തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7354 പേര്‍ക്ക് കൊവിഡ്. 6364 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 672 പേര്‍. 22 പേരാണ് രോഗബാധിതരായി മരിച്ചത്. ഇന്ന് രോഗമുക്തി നേടിയത് 3420 പേരാണ്. 61791 പേര്‍ ചികിത്സയില്‍. രോഗബാധ സ്ഥിരീകരച്ചവരില്‍ 130 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 24 മണിക്കൂറില്‍ 52755 സാമ്പിളുകള്‍ പരിശോധിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

സമരങ്ങളും പ്രക്ഷോഭങ്ങളും ജനാധിപത്യത്തിൽ പാലിക്കപ്പെടണം. നേരിടുന്ന സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് സമരത്തിലും നിയന്ത്രണം വേണം. ആൾക്കൂട്ടം ഒഴിവാക്കണം. സഹകരിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിച്ചു.ലോക്ക് ഡൗണിന് ശേഷം വിവിധ മേഖലകൾ തുറന്നു. അസംഘടിത മേഖലയ്ക്ക് ഇത് ആവശ്യമാണ്. കമ്പോളത്തിലും റീട്ടെയില്‍ കടകളിലും തുടക്കത്തിലെ ജാഗ്രതയ്‍ക്ക് കുറവുണ്ടായി. ദൂഷ്യഫലം പ്രത്യക്ഷത്തിൽ കാണുന്നു. നിലവിലെ സംവിധാനത്തിനൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെടണം. ലോക്ക് ഡൗണിന് ശേഷം രാജ്യത്തെമ്പാടും എല്ലാ മേഖലകളും തുറക്കുന്നു. അസംഘടിത മേഖലയിലെ ബഹുഭൂരിപക്ഷം തൊഴിൽ ശക്തിക്ക് ഉപജീവനത്തിന് തുറന്ന് പ്രവർത്തിക്കൽ ആവശ്യമാണ്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കലും പ്രധാനം. വീഴ്ച ഉണ്ടാകരുത്.

നാളിതുവരെ നല്ല പിന്തുണ ലഭിച്ചു. ചില ഘട്ടത്തിൽ സങ്കുചിത താത്പര്യങ്ങൾ പൊന്തിവന്നു. രോഗവ്യാപനം വലിയ ഭീഷണിയായി പത്തിവിടർത്തുന്നു. ഇത്തരം പ്രവണത ഇനി ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. സ്ഥിതി ഇനി അതിസങ്കീർണമാകും. പ്രതിസന്ധി മറികടക്കാൻ എല്ലാവരുടെയും സഹകരണം തേടി. നിലവിലെ സാഹചര്യത്തിന്‍റെ ഗൗരവം ഉൾക്കൊണ്ട് എല്ലാ ഭാഗത്ത് നിന്നും പ്രവർത്തനം വേണം. അണികളെ ജാഗ്രത പെടുത്താൻ നേതൃത്വം തയ്യാറാവണം. നാടിനെയും ജനത്തെയും സംരക്ഷിക്കുന്ന പ്രവർത്തനമേ ഉണ്ടാകാവൂ. ഈ അഭ്യർത്ഥന എല്ലാവരും സ്വീകരിച്ചു.

വിശദമായ ചർച്ച നടന്നു. ചില കാര്യത്തിൽ എല്ലാവരും യോജിച്ചു. ഒറ്റക്കെട്ടായി നീങ്ങാൻ എല്ലാവരും തീരുമാനിച്ചു. ഏകീകൃതമായി കൊവിഡിനെ പ്രതിരോധിക്കാൻ മാനദണ്ഡം പാലിക്കണമെന്ന കാര്യത്തിൽ എല്ലാവരും യോജിച്ചു. ഈ സാഹചര്യം നേരിടാൻ ഇപ്പോഴത്തെ ഘട്ടത്തിൽ ലോക്ക്ഡൗൺ പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി. അതിനോട് എല്ലാവരും യോജിച്ചു. പരിപാടികൾ നടക്കുമ്പോൾ നിശ്ചിത എണ്ണം ആളുകളേ പങ്കെടുക്കാവൂ. അതിൽ വിവാഹമായാലും മരണമായാലും സാമൂഹികമായ മറ്റ് ചടങ്ങായാലും രാഷ്ട്രീയ പരിപാടിയായാലും ഇതിലെല്ലാം പങ്കെടുക്കുന്നവരുടെ എണ്ണം സർക്കാർ തീരുമാനിക്കും. അത് പാലിക്കണമെന്ന് തീരുമാനിച്ചു.

