Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 32680 പുതിയ രോഗികള്‍; 29442 രോഗമുക്തര്‍, 96 മരണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2316 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Covid new positive cases and death number explained by pinarayi vijayan
Author
Trivandrum, First Published May 15, 2021, 6:02 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 96 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6339 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 296 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 29,969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2316 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4521, എറണാകുളം 3620, തൃശൂര്‍ 3272, തിരുവനന്തപുരം 3097, പാലക്കാട് 1643, കോഴിക്കോട് 2926, കൊല്ലം 2321, കോട്ടയം 1762, ആലപ്പുഴ 1993, കണ്ണൂര്‍ 1500, പത്തനംതിട്ട 1081, കാസര്‍ഗോഡ് 827, ഇടുക്കി 715, വയനാട് 691 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

99 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 30, കാസര്‍ഗോഡ് 13, തൃശൂര്‍, പാലക്കാട്, വയനാട് 9 വീതം, എറണാകുളം 8, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2912, കൊല്ലം 1765, പത്തനംതിട്ട 976, ആലപ്പുഴ 1509, കോട്ടയം 2190, ഇടുക്കി 691, എറണാകുളം 3065, തൃശൂര്‍ 2742, പാലക്കാട് 3012, മലപ്പുറം 3669, കോഴിക്കോട് 4725, വയനാട് 458, കണ്ണൂര്‍ 1504, കാസര്‍ഗോഡ് 224 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,45,334 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 16,66,232 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,31,271 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,94,204 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 37,067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 9 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 852 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ‍ർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൌൺ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ജില്ലാഭരണകൂടം പുറപ്പെടുവിക്കും. രോ​ഗനിയന്ത്രണത്തിനുള്ള ഏറ്റവും കർശന മാര്‍ഗമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ ഒരൊറ്റ വഴി മാത്രമേ ഉണ്ടാവു. അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം കൊവിഡ് പ്രോട്ടോക്കോൾ ലം​ഘനത്തിന് കർശന ശിക്ഷയുണ്ടാവും. ഇത്തരം പ്രദേശങ്ങൾ വിവിധ സോണുകളായി തിരിച്ച് ഉന്നത ഉദ്യോ​ഗസ്ഥരുടെ മേൽനോട്ടം ഉറപ്പാക്കും. ജിയോഫെൻസിം​ഗ്, ഡ്രോൺ നിരീക്ഷണം നടത്തും. ക്വാറൻ്റൈൻ ലം​ഘിക്കുന്നവർക്കും അതിനെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവും. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികൾക്ക് വാർഡ് തല സമിതി മേൽനോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോ​ഗിക്കും. ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാവില്ല. മരുന്നുകടകളും പെട്രോൾ പമ്പുകളും പ്രവർത്തിക്കും.

ട്രിപ്പിൾ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കാൻ 10,000 പൊലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്. പത്രവും പാലും രാവിലെ ആറ് മണിക്ക് മുൻപ് വീട്ടിലെത്തണം. വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും പാസ് വാങ്ങി ജോലിക്ക് പോകാം. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. ബേക്കറി, പലവ്യജ്ഞന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കും. നാല് ജില്ലകളിലും ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. അകത്തേയക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിർത്തി ബാക്കിയെല്ലാ റോഡുകളും അടയ്ക്കും. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 7669 പേർക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 3561 പേർക്കെതിരെയും നടപടിയെടുത്തു. പിഴയായി 2650950 രൂപ സ്വീകരിച്ചു. തിരുവനന്തപുരത്ത് 710 പേർ വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നു. എല്ലാ ക്യാംപുകളിലും കർശന കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ച് വീട്ടിൽ കഴിഞ്ഞവരെ അടുത്തുള്ള കരുതൽവാസകേന്ദ്രത്തിലേക്ക് മാറ്റി. റെഡ് അലർട്ടിനെ തുടർന്ന് ജില്ലയിൽ കൊവിഡ് വാക്സിനേഷൻ റദ്ദാക്കിയിരുന്നു. ഇന്ന് അതു പൂർത്തിയാക്കി.

