തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേ‍ർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. 2951 പേ‍ർ ഇന്ന് രോ​ഗമുക്തി നേടി.  20 പേ‍രാണ് രോഗബാധിതരായി മരിച്ചത്. 42,786 പേര്‍ നിലവിൽ ചികിത്സയിലാണ്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

51200 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. നമ്മുടെ ലക്ഷ്യം പ്രതിദിനം 50000 പരിശോധനകൾ ആയിരുന്നു. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വ‍ർധനാവാണ് ഇന്നുള്ളത്. തിരുവനന്തപുരം ജില്ലയുടെ അവസ്ഥ പഴയ പോലെ തുടരുന്നു. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും ധാരാളമായി രോഗം വരുന്നു.  ഉറവിടം അറിയാത്ത കേസുകളും തിരുവനന്തപുരത്ത് ധാരാളമാണ്. 852 പേർക്കാണ് തലസ്ഥാനത്ത് രോഗം വന്നത്. ലക്ഷണമില്ലാത്തവർക്ക് വീടുകളിൽ തന്നെ ഐസൊലേഷൻ അനുവദിച്ചു. എന്നാൽ വീടുകളിൽ സൗകര്യം ഇല്ലാത്ത ചിലർ ഇതിന് തയ്യാറാവുന്നില്ല. അനാവശ്യമായ ആശങ്കയും ഭീതിയും ആണ് ഇതിനു കാരണം. ആരോഗ്യവകുപ്പിൻ്റെ നിർദേശം കൃത്യമായി പാലിച്ച് ഹോം ഐസൊലേഷനിൽ കഴിഞ്ഞാൽ ആശങ്ക വേണ്ട.

ഹോം ഐസൊലേഷനിൽ കഴിയുന്നവരെ കൊവിഡ് കെയർ സെൻ്ററിലേക്കും വീട്ടിലേക്കും മാറ്റാൻ നാട്ടുകാരും കുടുംബക്കാരും നിർബന്ധിക്കുന്ന അവസ്ഥയും ഉണ്ട്. വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുന്നത് രോഗിക്ക് മാനസികമായി സമ്മർദ്ദം കുറയ്ക്കും. രോഗലക്ഷണം ഇല്ലാത്തവരും വീടുകളിൽ സൗകര്യം ഉള്ളവരും ഹോം ഐസൊലേഷനിൽ കഴിഞ്ഞാൽ രണ്ടാണ് ഗുണം. മാനസിക സമ്മർദ്ദം കുറയ്ക്കാം, കുടുംബത്തോടൊപ്പം നിൽക്കാം. ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യം രോഗലക്ഷണം ഉള്ളവർക്കും മറ്റ് ആരോഗ്യപ്രശ്‍നം ഉള്ളവർക്കും ആയി ഉപയോഗപ്പെടുത്താം. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് കൃത്യമായി മാർഗനിർദേശം നൽകിയിട്ടുണ്ട്, ഇതെല്ലാവരും പാലിക്കണം.

പത്തനംതിട്ടയിൽ റാന്നി, മേനാംതോട്ടം, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകളെ സെക്കൻഡ് ലൈൻ ട്രീറ്റ്‍മെന്‍റ് സെൻ്ററായി ഉയർത്തി. പനി മറ്റ് ആരോഗ്യപ്രശ്നമുള്ളവർ ഗർഭിണികൾ എന്നിവരയൊണ് ഇവിടെ പാർപ്പിക്കുക. രോഗലക്ഷണം ഉള്ളവരെ അവരുടെ ഹെൽത്ത് ബ്ലോക്കിൽ പ്രവേശിപ്പിക്കും. കോട്ടയത്ത് മീനടം, പുതുപ്പള്ളി, നാട്ടകം എന്നിവടിങ്ങളിൽ രോഗ വ്യാപനം ശക്തമാണ്. ഈ മാസം അഞ്ചാം തിയതിക്ക് ശേഷം മീനടത്ത് 57 പേർക്കും നാട്ടകത്ത് 34 പേർക്കും പുതുപ്പള്ളിയിൽ 22 പേർക്കും രോഗം സ്ഥിരീകരിച്ചു. 

