Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 37190 പുതിയ രോഗികൾ; കൊവിഡ് മുക്തി ഉയരുന്നു, 26148 പേര്‍ക്ക് ഇന്ന് രോഗമുക്തി, മരണം 57, ടിപിആർ 26.08

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

covid details of kerala including new cases and precautions
Author
Trivandrum, First Published May 4, 2021, 5:35 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4988, കോഴിക്കോട് 4644, മലപ്പുറം 4161, തൃശൂര്‍ 3522, തിരുവനന്തപുരം 2956, പാലക്കാട് 1334, ആലപ്പുഴ 2712, കൊല്ലം 2415, കോട്ടയം 2036, കണ്ണൂര്‍ 1808, പത്തനംതിട്ട 1040, വയനാട് 937, ഇടുക്കി 941, കാസര്‍ഗോഡ് 649 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തൃശൂര്‍ 17, തിരുവനന്തപുരം 13, പത്തനംതിട്ട 11, കൊല്ലം, വയനാട് 9 വീതം, കാസര്‍ഗോഡ് 8, പാലക്കാട് 6, എറണാകുളം 4, മലപ്പുറം 3, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1989, കൊല്ലം 1557, പത്തനംതിട്ട 751, ആലപ്പുഴ 2261, കോട്ടയം 3890, ഇടുക്കി 913, എറണാകുളം 4235, തൃശൂര്‍ 1686, പാലക്കാട് 951, മലപ്പുറം 2125, കോഴിക്കോട് 3934, വയനാട് 250, കണ്ണൂര്‍ 1490, കാസര്‍ഗോഡ് 116 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,39,257 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 699 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നിലവിൽ 240000 ഡോസ് വാക്സീനാണ് സ്റ്റോക്കുള്ളത്. പരമാവധി രണ്ട് ദിവസത്തേക്ക് മാത്രമേ അത് തികയൂ. നാല് ലക്ഷം കൊവിഷീൽഡും 75000 ഡോസ് കൊവാക്സീനും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. മെയ് മൂന്നിന് 272.8 മെട്രിക് ടൺ ഓക്സിജൻ സ്റ്റോക്കുണ്ട്. 105.38 മെട്രിക് ടൺ ഓക്സിജനാണ് ഒരു ദിവസം ആവശ്യം. ടിപിആർ ഉയർന്നു നിൽക്കുന്നു. അത് നല്ല രീതിയിൽ കുറയ്ക്കാനാവണം. ഓക്സിജൻ ലഭ്യതയ്ക്ക് നടപടിയെടുക്കണം. ജില്ലകളിൽ വിഷമങ്ങൾ ഉണ്ടായാൽ ഇടപെടണം. വിക്ടേർസ് വഴി കൊവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ മുഴുവൻ സമയം നൽകും. സ്വകാര്യ ചാനലുകൾ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷന് സൗകര്യം ഒരുക്കണം.

അടുത്ത രണ്ടാഴ്ച കൊവിഡുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്‍റ് പ്രവർത്തനത്തിന് തെരഞ്ഞെടുപ്പിലെ റിട്ടേണിങ് ഓഫീസർമാരെ നിയോഗിക്കും. ടെലി മെഡിസിൻ കൂടുതൽ ഫലപ്രദമാക്കണം. ഒരു രോഗി ഒരു തവണ ബന്ധപ്പെട്ട് വീണ്ടും ബന്ധപ്പെടുമ്പോൾ അതേ ഡോക്ടറെ ബന്ധപ്പെടാവുന്ന സൗകര്യം വേണം. ഇക്കാര്യത്തിൽ സ്വകാര്യ ഡോക്ടർമാർ പങ്കുവഹിക്കണം. കിടക്കകൾ വർധിപ്പിക്കുന്ന പ്രശ്നത്തിൽ കെടിഡിസി അടക്കമുള്ള ഹോട്ടലുകളുടെ സൗകര്യം കിടക്ക വർധിപ്പിക്കാൻ ഉപയോഗിക്കും. അവശ്യ സാധനം ഓൺലൈനായി വിതരണം ചെയ്യണം. സിവിൽ സപ്ലൈസ് കോർപറേഷൻ, ഹോർട്ടികോർപ്പ്, കൺസ്യൂമർഫെഡ് എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണം. സ്വാശ്രയ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വാക്സീൻ ഉടൻ നൽകും. മൃഗ ചികിത്സകർക്കും വാക്സീൻ ലഭ്യമാക്കും.