എല്ലാ കാര്യത്തിലും കൊവിഡ് വ്യാപനം തടയുക എന്നതിനാണ് പ്രാമുഖ്യം. എല്ലാവരും ഇത് അഅംഗീകരിച്ചു. ഇന്നത്തെ പൊതുവായ അവസ്ഥ മലപ്പുറത്ത് രോഗികളുടെ എണ്ണം ഇന്ന് 1040 ആണ്. അതിൽ 970 സമ്പർക്കമാണ്. തിരുവനന്തപുരത്ത് മിക്ക സ്ഥലത്തും രോഗബാധയുണ്ട്. 935 പേർക്ക് ഇന്ന് സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 988 പേർക്ക് ഉറവിടം അറിയില്ല. ഇന്നത്തെ കണക്ക് ഇതിന് പുറമെയാണ്. ഈ കാലയളവിൽ 15 വയസിന് താഴെയുള്ള 567 കുട്ടികളും 60 ലേറെ പ്രായമുള്ള 786 പേർക്കും കൊവിഡ് ബാധിച്ചു.നിയന്ത്രണത്തിൽ ഇളവ് ദുരുപയോഗം ചെയ്യുന്ന പ്രവണത തലസ്ഥാനത്തുണ്ട്.

പത്തനംതിട്ടയിൽ 12 ആക്ടീവ് ക്ലസ്റ്ററുണ്ട്. റാന്നിയിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ ലിമിറ്റഡ് ക്ലസ്റ്റർ രൂപപ്പെട്ടു. ജില്ലയിൽ പലയിടത്തും അതിഥി തൊഴിലാളികൾ പുതുതായി വന്നു. ആറന്മുളയിൽ രോഗം സ്ഥിരീകരിച്ച അതിഥി തൊഴിലാളിയെ കരാറുകാരൻ തൊഴിൽ സ്ഥലത്ത് ഉപേക്ഷിച്ചു. ഇയാളെ ട്രീറ്റ്‍മെന്‍റ് സെന്‍ററിലേക്ക് മാറ്റി. കരാറുകാർ തൊഴിലാളിക്ക് ക്വാറന്‍റീന്‍ സൗകര്യം ഒരുക്കണം. അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് കൂടുതൽ കൊവിഡ് പരിശോധന നടത്തുന്നുണ്ട്.

എറണാകുളത്ത് വ്യാപന തോത് ഉയർന്ന് നിൽക്കുന്നു. 859 പേർക്ക് ഇന്ന് കൊവിഡ് ബാധിച്ചു. പശ്ചിമ കൊച്ചി, കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പൂണിത്തുറ ഇവിടങ്ങളിൽ സമ്പർക്ക വ്യാപനം കൂടുതലാണ്. കളമശേരിയിൽ ഐസിയു കിടക്കകൾ വർധിച്ചു. മുൻകരുതലിനായി പിവിഎസ് ആശുപത്രിയിൽ ഐസിയു കിടക്കകൾ ക്രമീകരിച്ചു. എല്ലാ ആശുപത്രികളിലും ഗുരുതര ലക്ഷണം ഉള്ളവർക്കായി 20 കിടക്കകൾ ഒരുക്കും. അതിഥി തൊഴിലാളികൾക്ക് പ്രത്യേക എഫ്എൽടിസി പ്രവർത്തനം തുടങ്ങി.

തൃശ്ശൂരിൽ ഇതുവരെ കൊവിഡ് ചികിത്സ ആരംഭിക്കാത്ത സ്വകാര്യ ആശുപത്രികളിൽ ചികിത്സ ആരംഭിക്കുന്നതിനുള്ള ക്രമീകരണം ഉടനെ ഒരുക്കും. കോഴിക്കോട് രോഗികൾ അധികവും കോർപ്പറേഷൻ പരിധിയിലാണ്. വയനാട്ടിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയെക്കാൾ വളരെ കുറവ്. 3.76 ആണ് നിലവിലെ നിരക്ക്.

കണ്ണൂരിലെ മുഴുവൻ ആശുപത്രികളിലും ഇതര രോഗികൾക്ക് ശരിയായ രീതിയിൽ ചികിത്സ ലഭിക്കുന്നത് ഉറപ്പുവരുത്താൻ നടപടി സ്വീകരിച്ചു. ഒരാൾക്കും ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ല. ആറ് ആക്ടീവ് ക്ലസ്റ്ററുകൾ ജില്ലയിലുണ്ട്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി സംസ്ഥാനത്ത് നടത്തിവരുന്നുണ്ട്.

ഇതിനാവശ്യമായ പ്ലാസ്‍മ ഉറപ്പാക്കുന്നതിന് രോഗമുക്തരായവരുടെ സഹായം വേണം. ആശുപത്രിയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവർക്ക് രോഗം ബാധിച്ചവരെ സഹായിക്കാം. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്ന് ശേഖരിക്കുന്ന ആന്‍റിബോഡി ഉപയോഗിച്ചാണ് ഇത്. സാധാരണ രക്തദാനത്തേക്കാൾ ലളിതമാണ് ഈ നടപടി. രോഗം ഭേദമായി രണ്ടാഴ്ച കഴിഞ്ഞവർക്ക് ഒന്നോ അതിലധികമോ തവണ പ്ലാസ്‍മ നൽകാം. കോട്ടയത്ത് പ്ലാസ്മാ ദാനത്തിന് പ്രത്യേക ക്യാംപെയ്ൻ തുടങ്ങും. 100 ദിവസം കൊണ്ട് 500 പേരുടെ പ്ലാസ്മ ശേഖരിക്കും. പ്ലാസ്മ ലഭിക്കാത്ത പ്രശ്നം തൃശ്ശൂരിലടക്കം റിപ്പോർട്ട് ചെയ്യുന്നു. 

ലൈഫ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാത്തതും മുൻപ് സഹായം ലഭിച്ച് പണി തീരാത്ത പട്ടിക ജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കും. അവസാന ഗഡു കൈപ്പറ്റിയിട്ടും പ്രവർത്തി പൂർത്തിയാക്കാൻ സാധിക്കാത്തതും കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാത്ത നിരവധി വീടുകളും ഉണ്ട്. 10000 പട്ടിക ജാതി കുടുംബങ്ങൾക്ക് വീട് വാസയോഗ്യമാക്കാൻ ഒന്നര ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നതാണ് പുതിയ പദ്ധതി. കുറഞ്ഞ തുക ഉപയോഗിച്ച് വാസയോഗ്യമാക്കാവുന്ന വീടുകൾക്ക് മുൻഗണന. ഈ പദ്ധതിക്ക് 135 കോടിയുടെ ഭരണാനുമതി നൽകി.

സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ നടപടികളുടെ ഭാഗമായി ആവിഷ്കരിച്ച കാര്യങ്ങൾ പ്രധാനപ്പെട്ടതാണ്. ഇതിൽ പരാതികളും പ്രശ്നങ്ങളും നിലനിൽക്കുന്നു. നിക്ഷേപകരുടെ അഭിപ്രായം പരിഗണിച്ച് പുതിയ പരിഷ്കാരം നടപ്പാക്കും. സംരംഭകന് പദ്ധതി ആരംഭിക്കാൻ ആദ്യമറിയേണ്ട പുതിയ കാര്യങ്ങളുണ്ട്. ഏതൊക്കെ അനുമതി, എവിടെ നിന്നൊക്കെ ലഭിക്കും, ധനസഹായം എവിടെ നിന്ന് കിട്ടും, അടിസ്ഥാന സൗകര്യം എവിടെയൊക്കെയുണ്ട് ഇത്തരം കാര്യങ്ങൾ പതിവായി ചോദിക്കുന്നതാണ്. ഇവ ലഭ്യമാക്കാൻ ടോൾ ഫ്രീ സംവിധാനം ഏർപ്പെടുത്തും. സംരംഭകരുടെ സംശയത്തിന് മറുപടി ലഭിക്കും. വ്യവസായ അനുമതിക്കായി ഏർപ്പെടുത്തിയ കെ സ്വിഫ്റ്റ് പരിഷ്കരിച്ച് കെ സ്വിഫ്റ്റ് 2.0 അവതരിപ്പിക്കുന്നു.