ഏറ്റുമാനൂർ, കോട്ടയം മുൻസിപ്പാലിറ്റി, വാഴപ്പള്ളി കുമരകം എന്നിവിടങ്ങളിലും രോഗവ്യാപനം ശക്തമാണ്. എറണാകുളത്ത് ആകെ രോഗികൾ 12600 കടന്നു. 56 പേർ മരിച്ചു. ആരോഗ്യപ്രവർത്തകരർ, അതിഥി തൊഴിലാളികൾ, ഐഎൻഎച്ച് ഉദ്യോഗസ്ഥർ എന്നിവർ കൂടുതലായി രോഗികളായി. രോഗവ്യാപനം ഇരുപത് ശതമാനം വരെ കൂടാം എന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ പ്രതിരോധപ്രവർത്തനം ശക്തമാക്കി.

പ്ലാസ്മ തെറാപ്പിക്ക് ആവശ്യമായ മെഷീൻ കളമശ്ശേരി ആശുപത്രിയിൽ സ്ഥാപിച്ചു. തൃശ്ശൂരിൽ പരിശോധനയുടെ 8 മുതൽ 14 ശതമാനം പേർ വരെ പൊസീറ്റീവാകുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 32 ശതമാനമാണ് ടെസ്റ്റ് പൊസിറ്റവിറ്റി റേറ്റ്. പാലക്കാട് കൊടുവായൂരിൽ പച്ചക്കറി മാ‍ർക്കറ്റിൽ 40 പേ‍ർ പൊസീറ്റാവായി. 2486 പേ‍ർ നിലവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത് രോ​ഗികൾ കൂടുന്നതിനാൽ ചികിത്സാ സൗകര്യം വിപുലമാക്കി. ഡി ടൈപ്പ് ഓക്സിജൻ സിലിൻഡര്‍, ബാക്ക് സപ്പോ‍ർട്ടുള്ള കിടക്കകൾ എന്നിവ കൂടി സജ്ജമാക്കും. മഞ്ചേരി മെഡി.കോളേജിലെ നാല് വാ‍ർഡ് കൂടി കൊവിഡ് ഐസിയു ആക്കി അൻപത് ബെഡ് കൂടി സജ്ജമാക്കും. കണ്ണൂ‍‍ർ മെഡി.കോളേജ്, തലശ്ശേരി ജന ആശുപത്രി എന്നിവടിങ്ങളിൽ കൊവിഡ് രോ​ഗികൾക്കുള്ള സൗകര്യം വ‍ർധിക്കും.

കൂത്തുപ്പറമ്പ്, തള്ളിപ്പറമ്പ് ആശുപത്രികളിലെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തും. കണ്ണൂ‍ർ ജില്ലാ ആശുപത്രിയിൽ നാൽപ്പത് കൊവിഡ് ബെഡുകൾ കൂടി സജ്ജമാകും. ടാറ്റയുടെ കൊവിഡ് ആശുപത്രി പൂ‍ർണമായി പ്രവ‍ർത്തന സജ്ജമാകും വരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കൊവിഡ് ആശുപത്രിയായി തുടരും. പ്രായം കുറഞ്ഞവരിൽ മരണസാധ്യത കുറവാണ്. എന്നാൽ രോ​ഗികളുടെ എണ്ണം കൂടുമ്പോൾ അതിനനുസരിച്ച് മരണസംഖ്യയും ഉയരും. 0.1 ശതമാനം മരണസംഖ്യ ഉണ്ടായാൽ പോലും അതു അപകടകരമാണ്. പതിനായിരം പേ‍ർ പൊസീറ്റിവായാൽ പത്ത് പേരും ഒരു ലക്ഷം പേ‍ർക്ക് രോ​ഗം വന്നാൽ നൂറ് പേരും മരിക്കുന്ന അവസ്ഥയുണ്ടാവും.

രോ​ഗവ്യാപനം ശക്തമായ സാഹചര്യത്തിൽ ഈ അപകടം നാം മുൻകൂട്ടി കാണണം. സെപ്റ്റംബര്‍ 11 മുതൽ സംസ്ഥാനത്തെ സമരങ്ങളിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാ‍ർട്ടികളിലെ നേതാക്കൾക്കും പ്രവ‍ർത്തകർക്കും ഇതുവരെ കൊവി‍ഡ് സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി 13 പേ‍ർക്ക് ഈ രീതിയിൽ കൊവിഡ് സ്ഥിരീകരിച്ചു. സമരത്തിൽ പങ്കെടുത്ത കൂടുതൽ പേ‍ർക്ക് രോ​​ഗബാധയുള്ളതായി സംശയിക്കുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരിൽ നിന്നും എത്ര പേ‍ർക്ക് പകർന്നുവെന്ന് വ്യക്തമല്ല.

