Asianet News MalayalamAsianet News Malayalam

പിടിവിട്ടുയര്‍ന്ന് കൊവിഡ്; സംസ്ഥാനത്ത് 22414 പേർക്ക് കൂടി രോഗം, എറണാകുളത്ത് 3980, ഒമ്പത് ജില്ലകളിൽ 1000 കടന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

covid details of kerala including new cases and precautions
Author
Trivandrum, First Published Apr 21, 2021, 7:03 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,45,93,000 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5000 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 206 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1332 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 3958, കോഴിക്കോട് 2590, തൃശൂര്‍ 2262, കോട്ടയം 1978, തിരുവനന്തപുരം 1524, മലപ്പുറം 1804, കണ്ണൂര്‍ 1363, ആലപ്പുഴ 1155, പാലക്കാട് 505, കൊല്ലം 933, പത്തനംതിട്ട 783, ഇടുക്കി 736, കാസര്‍ഗോഡ് 651, വയനാട് 529 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോട്ടയം 36, കണ്ണൂര്‍ 21, തിരുവനന്തപുരം 10, കാസര്‍ഗോഡ് 9, തൃശൂര്‍ 8, പാലക്കാട് 6, കൊല്ലം 3, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5431 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 552, കൊല്ലം 450, പത്തനംതിട്ട 449, ആലപ്പുഴ 487, കോട്ടയം 379, ഇടുക്കി 142, എറണാകുളം 700, തൃശൂര്‍ 452, പാലക്കാട് 208, മലപ്പുറം 165, കോഴിക്കോട് 788, വയനാട് 89, കണ്ണൂര്‍ 439, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 1,35,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,54,102 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,20,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,05,836 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,401 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2580 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 511 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ലോകത്താകെ 30 ലക്ഷം പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് രണ്ടാം തരംഗം ആരോഗ്യവിദഗ്ദ്ധരുടെ പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള വേഗം ആർജിച്ചു. ആശങ്കാജനകമായ സാഹചര്യമാണ്. മരണവും ചികിത്സ ലഭിക്കാത്തതും കിടക്കകളില്ലാത്തതുമായ വാർത്ത വരുന്നു. ഭയാശങ്കയോടെയല്ല മഹാമാരിയെ നേരിടേണ്ടത്. ജാഗ്രതയോടെ ഈ രോഗത്തെ മികച്ച രീതിയിൽ തടയാൻ കഴിയുമെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ച ജനതയാണ്. ആ അനുഭവം കരുത്താകണം. ഒന്നാം തരംഗത്തിൽ പരമാവധി പേർക്ക് രോഗം വരാതിരിക്കാൻ ശ്രമിച്ചു. രോഗികൾക്ക് മികച്ച ചികിത്സയും ലഭ്യമാക്കി. രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിക്കാൻ സാധിച്ചു. ഏറ്റവും ആദ്യം രോഗം റിപ്പോർട്ട് ചെയ്ത കേരളത്തില്‍അവസാനമാണ് രോഗവ്യാപനം ഉണ്ടായത്. വളരെ കുറഞ്ഞ മരണനിരക്ക് നിലനിർത്താൻ സാധിച്ചു.