ഓഫീസിലെ ഹാജർ നില 25 ശതമാനമായി നിജപ്പെടുത്തി. വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ വൊളണ്ടിയർമാരെ നിയോഗിക്കണം. ആവശ്യമായ പൊലീസ് സഹായവും ഉറപ്പാക്കണം. അത്തരമൊരു നിലപാട് അവലോകന യോഗം എടുത്തു. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം സംയമനത്തോടെ പെരുമാറിയ കേരള ജനതയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല. സാഹചര്യത്തിന്‍റെ ഗൗരവം മനസിലാക്കി പ്രവർത്തിക്കാൻ സമൂഹത്തിനായി. അഭിമാനാർഹമായ കാര്യമാണ്. ടിപിആർ വർധന കാണിക്കുന്നത് കേരളത്തിൽ രോഗം ഉച്ഛസ്ഥായിയിലെത്താൻ സമയമെടുക്കുമെന്നാണ്. രോഗവ്യാപനം ഇനി കൂടാൻ സാധ്യതയുണ്ട്.

ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗ്രാമീണ മേഖലയിലേക്ക് കൂടി ഇന്ത്യയിൽ കൊവിഡ് രണ്ടാം വ്യാപനം വ്യാപിച്ചെന്ന് പറയുന്നു. മരണം വർധിക്കാൻ ഇത് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ആരോഗ്യ സംവിധാനങ്ങളുടെ ദൗർലഭ്യം സ്ഥിതി കൂടുതൽ പ്രതിസന്ധിയാക്കി. പഞ്ചാബിലെ 80 ശതമാനം പേർ ലക്ഷണം കൂടിയപ്പോഴാണ് ചികിത്സ തേടിയത്. കേരളത്തിലും ഗ്രാമീണ മേഖലയിൽ രോഗവ്യാപനം കൂടുതലാണ്. സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം കുറവാണെന്നതും മറ്റ് സംസ്ഥാനങ്ങളേക്കാൾ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനം മികച്ച പ്രവർത്തനം നടത്തുന്നുണ്ട്.

എങ്കിലും നിയന്ത്രണം ഗ്രാമ മേഖലകളിലും അനിവാര്യമാണ്. നിയന്ത്രണം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങൾ ആ കാര്യം ഉറപ്പാക്കണം. ഹോം ക്വാറന്‍റീനില്‍ കഴിയുന്നവർ നിർദ്ദേശങ്ങൾ പാലിക്കണം. പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് ഓക്സിജൻ നില ഇടയ്ക്ക് പരിശോധിക്കണം. ആർക്കെങ്കിലും ചികിത്സ ലഭിക്കാതെ ഉണ്ടാകാതെ നോക്കണം. 50 ശതമാനം പേരിലേക്ക് രോഗം പകർന്നത് വീടുകളിൽ വെച്ചാണ്. ഗൗരവത്തോടെ പരിഗണിക്കേണ്ട പ്രശ്നമാണ്. അവനവന്‍റെ വീടുകളിൽ സുരക്ഷാ വലയം തീർക്കാൻ ജാഗ്രത പുലർത്തണം. വയോജനങ്ങളും കുട്ടികളും ഇടപെടുമ്പോൾ നന്നായി ശ്രദ്ധിക്കണം. കഴിയാവുന്നത്ര വീടിൽ നിന്ന് പുറത്തിറങ്ങരുത്.

സാധനങ്ങൾ വാങ്ങാൻ പോകുന്നവർ അത്യാവശ്യ സാധനം കുറഞ്ഞ സമയത്തിൽ വാങ്ങുക. ഡബിൾ മാസ്ക് ഉപയോഗിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, അകലം പാലിക്കുക. തിരികെ വീട്ടിലെത്തുമ്പോൾ കൈകാലുകളും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കാനാവുമെങ്കിൽ അതാണ് ഏറ്റവും നല്ലത്. തുമ്മൽ, ചുമ, ജലദോഷം, ശ്വാസം മുട്ടൽ എന്നിവ കണ്ടാൽ വീട്ടിലാണെങ്കിലും മാസ്ക് ധരിക്കണം. മറ്റ് അംഗങ്ങളും മാസ്ക് ധരിക്കണം. കൊവിഡുണ്ടോയെന്ന് ഉറപ്പാക്കണം. മറ്റ് വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റ് വീടുകളിൽ പോകേണ്ടതുണ്ടെങ്കിൽ മാസ്ക് ധരിച്ചും കൈകൾ സാനിറ്റൈസ് ധരിച്ചുമാണ് പോകേണ്ടത്.