സംസ്ഥാനത്ത് മഴയ്ക്ക് ശമനമുണ്ട്. ആലപ്പുഴയിലും കോഴിക്കോടും മഴയുണ്ടാവും എന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളം, ലക്ഷദ്വീപ് തീരത്ത് അൻപത് കീമീ വേ​ഗതയിൽ വരെ കാറ്റിനും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാലാരിവട്ടം പാലം പൊളിച്ചു പണിയും. നി‍ർമ്മാണ മേൽനോട്ടം ഏറ്റെടുക്കാം എന്ന് ഇ.ശ്രീധരൻ സമ്മതിച്ചു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഉടൻ നി‍ർമ്മാണം ആരംഭിക്കും. എട്ട് മാസം കൊണ്ട് പണി പൂർത്തിയാവും എന്നാണ് അദ്ദേഹം പറയുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പാലത്തിൽ വിള്ളൽ കണ്ടത് മൂലമാണ് സർക്കാർ വിദ​ഗ്ദ്ധ പരിശോധന പാലത്തിൽ നടത്തിയത്. തുടർന്ന് ഇ ശ്രീധരനേയും മദ്രാസ് ഐഐടിയേയും കൊണ്ട് പരിശോധന നടത്തിച്ചു അവരുടെ റിപ്പോ‍ർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പാലം പൊളിക്കാൻ തീരുമാനിച്ചത്.

കേവല പുനരുദ്ധാരണം കൊണ്ട് പാലത്തെ ശക്തിപ്പെടുത്താൻ സാധിക്കില്ലെന്നും സ്ഥായിയായ പരിഹാരം എന്ന നിലയിൽ പാലം പൊളിച്ചു പണിയുന്നതാണ് നല്ലതെന്നുമായിരുന്നു ശ്രീധരൻ്റെ നിർദേശം. ഈ രം​ഗത്തെ വിദ​ഗദ്ധനായ അദ്ദേഹത്തിൻ്റെ നി‍ർദേശം സർക്കാർ സ്വീകരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ചിലർ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചത്. ഭാരപരിശോധന എന്ന നി‍ർദേശം ഹൈക്കോടതി അം​ഗീകരിച്ചു. എന്നാൽ ജനങ്ങളുടെ സുരക്ഷയെ കരുതി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിൻ്റെ വാദം സുപ്രീംകോടതി അം​ഗീകരിച്ചു. നഷ്ടപ്പെട്ട മാസങ്ങൾ അല്ലെങ്കിൽ ഒരു വ‍ർഷത്തോളം നഷ്ടപ്പെട്ടു.

എന്നാൽ ഇനിയങ്ങോട്ട് സമയബന്ധിതമായി പാലം നിർമ്മാണം പൂർത്തിയാക്കും. സംസ്ഥാന ചരിത്രത്തിലെ അപൂർവ്വ സംഭവമാണ് പാലം നിർമ്മാണത്തിലെ അഴിമതി. ഇതേക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. അഴിമതി നടത്തിയ ആരും രക്ഷപ്പെടില്ല. ന​ഗ്നമായ അഴിമതിയാണ് പാലം നിർമ്മാണത്തിൽ നടന്നത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. യുഡിഎഫ് കാലത്തെ പല അഴിമതികളിൽ ഒന്നു മാത്രമാണിത്. ഈ അഴിമതിയിലൂടെ ഖജനാവ് കൊള്ളയടിച്ചവരെ കൊണ്ട് കണക്കു പറയിക്കുക എന്നത് നാടിൻ്റെ ഉത്തരവാ​ദിത്തമായി കാണുന്നു.