ശക്തമായ ആരോഗ്യസംവിധാനം സജ്ജീകരിച്ചു സംസ്ഥാനത്ത്. നിലവിൽ ഓക്സിജൻ 74.25 മെട്രിക് ടൺ ആണ്. 219.22 മെട്രിക് ടൺ ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്നുണ്ട്. 9735 ഐസിയു കിടക്കകൾ സംസ്ഥാനത്ത് സർക്കാർ-സ്വകാര്യ മേഖലയിലുണ്ട്.  സർക്കാർ ആശുപത്രികളിലെ 2650 ഐസിയു കിടക്കകൾ മാത്രമെടുത്താല്‍ കൊവിഡ് നോൺ കൊവിഡ് ബാധിതർ 50 ശതമാനമേ ഉള്ളൂ. 3776 വെന്‍റിലേറ്റര്‍ സംസ്ഥാനത്തുണ്ട്. 277 വെന്‍റിലേറ്ററിലാണ് നിലവിൽ കൊവിഡ് രോഗികൾ ഉള്ളത്. 2653 സർക്കാർ വെന്‍റിലേറ്ററില്‍ 18.22 ശതമാനം മാത്രമാണ് രോഗികളുള്ളത്. 2249 കേന്ദ്രങ്ങളിലായി 199256 കിടക്കകൾ സംസ്ഥാനത്ത് സജ്ജമാണ്. കൊവിഡ് ചികിത്സ നൽകാൻ 136 സ്വകാര്യ ആശുപത്രികളിൽ 5713 കിടക്കകളുണ്ട്. സമഗ്രവും സുസജ്ജവുമായ സംവിധാനം ഒരുക്കി. വരും ദിവസങ്ങളിൽ അവ വിപുലീകരിക്കും.

ബ്രേക് ദി ചെയിൻ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ഓരോ തദ്ദേശ സ്ഥാപനവും ബ്രേക് ദി ചെയിൻ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ആൾക്കൂട്ടം, അടഞ്ഞ സ്ഥലം അടുത്ത് ഇടപെടൽ എന്നിവ ഒഴിവാക്കണം. ഇത് അനിവാര്യമാണ്. രോഗവ്യാപന തോത് ശക്തമായ സാഹചര്യമാണ്. ആളുകൾ കൂട്ടം ചേരരുത്. പ്രോട്ടോക്കോൾ പ്രകാരം അനുവദനീയമായതിൽ കൂടുതൽ ആളുകളുള്ള ഒരു പരിപാടിയും പാടില്ല. അടഞ്ഞ ഇടങ്ങളിൽ കൂട്ടം ചേരുന്നതും ഒഴിവാക്കണം. വാക്സീനേഷൻ പരമാവധി പേർക്ക് വേഗത്തിൽ നൽകുക പ്രധാനം.

6225976 ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. വാക്സീൻ ദൗർലഭ്യം പ്രധാന പ്രശ്നമാണ്. കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് പ്രതിവിധി ഉണ്ടാകണം. കേന്ദ്രസർക്കാരിന്‍റെ വാക്സീനേഷൻ പോളിസി കേരളമടക്കമുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചു. 50 ശതമാനം വാക്സീനേ കേന്ദ്രസർക്കാരിന് നൽകേണ്ടതുള്ളൂ. അവശേഷിക്കുന്നത് പൊതുവിപണിയിലേക്ക് മാറ്റാം. കൊവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത പ്രയാസമുണ്ടാക്കും.

കേന്ദ്രത്തിന് 150 രൂപയ്ക്ക് കിട്ടുന്ന വാക്സീൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്ക് വിൽക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വാക്സീൻ വില ഉയർന്നാൽ സംസ്ഥാനങ്ങൾ വലിയ പ്രതിസന്ധിയിലാവും. 45 വയസിന് മുകളിലെ 1.13 കോടി ആളുകൾക്ക് മെയ് 20 നുള്ളിൽ വാക്സീൻ നൽകണമെങ്കിൽ ദിവസവും ഇനി 3.70 ലക്ഷം പേർക്ക് കൊടുക്കണം. ദിവസവും രണ്ടര ലക്ഷം പേർക്ക് വാക്സീൻ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്.