കൊല്ലത്ത് അടിയന്തര കൊവിഡ് ചികിത്സയ്ക്കായി വ്യാപാരികൾ, വ്യാപാരി സംഘടനകൾ, വ്യവസായ യൂണിറ്റുകൾ എന്നിവടിങ്ങളിൽ നിന്നും ഓക്സിജൻ സിലിണ്ടറുകൾ സ്വീകരിച്ച് തുടങ്ങി. പത്തനംതിട്ടയിൽ വെള്ളപ്പൊക്കബാധിത മേഖലകളിലെ ജനങ്ങളേയും സമ്പർക്ക വിലക്കിലുള്ളവരേയും രോ​ഗികളേയും പ്രത്യേകം പാർപ്പിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. ആലപ്പുഴയിൽ കൊവിഡ് ബാധിതരുടെ വീടുകളിലെ വളർത്ത് മൃ​ഗങ്ങളുടെ സംരക്ഷണത്തിന് ആളില്ലാതെ വരുന്ന സാഹചര്യത്തിൽ ഇവയെ സംരക്ഷിക്കാൻ താത്കാലിക ഷെഡുകളും കാലിത്തീറ്റയും ചികിത്സയും പാലുകറക്കാനുള്ള സംവിധാനവും ഒരുക്കും. കോഴിക്കോട്ട് തദ്ദേശസ്ഥാപനങ്ങൾ വഴി 19500 പൾസ് ഓക്സീമീറ്റർ വാങ്ങും. പഞ്ചായത്തിൽ 200 വീതവും മുൻസിപ്പാലിറ്റിയിൽ 500 വീതവും കോർപ്പറേഷനിൽ 2000വും ആണ് വാങ്ങുക. 

നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നൽകിയ പുതിയ നിർദേശ പ്രകാരം 12 ആഴ്ചയുടെ ഇടവേള കഴിഞ്ഞ് മാത്രമേ കൊവിഷിൽഡ് സെക്കൻഡ് ഡോസ് എടുക്കാനാവൂ.  ഇതിനനുസരിച്ച് വെബ്സൈറ്റിൽ ഡേറ്റ് മാറ്റിയതിനാൽ ​ഗൾഫിൽ പോകുന്ന പലർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇക്കാര്യത്തിൽ പരിഹാരം കാണണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.18 മുതൽ  44 വരെ പ്രായമുള്ളവരുടെ കൊവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. മറ്റു ​ഗുരുതര രോ​ഗങ്ങളുള്ളവർക്കായിരിക്കും വാക്സിനേഷനിൽ മുൻ​ഗണന ലഭിക്കുക. ഹൃദയസംബന്ധമായ രോഗമുള്ളവർ, ഹൈപ്പർ ടെൻഷൻ, പ്രമേഹം,ലിവർ സിറോസിസ്, ക്യാൻസർ, എച്ച് ഐ വി പൊസീറ്റീവ് തുടങ്ങിയ രോഗാവസ്ഥയിലുള്ളവരും അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും ഡയാലിസസ് ചെയ്യുന്നവരും ഭിന്നശേഷിക്കാരും അടക്കം ഇരുപത് വിഭാഗത്തിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഈ വിഭാഗത്തിലുള്ളവർ എത്രയും വേഗം വാക്സിനേഷൻ നടത്താൻ രജിസ്റ്റർ ചെയ്ണം.

