കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദിയിലെ ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയൻ (കെയുഡബ്ല്യുജെ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദിയിലെ ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആദ്യകാല തിരുവനന്തപുരം മേയർമാരിലൊരാളായ സത്യകാമൻ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂർ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയിൽ തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിലായി ദീർഘകാലം മാധ്യമപ്രവർത്തകനായിരുന്നു. കേരളകൗമുദി പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകരുടെ അവകാശ പോരാട്ടങ്ങളിൽ മുന്നണിയിൽ നിലകൊണ്ട ജയശങ്കർ പത്രപ്രവർത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. 1998 - 99 , 2001-2003, 2003-2005 കാലയളവിലാണ് ജയശങ്കര്‍ യൂനിയന്‍റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. എസ് ജയശങ്കറിന്‍റെ നിര്യാണത്തിൽ കേരള പത്രപ്രവർത്തക യൂണിൻ സംസ്ഥാനകമ്മിറ്റി അനുശോചിച്ചു. ഒരു നാളിൽ കരുത്തായി കാവലായി സംഘടനയെ മുന്നോട്ടു നയിച്ച നേതാവാണെന്ന് യൂണിയൻ അനുസ്മരിച്ചു.