വാക്സീൻ ഉൽപ്പാദനം വർധിപ്പിക്കാനും ശ്രമിക്കണം. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുത്. ആരോഗ്യ പരിപാലനം നിലനിർത്തുന്നതിന് സംസ്ഥാനങ്ങൾക്ക് വാക്സീൻ സൗജന്യമായി നൽകണം. കൊവിഡ് മഹാമാരി നിയന്ത്രിക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കാൻ തള്ളിവിടരുത്. കേന്ദ്രവും സംസ്ഥാനങ്ങളും അടങ്ങുന്ന സർക്കാർ ചാനലാണ് വേണ്ടത്. വാക്സീൻ കിട്ടാതെ സർക്കാർ നേരിടുന്ന പ്രയാസവും മനസിലാക്കണം. 50 ലക്ഷം ഡോസാണ് കേരളം ആവശ്യപ്പെട്ടത്. അഞ്ചര ലക്ഷം ഡോസാണ് ലഭിച്ചത്. ബാക്കി വാക്സീൻ അടിയന്തിരമായി ലഭ്യമാക്കണം. നിലവിലെ സാഹചര്യം അവലോകന യോഗം ചേർന്ന് വിലയിരുത്തി. നിയന്ത്രണം കർക്കശമാക്കും. സിഎഫ്എൽടിസികൾ ഒരു താലൂക്കിൽ ഒരെണ്ണം ഉണ്ടാകും. രോഗികളുടെ എണ്ണം വർധിച്ചാൽ സിഎഫ്എൽടിസികൾ വർധിപ്പിക്കും.

പൊതുപ്രവർത്തനങ്ങൾ എങ്ങിനെ നടത്തണമെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളെ ആരും പഠിപ്പിക്കേണ്ടതില്ല. സാമാന്യ ധാരണ ലഭിക്കുന്നതോടെ ഫലപ്രദമായി അവർക്ക് പ്രവർത്തിക്കാനാവും. അതിനനുസരിച്ചുള്ള ഇടപെടൽ ഇനി ഉണ്ടാകണം. ഈ ഇടപെടലാണ് ഒന്നാം തരംഗത്തെ നേരിടാൻ സഹായിച്ചത്. തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ഫലപ്രദമായ പങ്ക് വഹിക്കണം. ജനത്തെ കൃത്യമായി കാര്യം അറിയിക്കണം. പലരും വീടുകളിലാണ് കഴിയുന്നത്. തദ്ദേശ സ്ഥാപന അതിർത്തികളിൽ ഉച്ചഭാഷിണി വഴി മുന്നറിയിപ്പ് നൽകണം.

വാർഡുതല സമിതികൾ തദ്ദേശ സ്ഥാപന അംഗത്തിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കണം. രോഗികൾക്കും ക്വാറന്‍റീനില്‍ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കണം. സാഹചര്യം മനസിലാക്കി ഇടപെടണം. സർക്കാർ ജീവനക്കാരിൽ 50 ശതമാനം പേർക്ക് റൊട്ടേഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം നടപ്പാക്കുകയാണ്. മറ്റുള്ളവരെ കൊവിഡ് നിയന്ത്രണ പ്രവർത്തനത്തിന് ജില്ലാ കളക്ടർമാർ ഉപയോഗിക്കും. സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം. ഏപ്രിൽ 24 ശനിയാഴ്ച പൊതു അവധി. സർക്കാർ-പൊതുമേഖലാ ഓഫീസുകൾക്ക് അവധി നൽകുന്നു. ആ ദിവസത്തെ ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് മാറ്റമുണ്ടാകില്ല. 24 നും 25 നും അത്യാവശ്യ സർവീസുകൾ മാത്രമേ ഉണ്ടാകു. ഞായറാഴ്ച കടകൾ പൊതുവേ പ്രവർത്തിക്കാറില്ല. ബന്ധപ്പെടൽ കുറയ്ക്കണം. ലോക്ക്ഡൗൺ അന്തരീക്ഷം സർക്കാർ ഉദ്ദേശിക്കുന്നില്ല.