ഈ സർക്കാർ ഒരോ പദ്ധതിയും ​ഗുണനിലവാരം ഉറപ്പാക്കിയും ആധുനിക സാങ്കേതികവിദ്യയുടെ സാഹയത്തോടേയും ആണ് പൂർത്തിയാക്കുന്നത്. സർക്കാരിൻ്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് പല പദ്ധതികളും നടപ്പാക്കുന്നു. വയനാട് - കോഴിക്കോട് ബദല്‍ പാത ഇതിലൊന്നാണ്. നിലവിൽ താമരശ്ശേരി ചുരം വഴിയാണ് ഇതു വഴിയുള്ള ​ഗതാ​ഗതം. മോശം കാലാവസ്ഥയിൽ ഈ പാതയിലൂടെ ​ഗതാ​ഗതം തടസപ്പെടുന്ന അവസ്ഥയുണ്ട്. ഇതിനു പരിഹാരമായാണ് വയനാട്ടിലേക്ക് തുരങ്കപാത പണിയുന്നത്. ബദല്‍ പാത എന്നത് ഈ മേഖലയിൽ നിന്നുള്ളവരുടെ ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. നിലവിലെ പാത വനം വകുപ്പിൻ്റെ സ്ഥലത്തിലൂടെ കടന്നു പോകുന്നതായതിനാൽ അവയുടെ വികസനം വലിയ വെല്ലുവിളിയാണ്. അതിനാൽ തുരങ്കപ്പാത വലിയ സാധ്യതയാണ്. 

ആനക്കാംപ്പൊയിലിൽ നിന്നും കള്ളാടി വഴി മേപ്പാടിയിൽ എത്തുന്ന ഈ പാതയ്ക്ക് 7.8 കിലോമീറ്റർ ദൈർഘ്യമുണ്ടാവും. 6.9 നീളം തുരങ്കത്തിനുണ്ടാവും. തുരങ്ക നിർമ്മാണത്തിൽ വൈദ​ഗ്ദ്ധ്യം തെളിയിച്ച കൊങ്കൺ റെയിൽവേ കമ്മീഷനെ ഇതിനായി സർക്കാർ ചുമതലപ്പെടുത്തി. കിഫ്ബിയിൽ നിന്നാണ് ഇതിനായി ഫണ്ട് അനുവദിച്ചത്. ആവശ്യമായ പഠനങ്ങൾക്ക് ശേഷം കൊങ്കൺ റെയിൽവേ കോർപ്പറേഷൻ വിശദമായ പദ്ധതിരേഖ സർക്കാരിന് നൽകും. ഇതോടൊപ്പം കാണേണ്ട പദ്ധതിയാണ് ആലപ്പുഴ - ചങ്ങനാശ്ശേരി പാതയുടെ നവീകരണം.

പ്രളയത്തെ അതിജീവിക്കുന്ന രീതിയിൽ ഈ പാത നവീകരിക്കാനാണ് ഉദ്ദേശം. ഇതിനായി 625 കോടി ചിലവാക്കും. ആലപ്പുഴ - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന എ സി റോഡ് എല്ലാ മഴക്കാലത്തും വെള്ളത്തിലാണ്. കുട്ടനാടിൻ്റെ ഉൾപ്രദേശങ്ങളായ കൈനകരി, കാവാലം, നെടുമുടി, ചമ്പക്കരി എന്നിവിടങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്. ഇതിനു പരിഹാരമായാണ് എസി റോഡ് നവീകരിക്കുന്നത്. ഏറ്റവും കൂടുതൽ വെള്ളം കയറുന്ന അഞ്ചിടത്ത് മേൽപ്പാലം പണിയും. അഞ്ചിടത്ത് ക്രോസ് വേ പണിയും, വീതി കൂടേണ്ട കലുങ്കുകള്‍ വീതി കൂട്ടും.

റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ശംഖുമുഖം തീരദേശറോഡും നവീകരിക്കും. 225 കോടി ചിലവിൽ നി‍ർമ്മിക്കുന്ന ആലപ്പുഴ ബൈപ്പാസ് നവംബറിൽ തുറക്കും. 6.8 കിലോമീറ്ററാണ് ഇതിൻ്റെ നീളം. എറണാകുളത്തെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമായി നി‍ർമ്മിക്കുന്ന കുണ്ടന്നൂർ - വൈറ്റില മേൽപ്പാലങ്ങളുടെ ഉദ്ഘാടനം ഡിസംബറിലുണ്ടാവും. കുണ്ടന്നൂ‍ർ മേൽപ്പാലത്തിന് 88.77 കോടിയും വൈറ്റില മേൽപ്പാലത്തിന് 113 കോടി രൂപയുമാണ് ചിലവ്. ശബരിമല പാതയിലെ റോഡ‍ുകളുടെ നവീകരണത്തിനായി 220 കോടിയുടെ 62 പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഒക്ടോബറിൽ എല്ലാ പ്രവൃത്തികളും ആരംഭിക്കും. കൊല്ലത്ത് അഷ്ടമുടിക്കായലിന് കുറുകെയുള്ള പുതിയപെരുമൺ പാലത്തിൻ്റെ നിർമ്മാണം ഒക്ടോബറിൽ ആരംഭിക്കും. പൊതുമാരമത്ത് വകുപ്പിന് കീഴിൽ 36 പാലങ്ങള്‍ നവംബറിനകം ആരംഭിക്കും. 28 മേൽപ്പാലങ്ങളുടെ ഉദ്ഘാടനം നവംബറിന് മുൻപായി ഉണ്ടാവും.

