Asianet News MalayalamAsianet News Malayalam

കേരളത്തിൽ കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിൽ; അടുത്തത് സമൂഹവ്യാപനമെന്നും മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ ശ്രമങ്ങൾ തുടങ്ങിയിട്ട് ഇപ്പോൾ 6 മാസമായി. ഈ വർഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി.

covid kerala is in third phase next community spread
Author
Thiruvananthapuram, First Published Jul 14, 2020, 6:37 PM IST

തിരുവനന്തപുരം: കേരളം കൊവിഡ് രോ​ഗ വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. കൊവിഡ് പ്രതിരോധ ശ്രമങ്ങൾ തുടങ്ങിയിട്ട് ഇപ്പോൾ 6 മാസമായി. ഈ വർഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോ​ഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് രോ​ഗികളെത്തി സമൂഹത്തിലെ ചിലരിലേക്ക് രോ​ഗം പകരുന്ന ഘട്ടം (സ്പൊറാഡിക്), ചില ജനവിഭാ​ഗങ്ങളിലും പ്രദേശങ്ങളിലും കേന്ദ്രീകരിച്ചുളള രോ​ഗവ്യാപനം (ക്ലസ്റ്റേഴ്സ്), വ്യാപകമായ സമൂഹവ്യാപനം. കേരളം മൂന്നാംഘട്ടത്തിലെത്തി നിൽക്കുന്നതായാണ് ഇപ്പോൾ മനസ്സിലാക്കുന്നത്. 

മലപ്പുറം, തിരുവനന്തപുരം അടക്കം പല ജില്ലകളിലും ക്ലസ്റ്ററുകളുണ്ട്. അടുത്ത ഘട്ടം സമൂഹവ്യാപനമാണ്. ഇത് തടയാൻ കൂടുതൽ ജാഗ്രത പുലർത്തണം. ഇതിന് മുമ്പ് നേരിടേണ്ടി വന്ന നിപ ഏകദേശം ഒരു മാസം നീണ്ടുനിന്നു. അത് നമ്മൾ തരണം ചെയ്തു. കൊവിഡ് പ്രതിരോധം തുടങ്ങിയിട്ട് ആറ് മാസമായി. ലോകത്തെ പലയിടങ്ങളിലും ഓരോ ദിവസം കഴിയുന്തോറും രോഗബാധ കൂടുന്നു. ഈ വർഷാവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം കൈവരിക്കാനാകൂ എന്നാണ് ഒരു വിലയിരുത്തൽ. ഇത്ര ദീർഘകാലം കഠിനമായി പരിശ്രമിക്കേണ്ട ആരോഗ്യപ്രവർത്തകർക്ക് വരുന്ന തളർച്ചയുണ്ട്. അത് പോലെ രോഗപ്രതിരോധത്തിൽ ഉദാസീന സമീപനം നാട്ടുകാരിൽ ചിലരും സമീപിക്കുന്നു. സമ്പർക്കരോഗവ്യാപനം കൂടാൻ കാരണം നമ്മുടെ അശ്രദ്ധയാണ്. 

അതിനാൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ട് പോകുക. പ്രതിരോധരംഗത്തെ മടുപ്പിനെക്കുറിച്ച് പറഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ കൊവിഡ് പകർച്ച കൂടിയപ്പോൾ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. പഞ്ചായത്തുകളും നഗരസഭകളും ഓൺലൈനായി പ്രവ‍ർത്തിക്കുകയായിരുന്നു. കുടുംബശ്രീ അടക്കം എല്ലാവരെയും ഏകോപിപ്പിക്കേണ്ട ചുമതല ഇവർക്കുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിൽ വാർഡ് കൗൺസിലർമാരുടെ പങ്ക് നിർണായകമാണ്. അവരവരുടെ പ്രദേശത്ത് നിരന്തരമായി ഇവർ ഇടപെടണം. കൊവിഡ് ബാധ ഉണ്ടായാൽ അത് പടരാതിരിക്കാൻ ആ ഇടപെടൽ നിർണായകമാണ്. രോഗികൾക്ക് വൈദ്യസഹായം, മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ സഹായിക്കുക, സമൂഹത്തിലെ ഭീതി അകറ്റുക, പ്രതിരോധമാർഗങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, ബുദ്ധിമുട്ടുള്ളവരെ സംരക്ഷിക്കുക - ഇതിനെല്ലാം മുൻഗണന നൽകണം. ഇതിനായി തദ്ദേശീയമായി ലഭ്യമാകുന്ന മെഡിക്കൽ ഉൾപ്പടെയുള്ള വിഭവങ്ങൾ ഉപയോഗിക്കണം. ഇത്തരം പ്രാദേശികമാതൃകകൾ പങ്കുവയ്ക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കണം.

Read Also: കൊവിഡ് കെണിയിൽ കേരളം: 608 പേർക്ക് രോഗം സ്ഥിരീകരിച്ചു, തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് രോഗം...
 

Follow Us:
Download App:
  • android
  • ios