കൊവിഡ് വന്നേക്കാമെന്ന് ഭയപ്പെട്ട് വീട്ടിലെ ജനൽ അടച്ചിടരുത്. അവ തുറന്നിടണം. വീടിനകത്ത് കഴിയാവുന്നത്ര വായു സഞ്ചാരം ഉറപ്പാക്കണം. രോഗം പകരാനുള്ള സാധ്യത കുറയും. ആളുകൾ നിരന്തരമായി സ്പർശിക്കുന്ന പ്രതലം, വാതിലുകളുടെ ഹാന്‍റിലുകള്‍ സ്വിച്ചുകൾ, ഇവ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസ് ചെയ്യണം. കൊവിഡ് രോഗബാധ ഏൽക്കാത്ത ഇടമായി വീടുകളെ മാറ്റാൻ ഓരോരുത്തരും മുൻകൈയെടുക്കണം.

സർജ് കപ്പാസിറ്റി ഉയർത്താൻ പരമാവധി ശ്രമിക്കുന്നുണ്ട്. അതൊന്നും മതിയാകാത്ത സാഹചര്യം രോഗവ്യാപനം വളർന്നാലുണ്ടാകുമെന്ന് മുൻകൂട്ടി കാണണം. ആരോഗ്യവകുപ്പിലെ എല്ലാവരും വലിയ സമ്മർദ്ദത്തിന് കീഴ്പ്പെട്ടാണ് ജോലി ചെയ്യുന്നത്. അതിനിയും കൂടരുത്.

കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ചത് 7338860 ഡോസ് വാക്സീനാണ്. നല്ല രീതിയിൽ ആ വാക്സീൻ മുഴുവൻ ഉപയോഗിച്ചു. ഓരോ വാക്സീൻ വയലിനകത്തും വേസ്റ്റേജ് ഫാക്ടർ എന്ന നിലയിൽ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് ഉപയോഗിക്കാനായി. 7424166 ഡോസ് വാക്സീൻ നാം ഉപയോഗിച്ചത് ഇങ്ങനെ. കേന്ദ്രസർക്കാർ തന്നതിൽ കൂടുതൽ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്സീൻ വിതരണം ചെയ്യാനായത് ആരോഗ്യപ്രവർത്തകരുടെ പ്രത്യേകിച്ച് നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ അഭിമാനാർഹമായ നേട്ടമാണ് നേടിയത്. വാക്സീൻ ഇപ്പോൾ ലഭിക്കുന്നില്ല. 45 ന് മുകളിലുള്ളവർക്ക് സൗജന്യ വാക്സീൻ നൽകാൻ കേന്ദ്രം തയ്യാറാവണം. അല്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് വാങ്ങാനാവും വിധം വാക്സീൻ വിതരണം ഉറപ്പാക്കണം. സംസ്ഥാനങ്ങൾക്ക് നീതി ഉറപ്പാക്കണം, ദൗർലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു.

എല്ലാ വാക്സീനും നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്. അത് ആവർത്തിച്ച് വ്യക്തമാക്കുന്നു. അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. കാരുണ്യ ആരോഗ്യ പദ്ധതിയുടെ ഭാഗമാകാനുള്ള അഭ്യർത്ഥന മാനിച്ച് പുതുതായി 11 സ്വകാര്യ ആശുപത്രികൾ കൂടി പദ്ധതിയുടെ ഭാഗമായി. കൂടുതൽ ആശുപത്രികൾ ഈ പാത പിന്തുടരണം. കൂടുതൽ പേർക്ക് സൗജന്യ ചികിത്സ നൽകാനാവും.

