Asianet News MalayalamAsianet News Malayalam

'കേരളത്തിന്റെ പാസ് ഇല്ലാത്തവരെ ഇങ്ങോട്ട് അയയ്ക്കരുത്'; മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിന്റെ കത്ത്

കേരളാ ഡിജിപി ലോക്നാഥ് ബെഹ്റയാണ് കത്ത് നൽകിയത്. അതിർത്തി ചെക്ക് പോസ്റ്റുകളിലെ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കത്ത്.
 

covid kerala dgp gave letter to other states on boarder pass issue
Author
Cochin, First Published May 11, 2020, 4:20 PM IST

കൊച്ചി: കേരളത്തിന്റെ പാസ് ഇല്ലാത്തവർക്ക് നാട്ടിലേക്ക് മടങ്ങാൻ പെർമിറ്റ് അനുവദിക്കരുതെന്ന് സംസ്ഥാന ഡിജിപിമാർക്ക് കേരളത്തിന്റെ കത്ത്. കേരളാ ഡിജിപി ലോക്നാഥ് ബെഹ്റയാണ് കത്ത് നൽകിയത്. അതിർത്തി ചെക്ക് പോസ്റ്റുകളിലെ പ്രശ്നങ്ങൾ കണക്കിലെടുത്താണ് കത്ത്.

മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾ കേരളത്തിലേക്കുള്ള യാത്രക്ക് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ കേരളത്തിന്റെ പാസ് അവർക്കുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് കത്തിന്റെ ഉള്ളടക്കം. തമിഴ്നാട്, കർണാടക ഡിജിപിമാർക്ക് പ്രത്യേകം കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാന അതിർത്തിക്ക് രണ്ട് കിലോമീറ്റർ മുമ്പായി മിനി ചെക്പോസ്റ്റുകൾ സ്ഥാപിക്കണം. ഇവിടെവച്ച് യാത്രക്കാർക്ക് പാസും പെർമിറ്റും ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇതിനുശേഷമേ അതിർത്തി കടത്തിവിടാവൂ എന്നാണ് കത്തിൽ പറയുന്നത്. കത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

മുത്തങ്ങ അതിർത്തിയിൽ വ്യാജ പാസുമായി എത്തിയ ആൾ ഇന്ന് അറസ്റ്റിലായിരുന്നു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖിൽ ടി റെജിയാണ് അറസ്റ്റിലായത്. തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് മുത്തങ്ങ വഴി ആക്കിയാണ് ഇയാൾ എത്തിയത്. പാസിലെ ഡേറ്റും എഡിറ്റ് ചെയ്തിട്ടുണ്ട്. സുൽത്താൻ ബത്തേരി പൊലീസ് ആണ് ഇയാൾക്കെതിരെ കേസെടുത്തത്. അതിർത്തി കടന്ന് പരിശോധനാ കേന്ദ്രത്തിൽ വച്ചാണ് രേഖയിൽ തട്ടിപ്പ് നടത്തിയതായി മനസിലായത്. ഇയാൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരവും വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾ ചുമത്തും. രണ്ട് പേർക്കായി ലഭിച്ച പാസിലാണ് കൃത്രിമം കാട്ടിയത്. ഇയാളോടൊപ്പം വന്ന 15 വയസുകാരനും കസ്റ്റഡിയിലുണ്ട്. 

അതേസമയം, പാസില്ലാതെ വരുന്നവരുടെ എണ്ണം ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കുറവാണ്  എന്ന് അധികൃതർ പറഞ്ഞു. വാളയാറിൽ ഇതുവരെ പാസില്ലാതെ മുപ്പതോളം പേരാണ് എത്തിയത്. ഇതിൽ ഭൂരിഭാഗവും ചെന്നൈയിൽ നിന്നെത്തിയവരാണ്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലുള്ളവർ പാസില്ലാതെ എത്തിയത്. ഇവരോട് മടങ്ങി പോവണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. കേരള പാസില്ലാത്തവരെ തമിഴ്നാട് അതിർത്തിയായ മധുക്കരൈയിൽ വെച്ചും തടയുന്നുണ്ട്. മൂലഹള്ള ചെക്ക് പോസ്റ്റിൽ ആന്ധ്രയിൽ നിന്നെത്തിയ രണ്ട് പേരെയുൾപ്പടെ പാസില്ലാത്ത മൂന്ന് യുവാക്കളെയാണ് ഇങ്ങനെ തടഞ്ഞത്.

Follow Us:
Download App:
  • android
  • ios