കേരളത്തിലെ യുവജനങ്ങൾക്ക് നേതൃശേഷിയും നൈപുണ്യവും നൽകുന്ന യൂത്ത് ലീഡ‍ർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം  ഇന്ന് നി‍ർവഹിച്ചു. അന്താരാഷ്ട്ര തലത്തിലെ പ്രശസ്തരായ വ്യക്തിത്വങ്ങൾ തങ്ങളുടെ അറിവ് യുവജനതയുമായി പങ്കുവയ്ക്കും. ഇതിൻ്റെ ആദ്യ സെഷനിൽ കമലഹാസനാണ് യുവാക്കളുമായി ഇടപഴകുക.

ഓരോ ഓഫീസിലേയും സാഹചര്യം അനുസരിച്ച് മാത്രം ഓഫീസ് മേധാവി ജീവനക്കാരെ വിന്യസിച്ചാൽ മതി. ഒരു കുഴപ്പവും ഇല്ലെങ്കിലും നൂറ്ശതമാനം ജീവനക്കാർ വരാത്ത അവസ്ഥയുണ്ട്. ഹോട്ടലുകളിൽ സാമൂഹിക അകലം പാലിച്ചാവും സീറ്റിം​ഗ് അറേഞ്ച്മെൻ്റ് ഉണ്ടാവുക. ഇനി പ്രത്യേക പ്രശ്നം എന്തെങ്കിലും ഉണ്ടെങ്കിൽ അതു പരിശോധിക്കാം. 

പാലാരിവട്ടം പാലം അഴിമതിയിൽ അന്വേഷണം അവസാനഘട്ടത്തിലാണ്. ഇക്കാര്യത്തിൽ കുറ്റക്കാ‍ർ ആരും രക്ഷപ്പെടില്ല. ഇബ്രാഹിം കുഞ്ഞിൻ്റെ പ്രസ്താവനയോട് ഇപ്പോൾ ഞാൻ പ്രതികരിക്കുന്നില്ല. ഇക്കാര്യം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പാലാരിവട്ടം പാലത്തിൻ്റെ നഷ്ടവും പുനരുദ്ധാരണ ചിലവും ആരിൽ നിന്ന് ഈടാക്കണം എന്ന കാര്യം കോടതിവിധിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കും. 

വടക്കാ‍ഞ്ചേരിയിൽ റെഡ് ക്രസന്‍റ് നിർമ്മിക്കുന്ന കെട്ടിട്ടം സംബന്ധിച്ച് ആരോപണം വന്നല്ലോ. ഇരുപത് കോടിയുടെ കെട്ടിട്ട നിർമ്മാണത്തിൽ ഇടനിലക്കാർ കമ്മീഷന്‍ കൈപ്പറ്റി എന്ന ആരോപണമാണ് ഉയർന്നത്. ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുന്നുണ്ട്. സമയബന്ധിതമായി രണ്ട് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ഇനി അൻപതിനായിരം വീടുകളുടെ നി‍ർമ്മാണമാണ് നടക്കേണ്ടത്. ഇതുവരെ വീട് കിട്ടാത്തവര‍ക്ക് ഇന്നു വരെ അപേക്ഷ നൽകാൻ അനുമതി നൽകിയിട്ടുണ്ട്. ഇതാണ് ലൈഫ് പദ്ധതി.