കൊവിഡ് രോഗികളിൽ പരമാവധി ആളുകൾക്ക് സർക്കാർ ആശുപത്രികളിലാണ് ചികിത്സ നൽകുന്നത്. അതു കൂടാതെ സർക്കാർ ആശുപത്രികളിൽ നിന്നും കണ്ട്രോൾ സെല്ലുകളിൽ  നിന്നും റെഫർ ചെയ്യുന്നവരും കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടവരും ഉൾപ്പെടെ 39280 പേരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചിലവ് സർക്കാർ വഹിക്കുന്നുണ്ട്. 102 കോടി രൂപ അതിനായി ഇതുവരെ ചിലവഴിച്ചു. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാർക്ക് പ്രത്യേക രാഷ്ട്രീയം ഉണ്ടാവും. എന്നാൽ അവരെല്ലാം കൂട്ടായി ഒരുമയോടെയാണ് വളണ്ടിയർമാരായി പ്രവർത്തിക്കുന്നത്. ചിലയിടങ്ങളിൽ ചില കൊടികളും ചിഹ്നങ്ങളും പ്രദർശിപ്പിച്ചു കൊണ്ടുള്ള പ്രവർത്തനത്തിന് ചിലർ വരുന്നുണ്ട്. ആ രീതി പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആ പ്രവർത്തകരും കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമായി മാറുകയാണ് വേണ്ടത്. വളണ്ടിയർമാരെല്ലാം പ്രദേശവാസികളായിരിക്കും അവർ ചിഹ്നം പ്രദർശിപ്പിച്ചില്ലെങ്കിലും നാട്ടുകാർക്ക് അവരെ അറിയാം. ഒരു പൊതുകാര്യത്തിനായി എല്ലാരും ഒന്നിച്ചു നിന്ന് പ്രവർത്തിക്കുമ്പോൾ ചിലർ മാത്രം പ്രത്യേക ചിഹ്നങ്ങളുമായി വരുന്നത് ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കും.

ഇക്കാര്യം തദ്ദേശസ്വയംഭരണ പ്രതിനിധികൾ ശ്രദ്ധിക്കണം. വളണ്ടിയർമാരായി വരാൻ സന്നദ്ധരായവരെ ഈ കൂട്ടായ്മായുടെ ഭാഗമായി പ്രവർത്തിക്കാൻ അഭ്യർത്ഥിക്കണം. മഹാരാഷ്ട്രയിലും ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗൽ ഇൻഫക്ഷൻ കേരളത്തിലും ദൃശ്യമായിട്ടുണ്ട്. കൊവിഡ് വരുന്നതിന് മുൻപും ഈ ഇൻഫക്ഷൻ ശ്രദ്ധയിൽപ്പെട്ടതാണ്. ഇക്കാര്യം സംസ്ഥാന മെഡിക്കൽ ബോർഡ് സാംപിളും മറ്റും ശേഖരിച്ച് വിശദമായി പഠിക്കും. മെഡി.കോളേജുകളിലെ ഇൻഫക്ഷൻ ഡീസിസ് വിഭാഗവും ഇക്കാര്യം പഠിക്കുന്നുണ്ട്. ഇന്നലെ നല്ല രീതിയിൽ ഓക്സിജൻ ആശുപത്രികളിൽ എത്തിക്കാനായി. നിലവിൽ ഓക്സിജൻ പ്രതിസന്ധിയില്ല. ഒരു ഓക്സിജൻ എക്സ്പ്രസ് കൂടി എത്തിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചുണ്ട്. ഒരു ഓക്സിജൻ എക്‍സ്പ്രസ് നാളെ രാവിലെ വല്ലാർപാടത്ത് എത്തും. യൂറോപ്പിലും അമേരിക്കയിലും രണ്ടും മൂന്നും തരംഗമുണ്ടായപ്പോഴും കുട്ടികളെ അത് ഗുരുതരമായി ബാധിച്ചിട്ടില്ല. എന്നാൽ കുട്ടികൾ രോഗവാഹകരാവാൻ സാധ്യതയുണ്ട്. അതിനാൽ കുട്ടികളുടെ കാര്യത്തിൽ അമിതമായ ഭീതി പരത്തരുത്. ചെറിയ ലക്ഷണങ്ങളോടെയാണ് ഭൂരിഭാഗം കുട്ടികളിലും കൊവിഡ് വന്നു പോകുന്നത്.

