സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കുൾ അധ്യാപകർക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇളവുകൾ ഒഴിവാക്കിയത്. പിഎച്ച്ഡിയും നെറ്റും ഉൾപ്പെടെ ഉയർന്ന യോഗ്യതയുളളവരും ഇനി കെ ടെറ്റ് പാസാകണം. സ്ഥാനക്കയറ്റത്തിനും കെ ടറ്റ് നിർബന്ധമാക്കി. 

സ്കൂൾ അധ്യാപക നിയമനം നേടാൻ സംസ്ഥാന സർക്കാരിന്‍റെ യോഗ്യതാ പരീക്ഷയായ കെ ടെറ്റ്. സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ സർവീസിലുളള അധ്യാപകരും കെ ടെറ്റ് പാസായിരിക്കണമെന്ന് സുപ്രീം കോടതി വിധിച്ചത് കഴിഞ്ഞ സെപ്തംബറിലാണ്. ഉത്തരവിനെതിരെ റിവ്യൂ ഹർജി നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കെ ടെറ്റ് നിർബന്ധമാക്കിയുളള തീരുമാനം. നെറ്റ്, പിഎച്ച്ഡി, സെറ്റ്, എംഫിൽ, എംഎഡ് തുടങ്ങി ഉയർന്ന യോഗ്യതയുളളവർക്കും ഇളവില്ല. 

പുതിയ നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും ഇവരും കെ ടെറ്റ് പാസാകണം. അഞ്ച് വർഷത്തിലേറെ സർവീസുളളവർ കെ ടെറ്റ് പാസായിരിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. ഹൈസ്കൂൾ അധ്യാപകർക്ക് പ്രധാനാധ്യാപകരാകാനോ ഹയർസെക്കന്‍ററിയിലേക്ക് മാറ്റം വാങ്ങാനോ കെ ടെറ്റ് ലെവൽ ത്രീ പരീക്ഷ ജയിക്കണം. എൽപി, യുപി വിഭാഗങ്ങളിൽ കെ ടെറ്റ് ഒന്ന്, രണ്ട് ലെവലുകളിൽ ഏതെങ്കിലും പാസാകണം. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ സി ടറ്റ് ജയിച്ചവർക്ക് ഇളവ് തുടരും.

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി നിയമനങ്ങൾക്കും കെ ടെറ്റ് നിർബന്ധമാണ്. നിലവിൽ സർവീസിലുളള നൂറുകണക്കിന് അധ്യാപകരെ പ്രതിസന്ധിയിലാക്കുന്നതാണ് തീരുമാനം. വർഷങ്ങളായി സർവീസിലുളളവർ ഇനിയും യോഗ്യതാ പരീക്ഷ എഴുതേണ്ടി വരും. കെ ടെറ്റിന്‍റെ പേരിൽ സ്ഥാനക്കയറ്റം തടയില്ലെന്ന് നൽകിയ ഉറപ്പ് സർക്കാർ ലംഘിച്ചെന്ന് അധ്യാപക സംഘടനകളുടെ വിമർശനം. സുപ്രീം കോടതിയിൽ നൽകുന്ന പുനപരിശോധന ഹർജിയിലെ തീർപ്പിന് വിധേയമായിരിക്കും പുതിയ ഉത്തരവെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming