Asianet News MalayalamAsianet News Malayalam

Covid 19 : മൂന്നാം തരംഗം മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് മള്‍ട്ടി മോഡൽ ആക്ഷന്‍ പ്ലാന്‍

ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

covid multi model action plan ahead of the third wave
Author
Thiruvananthapuram, First Published Jan 10, 2022, 8:45 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ (Multi ModelAction Plan) തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena George)  പറഞ്ഞു. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. 

ആശുപത്രി അഡ്മിഷന്‍, ഐസിയു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്‌സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ ആശുപത്രികളെ സജ്ജമാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലൂടെ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

കരുതല്‍ ഡോസ് ആദ്യ ദിന വാക്‌സിനേഷന്‍ 30,895; കുട്ടികളുടെ വാക്‌സിനേഷന്‍ മൂന്നിലൊന്ന് കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് 30,895 പേര്‍ക്ക് ആദ്യ ദിനം കരുതല്‍ ഡോസ് (Precaution Dose) കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 19,549 ആരോഗ്യ പ്രവര്‍ത്തകര്‍, 2635 കൊവിഡ് മുന്നണി പോരാളികള്‍, 8711 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. 

തിരുവനന്തപുരം ജില്ലയാണ് ഏറ്റവുമധികം പേര്‍ക്ക് കരുതല്‍ ഡോസ് നല്‍കിയത്. തിരുവനന്തപുരം 6,455, കൊല്ലം 3,184, പത്തനംതിട്ട 1,731, ആലപ്പുഴ 1,742, കോട്ടയം 1,701, ഇടുക്കി 719, എറണാകുളം 2,855, തൃശൂര്‍ 5,327, പാലക്കാട് 922, മലപ്പുറം 841, കോഴിക്കോട് 2,184, വയനാട് 896, കണ്ണൂര്‍ 1,461, കാസര്‍ഗോഡ് 877 എന്നിങ്ങനേയാണ് കരുതല്‍ ഡോസ് നല്‍കിയത്.

സംസ്ഥാനത്ത് ഇതുവരെ 15നും 18നും ഇടയ്ക്ക് പ്രായമുള്ള മൂന്നിലൊന്നിലധികം കുട്ടികള്‍ക്ക് (35 ശതമാനം) വാക്‌സിന്‍ നല്‍കാനായി. ആകെ 5,36,582 കുട്ടികള്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. ഇന്ന് 51,766 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. തിരുവനന്തപുരം 1,721, കൊല്ലം 2,762, പത്തനംതിട്ട 2,214, ആലപ്പുഴ 1,789, കോട്ടയം 5,179, ഇടുക്കി 3,588, എറണാകുളം 4,456, തൃശൂര്‍ 1,138, പാലക്കാട് 9,018, മലപ്പുറം 7,695, കോഴിക്കോട് 5,157, വയനാട് 2,064, കണ്ണൂര്‍ 4,808, കാസര്‍ഗോഡ് 177 എന്നിങ്ങനേയാണ് കുട്ടികളുടെ വാക്‌സിനേഷന്‍. ഇന്ന് ആകെ 2,10,835 പേരാണ് എല്ലാ വിഭാഗത്തിലുമായി വാക്‌സിന്‍ സ്വീകരിച്ചത്.


 

Follow Us:
Download App:
  • android
  • ios