മുംബൈ: കൊവിഡ് ബാധിച്ച് മലയാളി മുംബൈയിൽ മരിച്ചു. തിരുവനന്തപുരം സ്വദേശി അംബി സ്വാമി (50) ആണ് മരിച്ചത്. ​ഗൊരേ​ഗാവിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

അംബി സ്വാമിക്ക് എങ്ങനെയാണ് രോ​ഗബാധയുണ്ടായതെന്ന് സൂചനയില്ല. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം വീട്ടിൽ നിന്ന് ഇദ്ദേഹം പുറത്തുപോയിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പനിയും ചുമയും ബാധിച്ച് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് മുംബൈയിൽ  മരിച്ച മലയാളികളുടെ എണ്ണം നാല് ആയി. 

മുംബൈയിൽ മാത്രം 17671 കൊവിഡ് ബാധിതരുണ്ടെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 29100 ആയി. ഇന്ന് മാത്രം 1576 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 49 പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1068 ആയി.