Asianet News MalayalamAsianet News Malayalam

ഉറവിടം അറിയാത്ത രോഗിയിൽ നിന്ന് കൂടുതൽ പേർക്ക് വൈറസ് ബാധ, കൊച്ചിയിൽ ജാഗ്രത

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കൊച്ചി വെണ്ണല സ്വദേശിയുടെ ഭാര്യ, മൂന്ന് പെൺമക്കൾ, വീട്ടുജോലിക്കാരി, ഡ്രൈവർ ഉൾപ്പടെ 6 പേർക്ക് കൂടി രോഗം പകർന്നു

Covid in Ernakulam more control measures to be implemented
Author
Ernakulam, First Published Jul 7, 2020, 6:35 AM IST

കൊച്ചി: ഉറവിടം അറിയാത്ത രോഗിയിൽ നിന്ന് കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൊച്ചി അതീവ ജാഗ്രതയിൽ. 17 പേർക്ക് സമ്പർക്കം വഴി രോഗം പകർന്നതോടെ നിയന്ത്രിത മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് ജില്ല ഭരണകൂടം. രോഗലക്ഷണമുള്ള എല്ലാവർക്കും ആന്‍റിജൻ പരിശോധന നിർബന്ധമാക്കാനും ജില്ല ഭരണകൂടം തീരുമാനിച്ചു.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കൊച്ചി വെണ്ണല സ്വദേശിയുടെ ഭാര്യ, മൂന്ന് പെൺമക്കൾ, വീട്ടുജോലിക്കാരി, ഡ്രൈവർ ഉൾപ്പടെ 6 പേർക്ക് കൂടി രോഗം പകർന്നു. ഇയാളുടെ രോഗത്തിന്‍റെ ഉറവിടം ഇത് വരെയും വ്യക്തമായിട്ടില്ല. 

ജില്ലയിൽ ഉറവിടം അറിയാതെ പതിനേഴ് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പത്ത് പേരുടെയും രോഗകാരണം അവ്യക്തം. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 25 ൽ 17 പേർക്കും സമ്പർക്കും വഴിയാണ് രോഗം പകർന്നത്. 

ചെല്ലാനത്തെ രോഗം സ്ഥിരീകരിച്ച സ്ത്രീയിൽ നിന്ന് മൂന്ന് വയസ്സുള്ള കുട്ടി അടക്കം അടുത്ത ബന്ധുക്കളായ മൂന്ന് പേർക്കും, ബെംഗളൂരുവിൽ നിന്നെത്തിയ പൈങ്ങാട്ടൂർ സ്വദേശി വഴി മറ്റ് മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. ബ്രോഡ്‍വെ മാർക്കറ്റ് വഴി ഒരാൾക്ക് കൂടി രോഗം പകർന്നു. കഴിഞ്ഞ ദിവസം മരിച്ച യൂസഫ് സൈഫുദീന്‍റെ പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്ന മുളവുകാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ആലുവ സ്വദേശികളായ വൈദികന്‍റെയും,മറ്റൊരാളുടെയും രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ലാത്തതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതേത്തുടർന്നാണ് നിയന്ത്രിത മേഖലയിൽ കാര്യങ്ങൾ കടുപ്പിക്കുന്നത്. അവശ്യ സാധനങ്ങളുടെ കടകൾ രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി വരെ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്.

ആലുവ നഗരസഭയിലെ ഡിവിഷൻ 18ഉം,കല്ലൂർക്കാട് പഞ്ചായത്തിലെ ആറാം നമ്പർ വാർഡും, കൊച്ചി നഗരത്തിലെ കോന്തുരുത്തി ഡിവിഷനും കൂടി നിയന്ത്രിത മേഖലകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. നിലവിലെ നിയന്ത്രിത മേഖലകളിൽ ജനപ്രതിനിധികളുടെ വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിക്കാനാണ് ജില്ല ഭരണകൂടം പദ്ധതിയിടുന്നത്.

Follow Us:
Download App:
  • android
  • ios