പുതിയ പതിപ്പ് വന്നാൽ ലൈസൻസും അനുമതിയും പുതുക്കാൻ ഓൺലൈൻ വഴി സാധിക്കും. സംരംഭകരുടെ നീണ്ട കാലത്തെ ആവശ്യമായിരുന്ന ഇൻസെന്‍റീവ് ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം. പ്രൊഫഷണൽ ടാക്സ് അടക്കാനുള്ള സംവിധാനം എന്നിവ ഇതിൽ ചേർത്തു. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതി ഏഴ് ദിവസത്തിനുള്ളിൽ ലഭിക്കാനുള്ള ഓർഡിനൻസ് അംഗീകരിച്ചു. സംരംഭകർക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കാനും കോൾ സെന്‍റര്‍ വഴി സംശയത്തിന് പരിഹാരം ഉണ്ടാക്കാനും പുതിയ സെൽ രൂപീകരിച്ചു. ഇൻവെസ്റ്റ് കണക്ട് എന്ന പേരിൽ പുതിയ സംരംഭങ്ങൾ, സർക്കാരിന്‍റെ പുതിയ പദ്ധതികൾ, എന്നിവയെല്ലാം അറിയാവുന്ന ഇ-ന്യൂസ് ലെറ്റർ ആരംഭിച്ചു.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത പുനരുദ്ധാരണത്തിന് ഇന്ന് തുടക്കം കുറിച്ചു. റീബില്‍ഡ് കേരളയുടെ ഭാഗമായാണ് ഈ റോഡ് അത്യാധുനിക രീതിയിൽ നിർമ്മിക്കുന്നത്. 31 കിമീ ദൈർഘ്യമുള്ള റോഡ് പൂർത്തിയായാൽ മലപ്പുറത്ത് നിന്ന് പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും സുഗമമായ യാത്ര ഉറപ്പാകും. ഏഴ് മീറ്റർ വീതിയാണ് റോഡിന്. മണ്ണിന്‍റെയും ഭൂമിയുടെയും ഘടന ആസ്പദമാക്കി ബിറ്റുമിൻ കോൺക്രീറ്റ് നിർമ്മാണ രീതി അവലംബിക്കും. രണ്ട് പാലങ്ങളും പുനർ നിർമ്മാണത്തിൽ ഉൾപ്പെടുത്തി. പ്രധാനപ്പെട്ട ജങ്ഷൻ നവീകരിക്കും. പിഡബ്ല്യുഡിക്ക് കീഴിലെ കെഎസ്ടിപി വഴിയാണ് നിർമ്മാണം.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ 21 റോഡുകളാണ് അപകട സാധ്യത മുൻനിർത്തി പുരോഗമിക്കുന്നത്. 3340 കോടി രൂപ ഇതിനായി ചെലവാക്കും. പെരുമ്പിലാവ് നിലമ്പൂർ പാതയും ഇതിലുൾപ്പെടും. 175.73 കോടി ചെലവിൽ ഏഴ് മീറ്റർ വീതിയിലാണ് ഇത്.ഇന്ന് ചില സബ് ആർടി ഓഫീസുകൾ ഉദ്ഘാടനം ചെയ്തു. പത്തനാപുരം, ചടയമംഗലം, ഫറോക്, പയ്യന്നൂർ എന്നിവ ഉദ്ഘാടനം ചെയ്തു. 67 സബ് ആർടി ഓഫീസുകളാണ് സംസ്ഥാനത്തുള്ളത്.

ആശങ്കപ്പെടേണ്ട സ്ഥിതിയിലേക്ക് എത്തിയിട്ടില്ല. ആരോഗ്യരംഗം എല്ലാ തരത്തിലും മെച്ചപ്പെട്ടതാണ്. ഐസിയു, വെന്‍റിലേറ്റര്‍, കിടക്കകൾ എല്ലാമുണ്ട്. ഇനിയും നമുക്ക് രോഗികളെ വന്നാൽ ചികിത്സിക്കാനുള്ള ഒഴിവുണ്ട്. രോഗികളുടെ എണ്ണം വല്ലാതെ വർധിക്കുമ്പോൾ പ്രതീക്ഷിക്കുന്നതിന് അപ്പുറത്താവും. ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തിനും സജ്ജമാണ്. സർവകക്ഷി യോഗത്തിൽ വ്യാപനം തടയുന്നതിൽ എല്ലാവരും ഏക മനസോടെ യോജിച്ച് നിന്നു. അങ്കലാപ്പ് ഇപ്പോഴില്ല. പ്രതീക്ഷക്ക് അപ്പുറത്തേക്ക് പോകും.

ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് നേരത്തെ സ്വീകരിച്ചതിന്‍റെ തുടർച്ചയാണ്. വിവാഹത്തിൽ 50 പേർ വരെ പങ്കെടുക്കാമെന്നാണ് നിലപാട്. ദേശീയ തലത്തിൽ അത് നൂറാക്കി. കേരളം അത് നൂറാക്കിയിട്ടില്ല. മരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ 20 ആണ്. അത് ഉയർത്തിയിട്ടില്ല. 50 വേണോയെന്ന് ഇന്ന് പലരും ചോദിച്ചു. പൊതുചടങ്ങിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം നിജപ്പെടുത്തും. ഐഎംഎയുടെ അഭിപ്രായം ശ്രദ്ധയിലുണ്ട്. അടിയന്തരാവസ്ഥയിലേക്ക് പോകാനാവില്ല. കടുത്ത നടപടി വേണമെന്ന് സർവകക്ഷി യോഗത്തിലുണ്ടായി. അതുണ്ടാകും. ലോക്ക്ഡൗണോ അടിയന്തരാവസ്ഥ പ്രഖ്യാപനമോ ഉദ്ദേശിക്കുന്നില്ല. ആരോഗ്യ അടിയന്തരാവസ്ഥ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ശക്തമായ നിയമനിർമ്മാണം വേണം. സിബിഐക്കെതിരായ നിയമ നിർമ്മാണം എന്‍റെ അറിവില്‍ ഇല്ല. സിബിഐയെ തടയാനുള്ള ചില തീരുമാനം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എടുത്തിട്ടുണ്ട്. ഞങ്ങളിതുവരെ അങ്ങനെ തീരുമാനം എടുത്തിട്ടില്ല. പരിശോധനയില്ലാതെ ദിവസം കണക്കാക്കി വിട്ടാൽ തെറ്റിദ്ധാരണ ഉണ്ടാകും. ഇന്നത്തെ നിലയിൽ നമ്മുടെ കയ്യില്‍ ഒതുങ്ങും. മറ്റൊരു തീരുമാനം ഉണ്ടാകില്ല.

തീരമേഖലയിലെ ജനം നേരിടുന്ന പ്രശ്നം സർക്കാരിന്‍റെ ശ്രദ്ധയിലുണ്ട്. കടലോരത്ത് താമസിക്കുന്നവരെ തീരപ്രദേശത്ത് നിന്ന് കടലോരത്ത് നിന്ന് മാറി വീട് നിർമ്മിക്കാൻ സഹായം ചെയ്യും. അത് ഫിഷറീസ് വകുപ്പ് ഫലപ്രദമായി കൈകാര്യം ചെയ്യും. മത്സ്യത്തൊഴിലാളികൾക്കായി, അവരെ സംരക്ഷിക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. സ്ത്രീകളെ എങ്ങിനെ സംരക്ഷിക്കാമെന്ന് ആആലോചിക്കുന്നുണ്ട്. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും അവരുടേതായ അഭിപ്രായം ഉണ്ടാവും. സർക്കാരിന് നിയമപരമായ രീതിയിലേ മറുപടി പറയാനാവൂ. നിയമപരമായ പരിശോധന പൂർത്തിയായിട്ടില്ല.

സമരങ്ങളുമായി ബന്ധപ്പെട്ട്, കൊവിഡിന്‍റെ പശ്ചാത്തലത്തിൽ മാനദണ്ഡം പാലിക്കണമെന്ന് എല്ലാവർക്കും അഭിപ്രായമുണ്ട്. ബിജെപിയുടെ പ്രതിനിധി സമരം കൂടുതൽ ശക്തമായി നടത്തും എന്ന് പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിക്കുമെന്നും പറഞ്ഞു. പ്രക്ഷോഭവും സമരവും അവകാശമാണ്. അത് തടയില്ല. കൊവിഡിന്‍റെ വ്യാപനം തടയാൻ സഹായകരമായ നിലപാടാണ് ചോദിച്ചത്. യുഡിഎഫിൽ പ്രതിപക്ഷ നേതാവുമായി ചർച്ച ചെയ്ത് ഇന്നലെ തന്നെ പ്രത്യക്ഷ സമരം നടത്തില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഒരു ഭാഗം വ്യത്യസ്തമായി പറഞ്ഞെങ്കിലും കൊവിഡ് മാനദണ്ഡം പാലിച്ച് സമരം തുടരുമെന്നാണ് പറഞ്ഞത്. നമുക്ക് ആ ഭാഗം എടുക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു.