Asianet News MalayalamAsianet News Malayalam

Kerala Covid : അതിതീവ്ര വ്യാപന ഘട്ടത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണം ഉയരും; ചികിൽസ പ്രതിസന്ധിയില്ല-ആരോ​ഗ്യമന്ത്രി

രോഗികൾ ഇല്ലാത്ത നോൺ കൊവിഡ് ഐസി യു ബെഡുകൾ ഘട്ടം ഘട്ടമായി കോവിഡ് ചികിത്സയ്ക്കായി മാറ്റും. എന്നാൽ നോൺ കൊവിഡ് രോ​ഗികളെ ഇതിനുവേണ്ടി ഒഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

covid extreme spread in kerala and health department is ready to face the third wave says heath minister
Author
Thiruvananthapuram, First Published Jan 24, 2022, 2:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (covid)അതിതീവ്ര വ്യാപനമുണ്ടായ സാഹചര്യത്തിൽ രോ​ഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്(veena george). പ്രതിദിന രോഗികളുടെ എണ്ണം നിലവിൽ ഉള്ളതിനേക്കാൾ ഉയർന്നേക്കുമെന്നും മുന്നറിയിപ്പ്. മൂന്നാം തരംഗം (third wave)നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. നിലവിൽ സർക്കാർ ആശുപത്രികളിൽ കിടക്കകളും തീവ്രപരിചരണത്തിനുള്ള ഐ സി യു , വെന്റിലേറ്റർ സൗകതര്യങ്ങളും ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. ഇവ പൂർണതോതിൽ നിറയുന്ന അവസ്ഥ ഉണ്ടായിട്ടില്ല. മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളോട് കൃത്യമായി വിവരം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ചികിൽസയിൽ സ്വകാര്യ മേഖലയുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോ​ഗികൾക്കായി മാറ്റിവച്ച 40 ഐ സി യു കടക്കകളിൽ 20 എണ്ണത്തിൽ മത്രമാണ് രോ​ഗികൾ ഉള്ളത്. ആലപ്പുഴയിൽ 11പേരാണ് തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിൽസയിലുള്ളത്. രോഗികൾ ഇല്ലാത്ത നോൺ കൊവിഡ് ഐസി യു ബെഡുകൾ ഘട്ടം ഘട്ടമായി കോവിഡ് ചികിത്സയ്ക്കായി മാറ്റും. എന്നാൽ നോൺ കൊവിഡ് രോ​ഗികളെ ഇതിനുവേണ്ടി ഒഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 
 
കിടത്തി ചികിൽസയിലുള്ള രോ​ഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ കിടക്കകൾ ഒരുക്കും.ആരോ​ഗ്യ പ്രവർത്തകരിലെ രോ​ഗ ബാധ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിലും വ്യാപനം നിയന്ത്രിക്കുന്നതിന് ക്രമീകരണം ഒരുക്കും. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ 
ആശയക്കുഴപ്പത്തിന്റെ കാര്യമില്ല.മാർഗനിർദേശങ്ങൾ വ്യക്തമാണ്.ആരോഗ്യ സർവകലാശാല തിയറി പരീക്ഷകളിൽ കോവിഡ് രോഗികൾക്കായി പ്രത്യേകം ഹാളുകൾ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.പ്രാക്ടിക്കൽ പരീക്ഷകൾക്കായി പിന്നീട് അവസരം ഒരുക്കാനും തീരുമാനമായി.

കാന്‍സര്‍ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ജില്ലാ കാന്‍സര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള 24 ആശുപത്രികളിലാണ് കീമോതെറാപ്പി ഉള്‍പ്പെടെയുള്ള അത്യാധുനിക കാന്‍സര്‍ ചികിത്സ നല്‍കാനുള്ള സൗകര്യമൊരുക്കിയത്. കീമോതെറാപ്പി, റേഡിയോതെറാപ്പി, മറ്റ് ക്യാന്‍സര്‍ അനുബന്ധ ചികിത്സകള്‍ എന്നിവയ്ക്കായി തിരുവനന്തപുരം ആര്‍സിസിലോ, മലബാര്‍ കാന്‍സര്‍ സെന്ററിലോ, മെഡിക്കല്‍ കോളേജുകളിലോ പോകാതെ തുടര്‍ ചികിത്സ സാധ്യമാക്കുന്ന തരത്തിലാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചിരിക്കുന്നത്.

തിരുവനന്തപുരം ആര്‍സിസി, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുമായി ചേര്‍ന്നുകൊണ്ട് കാന്‍സര്‍ ചികിത്സ പൂര്‍ണമായും ഈ കേന്ദ്രങ്ങളിലൂടെ സാധ്യമാണ്. ഇവര്‍ക്ക് ആര്‍സിസിയിലും മെഡിക്കല്‍ കോളേജുകളിലും ലഭിച്ചു കൊണ്ടിരിക്കുന്ന അതേ ചികിത്സ നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ എല്ലാ ജില്ലകളിലുമുള്ള കാന്‍സര്‍ രോഗികള്‍ക്ക് അവര്‍ക്ക് റീജിയണല്‍ കാന്‍സര്‍ സെന്ററുകളില്‍ ലഭിച്ചിരുന്ന അതേ ചികിത്സ അവരുടെ വീടിനോട് വളരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ലഭിക്കും. 

ആര്‍.സി.സി.യിലെ ഡോക്ടര്‍മാര്‍ ടെലി കോണ്‍ഫറന്‍സ് വഴി രോഗികളുടെ ചികിത്സാ വിവരം അതത് കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ ഏകോപിപ്പിക്കുന്നത്. അത്തരക്കാരുടെ തുടര്‍പരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകള്‍ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാന്‍ കഴിയുന്നതാണ്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കും. ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആശ പ്രവര്‍ത്തകരുടേയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും സഹായത്തോടു കൂടിയാണ് ഈ വിഭാഗങ്ങളിലുള്ളവരുടെ വീടുകളില്‍ മരുന്നുകള്‍ എത്തിച്ചു നല്‍കുക.

മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തി. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 957 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയിട്ടുള്ളത്. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും, ഐസോലേഷനിലും കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Follow Us:
Download App:
  • android
  • ios