എന്നാൽ വടക്കാഞ്ചേരിയിലെ പാർപ്പിട സമുച്ചയ നിർമ്മാണത്തിൻ്റെ വിവാദത്തിൽ ലൈഫ് പദ്ധതിയെ ആകെ എതിർക്കാൻ ചിലർ തയ്യാറായിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിലവിലുള്ള നിയമസംവിധാനത്തിലൂടെ തന്നെ വടക്കാഞ്ചേരിയിൽ നടപടി എടുക്കും.
ഇവിടെ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടവർക്കെല്ലാം എംഒയുവിൻ്റെ കോപ്പി ലഭിച്ചിട്ടുണ്ട്. ഈ രേഖകളെല്ലാം പരസ്യപ്പെടുത്തണം എന്നായിരുന്നു പ്രതിപക്ഷനേതാവിൻ്റെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാർ അന്വേഷണത്തിന് തയ്യാറാണ്. അദ്ദേഹം ആവശ്യപ്പെട്ട രേഖകൾ നൽകാൻ സർക്കാരിന് അലംഭാവം ഉണ്ടാവില്ല. എന്നാൽ ഇതല്ല എല്ലാ രേഖകളും വിട്ടുകൊടുക്കണം എന്നാണ് അദ്ദേഹം പറയുന്നത്.

റെഡ് ക്രസൻ്റുമായി ബന്ധപ്പെട്ട് കരാർ കൊടുത്ത അഴിമതിയിൽ അന്വേഷണം ഉണ്ടാവില്ല എന്നു ഒരു ഘട്ടത്തിലും ഞാൻ പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യം എൻ്റെ നാവിൽ കുത്തികേറ്റണ്ട. അന്വേഷണ ഏജൻസി ആരെയൊക്കെ ചോദ്യം ചെയ്യണം എന്തൊക്കെ അന്വേഷിക്കണം എന്ന് നമ്മൾ ഇപ്പോൾ ച‍ർച്ച ചെയ്യേണ്ട കാര്യമില്ല. കൊവിഡ് വല്ലാതെ പെരുക്കുന്ന അവസ്ഥയാണ്. നാട്ടിൽ രോ​ഗം പടരാൻ ഇടയാവുന്ന ഒരു പ്രവർത്തനവും നമ്മളിൽ നിന്നും ഉണ്ടാവരുത്. അതിനുള്ള ബോധവത്കരണമാണ് നടത്തേണ്ടത്. വാശിയോടെ രോ​ഗവ്യാപനം സൃഷ്ടിക്കുകയല്ല വേണ്ടത്. ഇതു യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പ്രശ്നമല്ല, നാടിൻ്റെയാകെ പ്രശ്നമാണ്.

സാമൂഹിക അകലം പാലിച്ച് പ്രക്ഷോഭകാരികളോട് പൊലീസിന് ഇടപെടാനാവില്ല. സമരങ്ങളിൽ ഇടപെട്ട പല പൊലീസുകാരും കൊവിഡ് പൊസീറ്റീവായി. ഇതിൽ നിന്നും പാഠം പഠിക്കേണ്ടേ. എന്തിനാണ് ഇങ്ങനെ ദുർവാശി കാണിക്കേണ്ടത്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന പ്രതിപക്ഷനേതാവ് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഇടപെടണം. എന്നാൽ നിർഭാ​ഗ്യവശാൽ അതല്ല സംഭവിക്കുന്നത്.

ക്വാറന്‍റീന്‍ സാധാരണ​ഗതിയിൽ 14 ദിവസമാണ്. എന്നാൽ ഏഴ് ദിവസം കഴിഞ്ഞാൽ അവർക്ക് ടെസ്റ്റ് നടത്തി നെ​ഗറ്റീവായാൽ പിന്നെ ക്വാറന്‍റീന്‍ നടത്തേണ്ട കാര്യമില്ല. എന്നാൽ കേരളത്തിലേക്ക് വരും മുൻപ് ഇവർ ടെസ്റ്റ് നടത്തണം. എന്നിട്ട് ഇവിടെ വന്ന് ഏഴ് ദിവസത്തിന് ശേഷവും നെ​ഗറ്റീവാണെങ്കിൽ ക്വാറന്‍റീന്‍ തുടരേണ്ട എന്നാണ് പുതിയ മാ‍ർ​ഗനി‍ർദേശത്തിൽ പറയുന്നത്.

പ്രതിരോധശേഷി വ‍ർധിപ്പിക്കുക എന്നത് കൊവിഡ് പോരാട്ടത്തിൽ പ്രധാനമാണ്. എന്നാൽ വൈറസ് വരാതെ നോക്കുക എന്നതിനാണ് കൂടുതൽ പ്രാധാന്യം. അതിനായി എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും കൃത്യമായി കൈകൾ വൃത്തിയാക്കുകയും വേണം. നല്ല പ്രതിരോധശേഷിയുള്ള ആളിൽ രോ​ഗം വന്നാൽ അയാളെ ​ഗുരുതരമായി ബാധിച്ചില്ലെങ്കിലും അയാൾക്കൊപ്പം ഉള്ളവ‍ർക്ക് പ്രതികൂലമായി ബാധിച്ചേക്കും. ഈ രീതിയിൽ മരണം വരെ സംഭവിച്ച കേസുകളുണ്ട്.

