ആ പാലം പൊളിച്ച് പുതിയ പാലം നിർമ്മിക്കും.

അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. എന്തോ കാരണത്താൽ വാർത്തയില്ലെന്നേയുള്ളൂ. അന്വേഷണം  ഉപേക്ഷിച്ചിട്ടില്ല.  കോടതികൾ അവരുടേതായ സ്വതന്ത്ര നിലപാട് വെച്ചാണ് കാര്യം വിലയിരുത്തുക. അത് ഏത് തീരുമാനമായാലും അത് അംഗീകരിച്ച് മുന്നോട്ട് പോകുകയേ സർക്കാർ ചെയ്യു. കൊവിഡ് മൂലം അടഞ്ഞ സ്ഥാപനങ്ങൾക്ക് സഹായം നൽകണം എന്നത് എല്ലാവർക്കും ബാധകമായ കാര്യം. തെറ്റായ കീഴ്വഴക്കമല്ല. നിയമസഭയിൽ അംഗങ്ങള്‍ വീറോടെയും വാശിയോടെയും പെരുമാറാറുണ്ട്. അത് പകയോടെ വെച്ചുപോകാറില്ല. അവിടെ തന്നെ ചർച്ച നടത്തി പരിഹരിക്കും. ശാന്തമായ അന്തരീക്ഷത്തിന്‍റെ തുടർച്ചയെന്ന നിലയിലാണ് തീരുമാനം സര്‍ക്കാര്‍ എടുത്തത്.

ഒട്ടേറെ  പ്രശ്‍നം നാട്ടിൽ നിൽക്കുമ്പോൾ സിപിഎമ്മും സിപിഐയും നിലപാട് പറയും. സർക്കാരെന്ന നിലയില്‍ അന്വേഷണം കൃത്യമായി പോകുന്നുവെന്നേ എനിക്ക് പറയാനാവു. ഖുർ ആനെ തൊട്ട് പൊള്ളി നിൽക്കുമ്പോൾ  ഓരോന്ന് പറയുകയാണ്. അത് വിവാദമാക്കിയത് ഞങ്ങളല്ല. ഞങ്ങളാരും അതുമായി ബന്ധപ്പെട്ട് മറ്റൊന്നും പറഞ്ഞിട്ടില്ല. തെറ്റായ രീതിയിൽ കാര്യം പറഞ്ഞപ്പോൾ അത് വിശദീകരിക്കുകയാണ്. ഖുർ ആൻ ഉൾപ്പെട്ട വിഷയത്തിൽ ലീഗ് നേതാക്കള്‍ക്ക് പോലും വിപ്രതിപ്പത്തി ഉണ്ടായിരിക്കുകയാണ്. ഇപ്പൊ അത് മറ്റൊരു തരത്തിൽ തിരിച്ചുവിടാനാണ് ശ്രമം. അതും ആവില്ല. എല്ലാം നാട്ടുകാർ കണ്ടോണ്ടിരിക്കുകയാണ്.

സ്വർണ്ണക്കടത്തിന് പകരം ഖുർആൻ റമദാന്‍ കാലത്ത് വിതരണം ചെയ്തത് സ്വർണ്ണക്കടത്തിന് പകരമാവില്ല. രണ്ടും തമ്മിൽ ബന്ധമില്ല. വസ്തുതകൾ കാണണം. സ്വർണ്ണക്കടത്തിന്‍റെ ഭാഗമായി ചിലർക്ക് നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. അത് ഇനിയും വർധിക്കും. ശരിക്കും ഖുർ ആനെ അംഗീകരിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അപമാനിക്കുന്ന രീതിയിൽ പ്രശ്‍നമുണ്ടാക്കി. ഖഖുർ ആൻ വിതരണം ചെയ്തത് കുറ്റമല്ല. അത് സ്വർണ്ണക്കടത്തിന് ഉപയോഗിച്ചുവെന്ന് ലീഗ് നേതാക്കളാണ് പറഞ്ഞത്. 

കുഞ്ഞാലിക്കുട്ടിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. ഖുർ ആൻ കള്ളക്കടത്തായി വന്നതല്ല. അത് ന്യായമായ മാർഗത്തിൽ വന്നതാണ്. കള്ളക്കടത്തായി ചിത്രീകരിക്കാന്‍ സാധിക്കില്ല. ഒരു ഘട്ടത്തിൽ  സ്വർണം കടത്താൻ ഉപയോഗിച്ചുവെന്നും വേറൊരു ഘട്ടത്തിൽ കള്ളക്കടത്തെന്നും പറയുന്നു. വാചകം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കേണ്ടതായിരുന്നു. എന്താണ് അങ്ങിനെയെന്ന് പിടികിട്ടുന്നില്ല. സാലറി കട്ടിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും. അത് നടക്കട്ടെ, എന്നിട്ട് പറയാം.

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിൽ ഷോർട് സർക്യൂട്ട് എന്നാണ് ഒരു റിപ്പോർട്ട് ലഭിച്ചത്. പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. അത് കൂടി പൂർത്തിയായാലേ പൂർണതയിലെത്തു. ഖുർ ആൻ എന്ത് പിഴച്ചു?? സ്വർണ്ണക്കടത്തിന് പിന്നാലെ പോകു. സ്വർണ്ണക്കടത്തിന് പകരമാവില്ലല്ലോ ഇത്.

 

Follow Us:
Download App:
  • android
  • ios