നോമ്പുകാലത്ത് ഹോട്ടലിനെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്നവരുണ്ട്. അവർക്ക് ഭക്ഷണം ലഭിക്കണം. നോമ്പിന്‍റെ ഭാഗമായ ചടങ്ങുകൾ പ്രാർത്ഥനകൾ എന്നിവ പ്രോട്ടോക്കോൾ പാലിച്ച് നടത്തണം. ഓക്സിജൻ ആവശ്യത്തിനുണ്ട്. അതിന്‍റെ ലഭ്യത വിലയിരുത്തുന്നതിന് ഒരു സമിതി പരിശോധിക്കും. അതിഥി തൊഴിലാളികൾക്ക് അതതിടത്ത് വാക്സീനേഷൻ ലഭ്യമാക്കണം. ഭക്ഷണം ഒരുക്കുന്നതടക്കം ശ്രദ്ധിക്കണം.

സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചുചേർക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗവും വിളിച്ചുചേർക്കും. നിയന്ത്രണം ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. മഹാമാരി തീവ്രവ്യാപന സ്വഭാവമാണ്. ബുദ്ധിമുട്ട് ഉണ്ടായാലും മാനദണ്ഡവുമായി എല്ലാവരും സഹകരിക്കണം. അയൽ സംസ്ഥാനങ്ങളിലും രോഗവ്യാപന തോത് വല്ലാതെ വർധിച്ചു. ഉയർന്ന ജാഗ്രത പുലർത്തണം.

സംസ്ഥാനത്തിന്‍റെ യഥാർത്ഥ പ്രശ്നം കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതുണ്ട്. വാക്സീൻ തരാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. സംസ്ഥാനത്തിന്‍റെ പെടലിക്ക് കൂടുതൽ ഭാരം അടിച്ചേൽപ്പിക്കരുത്. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സംസ്ഥാന സർക്കാർ ചെയ്യും. ഇവിടെ വാക്സീൻ സൗജന്യമായിരിക്കും. നേരത്തെ പ്രഖ്യാപിച്ചതാണ്. ഇടയ്ക്കിടയ്ക്ക് മാറ്റിപ്പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല. 

കൊവിഡ് വിവാദത്തെക്കുറിച്ച്

നാലാം തീയതി എനിക്ക് രോഗം ബാധിച്ചില്ല. ഏഴാം തീയതിയും ആരോഗ്യവാനായിരുന്നു. ടെസ്റ്റ് ചെയ്തത് മകൾക്ക് രോഗബാധ ഉണ്ടായത് കൊണ്ടാണ്. അപ്പോഴാണ് പോസിറ്റീവെന്ന് കണ്ടത്. ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല. രോഗമില്ലാത്ത ഭാര്യ എന്‍റെ കൂടെ വന്നത് സാധാരണ കുടുംബത്തിൽ കാണുന്ന കാര്യം. എനിക്ക് പോസിറ്റാവായ സമയത്ത് ഭാര്യക്ക് രോഗം ഉണ്ടായിരുന്നില്ല. അവർ എന്‍റെ കൂടെ വന്നിരുന്നു. പിന്നീടുള്ള ടെസ്റ്റിൽ അവർക്കും രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നം ഒന്നും ഇല്ലായിരുന്നു. സാധരണ ഗതിയിൽ നടക്കുന്ന കാര്യമാണത്. ഞാനായത് കൊണ്ട് ഒരു വിവാദമുണ്ടായി.

ജലീല്‍ വിഷയം

ജലീലുമായി ചർച്ച ചെയ്ത ശേഷം മറ്റ് കാര്യങ്ങൾ പറയാം. മന്ത്രി അയക്കുന്ന ഒരു ഫയൽ സാധാരണ നിലയ്ക്ക് മുഖ്യമന്ത്രി ഒപ്പുവയ്ക്കും. നിലവിലെ യോഗ്യതകൾ ഇളവ് ചെയ്തതല്ല, കൂടുതൽ നിബന്ധന വെക്കുന്നുവെന്ന് പറയുമ്പോൾ ഒപ്പുവയ്ക്കുകയെന്നല്ലാതെ എന്താണ് ചെയ്യുക.

Follow Us:
Download App:
  • android
  • ios