ഇ മൊബിലിറ്റി പദ്ധതിയിൽ ചട്ടപ്പടിയുള്ള നടപടി മാത്രമാണ് സ്വീകരിച്ചത്. ലോകത്തിൻ്റെ ഇന്നത്തെ സാഹചര്യത്തിൽ ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും ഒഴിവാക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ള ഏത് പദ്ധതിയേയും എതിർക്കുന്ന ഒരു വിഭാ​ഗം ഉണ്ടാവും. ഇത്തരം വാഹനങ്ങൾ വരുമ്പോൾ നിലവിൽ ഉള്ളവർക്ക് എതിർപ്പുണ്ടാവും അതെല്ലാം സ്വാഭാവികമാണ്. നമ്മളിവിടെ പരിസ്ഥിതി സൗഹൃദമാക്കുക എന്നു പറയുമ്പോൾ വാഹനങ്ങളുടെ ഉപയോ​ഗം വളരെ പ്രധാനമാണ്.

നമ്മു‌ടെ നാട്ടിൽ എപ്പോഴും ശരിയായ വാ‍ർത്ത നൽകി ജനങ്ങളെ ബോധവത്കരിക്കുന്ന മാധ്യമങ്ങളെ നമ്മൾ എപ്പോഴും സ്വാ​​ഗതം ചെയ്യും. എന്നാൽ സെക്രട്ടേറിയറ്റിൽ തീപിടുത്തം ഉണ്ടായപ്പോൾ അതിനെ വല്ലാത്ത വക്രീകരിക്കുന്ന അവസ്ഥയിലെത്തി. ഇവിടെ അതു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കൂടി സെക്രട്ടേറിയറ്റിന് തീ കൊടുത്തു എന്ന അവസ്ഥയിലെത്തി. അതൊരു ​ഗൗരവപരമായ കാര്യമല്ലേ. അപ്പോൾ അത് ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ടതുണ്ട്. അതൊരു തരത്തിലും മാധ്യമധർമ്മമല്ല.അതല്ലാതെ ആരുടേയും നേർക്ക് ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ ആലോചിക്കുന്നില്ല. ഈ സംഭവത്തിൽ പ്രസ് കൗൺസിലിന് പരാതി നൽകും. ഇതോടൊപ്പം മാനനഷ്ടത്തിന് കേസ് കൊടുക്കാനുള്ള സാധ്യതയും പരിശോധിക്കും.

ഞാൻ നന്നാവൂല്ല അമ്മാവാ എന്ന് പണ്ടു പറഞ്ഞ കുട്ടിയുടെ മാനസികാവസ്ഥയിൽ ആണ് ഈ ചോദ്യം. അന്വേഷണം പ്രഖ്യാപിച്ചില്ലേ എന്നു പറഞ്ഞായിരുന്നു നേരത്തെ ബഹളം. ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ  ആരെയെങ്കിലും പേടിച്ചാണോ എന്നായി ചോദ്യം. കേരളത്തിൽ നടന്ന സംഭവം ഇവിടുത്തെ അന്വേഷണ ഏജൻസി അന്വേഷിക്കും. അതു സ്വാഭാവികമായ നടപടിയാണ്. പിന്നെ മുഖ്യമന്ത്രിയേയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയേയും ഇതിൻ്റെ ഭാ​ഗമായി ആരേലും ചോദ്യം ചെയ്യും എന്ന ആ പൂതിയുണ്ടല്ലോ അതു മനസ്സിൽ വച്ചാൽ മതി.

മുഖ്യമന്ത്രി ഉൾപ്പെടുന്ന ഒരു വിജിലൻസ് ഇവിടെ ഇല്ല. വിജിലൻസ് ഇവിടെ ഒരു സ്വതന്ത്ര്യ അന്വേഷണ ഏജൻസിയാണ്. എന്തും വിളിച്ചു പറയാനുള്ള ഒരു നാവുണ്ടെന്ന് കരുതി എന്തും പറയരുത്. ആക്ഷേപമല്ല അസംബന്ധം പറയാൻ അല്ലല്ലോ വാ‍ർത്താസമ്മേളനം.