വൻകിട നിർമ്മാണ സ്ഥലത്ത് ജോലിക്കാർക്ക് താമസ സൗകര്യം ഉറപ്പാക്കണം. അല്ലെങ്കിൽ വാഹന സൗകര്യം ഉറപ്പാക്കണം. വീട്ടുജോലിക്കാരുടെയൊക്കെ യാത്രാ ബുദ്ധിമുട്ട് പരിഹരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി. നടത്തം, ഓട്ടം തുടങ്ങിയ വ്യായാമ മുറകൾക്ക് പൊതു സ്ഥലം ഉപയോഗിക്കരുത്. വീടും വീട്ടുപരിസരവും മാത്രമേ ഉപയോഗിക്കാവൂ. പൊതു സ്ഥലത്ത് പോകുന്നവർ രണ്ട് മാസ്ക് ധരിക്കണം. പലരും ഈ നിർദ്ദേശം പാലിക്കുന്നില്ല. സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനും രോഗം വ്യാപിക്കുന്നത് തടയാനുമാണിത്. അത് കൃത്യമായി പാലിക്കണം. രണ്ട് മാസ്കിൽ ആദ്യം സർജിക്കൽ മാസ്കും പുറമെ തുണിമാസ്കുമാണ് ഉപയോഗിക്കേണ്ടത്. കച്ചവടക്കാരും ജീവനക്കാരും മാർക്കറ്റുകളിൽ രണ്ട് മീറ്റർ അകലം പാലിക്കണം.

ഓക്സിജൻ, മരുന്നുകൾ മുതലായവ അവശ്യ വസ്തുക്കളാണ്. ഇതുമായി പോകുന്ന വാഹനങ്ങൾക്ക് റോഡിൽ തടസം ഉണ്ടാകരുത്. ആവശ്യമെങ്കിൽ പൊലീസ് എസ്കോർട്ടും നൽകും. വാർഡ് തല സമിതി, റാപ്പിഡ് റെസ്പോൺസ് ടീം എന്നിവ കൂടുതൽ ശക്തിപ്പെടുത്തും. 24 മണിക്കൂറിനുള്ളിൽ പ്രവർത്തനം പൂർണതോതിൽ എത്തിക്കും. വാർഡുകൾ തോറും നിയോഗിച്ച വനിതാ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരുടെ പ്രവർത്തനം മികച്ചതാണ്. വനിതാ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തിന്‍റെ പ്രവർത്തനവും വിവിധ ജില്ലകളിൽ നടക്കുന്നു. ഇന്ന് മാസ്ക് ധരിക്കാത്ത 13730 പേർക്കെതിരെയും അകലം പാലിക്കാത്ത 9551 പേർക്കെതിരെയും കേസെടുത്തു. പിഴയായി ഈടാക്കിയത് 5634500 രൂപയാണ്.

വാക്സീൻ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. കേന്ദ്രമാണ് വാക്സീൻ നൽകേണ്ടത്. അവരുടെ നയമനുസരിച്ച് 18 ന് മുകളിലുള്ളവർക്ക് സർക്കാർ-സ്വകാര്യ ആശുപത്രികൾ വഴിയാണ് വിതരണം. സർക്കാർ വിചാരിച്ചാൽ വാക്സീൻ കിട്ടില്ല. അത് ലഭ്യമാകുന്ന മുറയ്ക്ക് 18 ന് മുകളിലുള്ളവർക്ക് പ്രത്യേക ക്രമീകരണത്തിലൂടെ വാക്സീൻ നൽകണം. മനുഷ്യൻ ആശങ്കയിൽ നിൽക്കുമ്പോൾ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടത്. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

സിറം ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ സ്ഥിതി വെച്ച് പറയുന്നതാണ്. നമ്മൾ ആദ്യമേ ആവശ്യമായ വാക്സീൻ ലഭ്യമാക്കണമായിരുന്നു. എന്നാൽ നമുക്ക് വേണ്ടത് കരുതാതെ മറ്റ് നടപടികളിലേക്ക് പോയെന്നാണ് കരുതുന്നത്. ഏതെല്ലാം വഴിക്ക് വാക്സീൻ ലഭിക്കുമോ, അതെല്ലാം സ്വീകരിക്കണം എന്നാണ് കരുതുന്നത്.

സ്വകാര്യ ലാബുകൾ പ്രവർത്തിക്കുന്നത് പൊതുസമൂഹത്തിന് വേണ്ടിയാണ്. നിഷേധ നിലപാട് സ്വകാര്യ ലാബുകളിൽ നിന്നുണ്ടായാൽ അത് പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കും. അത് തന്നെയാണ് ഇന്ന് ബഹുമാനപ്പെട്ട ഹൈക്കോടതിയും പറഞ്ഞതെന്നാണ് മനസിലാക്കുന്നത്. 

Follow Us:
Download App:
  • android
  • ios