അതിഥി തൊഴിലാളികളുടെ കിറ്റ് വിതരണം പൂർത്തിയായി വരുന്നു. ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്കും കിറ്റ് നൽകുന്നുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലെ ലയങ്ങളിൽ താമസിക്കുന്നവർക്കും മരുന്നും മറ്റും നൽകുന്നുണ്ട്. ആരും തിരിച്ച് നാട്ടിലേക്ക് പോകാൻ ആവശ്യപ്പെടുന്നില്ല. ഇവിടെ തുടരാനാണ് അവർ താല്‍പ്പര്യപ്പെടുന്നത്. ഹോമിയോ ആയൂർവേദ മരുന്നുകൾ രോഗപ്രതിരോധത്തിന് ഫലപ്രദമാണെന്ന് കഴിഞ്ഞ കാലങ്ങളിൽ തെളിഞ്ഞതാണ്. കുട്ടികൾക്ക് ആ മരുന്ന് കൊടുക്കാവുന്നതാണ്. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിന് നിർദേശം നൽകി.

അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താർജിച്ചു. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം കേരളതീരത്ത് നിന്നും വടക്കോട്ട് പോയെങ്കിലും  കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുകയാണ്. അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവമുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപക മഴ തുടരുകയാണ്. രണ്ട് ദിവസമായുള്ള കാറ്റും മഴയും മൂലം വ്യാപക നാശമുണ്ടായി. കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ കണക്ക് പ്രകാരം രണ്ട് ദിവസത്തിൽ കേരളത്തിൽ ആകെ രേഖപ്പെടുത്തിയത് 145.5 മില്ലിമീറ്ററാണ്. കൊച്ചിയിലും പീരുമേട്ടിലും 200 മില്ലിമീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി.

വടക്കൻ ജില്ലകളിൽ ഇന്ന് രാത്രിയും ചുഴലിക്കാറ്റിൻ്റെ ഭാഗമായി ശക്തമായ കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് വലിയ തോതിലുള്ള അപകടം സൃഷ്ടിക്കുന്നു. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുമാണ് കൂടുതൽ അപകടം. അതിനാൽ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ നമ്മുടെ പറമ്പിലും സമീപത്തുമുള്ള മരങ്ങളും ശാഖകളും സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം. ചുഴലിക്കാറ്റ് മാറിപ്പോയാലും അടുത്തുതന്നെ കേരളത്തിലേക്ക് മണ്‍സൂണ്‍ മഴ എത്തും. മെയ് 31-ഓടെ മഴ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. കാലവർഷത്തിലും മരം വീണാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്. ഇക്കാര്യത്തില്‍ നല്ല ജാഗ്രത വേണം. ചെറിയ അണക്കെട്ടുകളെല്ലാം തുറന്ന് നിയന്ത്രിതമായ അളവിൽ വെള്ളം ഒഴുക്കിവിട്ടിട്ടുണ്ട്. ഇത്തരം അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ജാഗ്രത തുടരണം. രൂക്ഷമായ കടൽക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശത്തുണ്ടാക്കിയത്. ഒൻപത് ജില്ലകളിൽ കടൽക്ഷോഭമുണ്ടായി. കേരളത്തിൻ്റെ തീരം സുരക്ഷിതമല്ലെന്നത് ആശങ്കയുണ്ടാക്കുന്നു. കടൽഭിത്തി ശ്വാശ്വത പരിഹാരമല്ല.

അപകടാവസ്ഥയിൽ കഴിയുന്ന തീരദേശവാസികളുടെ പ്രശ്നത്തിനുള്ള ശ്വാശ്വത പരിഹാരം എന്ന നിലയിലാണ് പുനർഗേഹം എന്ന പദ്ധതി നടപ്പാക്കുന്നത്. തീരത്തോട് 50 മീറ്റർ ചേർന്ന് താമസിക്കുന്നവർക്ക് വീട് വാങ്ങാനും നിർമ്മിക്കാനും സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. മഴ തുടരാനാണ് സാധ്യത എന്നതിനാൽ തത്കാലം ക്യാംപിലേക്ക മാറി ജീവാപായം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. കാലാവസ്ഥാ പ്രക്ഷുബ്ധമായതിനാൽ ഏത് അടിയന്തര സാഹചര്യം നേരിടാനും പൊലീസ് സജ്ജമാണ്. കോസ്റ്റൽ പൊലീസും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ തുടരുന്ന പ്രകൃതിക്ഷോഭത്തിൽ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളത്തും കോഴിക്കോട്ടുമായി രണ്ടുപേർ മുങ്ങി മരിച്ചു. ശക്തമായ മഴയും കാറ്റുമുള്ള ഘട്ടത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതും നദികൾ മുറിച്ച് കടക്കുന്നതും ശ്രദ്ധിക്കണം. സംസ്ഥാനത്താകെ 68 ക്യംപുകളിലായി 502 കുടുംബങ്ങളിലെ 1939 ആളുകളാണ് താമസിക്കുന്നത്.

കാലവർഷം ശക്തമാവുകയും വെള്ളപ്പൊക്കത്തിന് സാധ്യതയും വന്നാൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ പൂർണമനസോടെ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം എന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു. ക്യാംപിലേക്ക് വന്നാൽ കൊവിഡ് വരുമെന്ന ആശങ്ക കൊണ്ട് മാറാതെയിരിക്കരുത്. ഡിസാസ്റ്റര്‍ മാനേജ്മെൻ്റ അതോറിറ്റി സുരക്ഷിതമായി ക്യാംപുകൾ നടത്താൻ വേണ്ട മാർഗനിർദേശം നൽകിയിട്ടുണ്ട്. രോഗികളേയും നിരീക്ഷണത്തിൽ ഉള്ളവരേയും പ്രത്യേക ക്യാംപുകളിലേക്കാണ് മാറ്റുന്നത്. ക്യാംപുകളിൽ എത്തുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കാനും ശ്രദ്ധിക്കണം. ക്യാംപുകളിൽ എല്ലാവരും മാസ്ക് ധരിക്കണം .കൂട്ടം കൂടി നിൽക്കാനും പാടില്ല. സാനിറ്റൈസർ മരുന്നുകൾ മരുന്നുകുറിപ്പുകൾ എന്നിവ എമർജൻസി കിറ്റിൽ കരുതണം. സർട്ടിഫിക്കറ്റുകളും കയ്യില്‍ കരുതണം. ക്യാംപിൽ എത്തുന്നവര്‍ക്ക് പരിശോധന നടത്താനുള്ള  നടപടിയും സ്വീകരിക്കണം.

ഈ മാസം സംസ്ഥാനത്ത് 71 ക്യാംപുകൾ തുടങ്ങി. 543 കുടുംബങ്ങൾ ക്യാംപിൽ കഴിയുന്നുണ്ട്. തിരുവനന്തപുരത്ത് 19 ക്യാമ്പിലായി 672 പേരും, കൊല്ലത്ത് 10 ക്യാമ്പിലായി 187 പേരും, ആലപ്പുഴയിൽ 10 ക്യാമ്പിലായി 114 പേരും, എറണാകുളത്ത് 17 ക്യാമ്പിലായി 653 പേരും ആണ് കഴിയുന്നത്. കോട്ടയത്തെ രണ്ട് ക്യാമ്പുകളിലായി 24 പേരും തൃശ്ശൂരിലെ ഏഴ് ക്യാമ്പുകളില്‍ 232 പേരും മലപ്പുറത്ത് മൂന്ന് ക്യാമ്പിലായി 53 പേരും കോഴിക്കോട്ടെ മൂന്ന് ക്യാമ്പിലായി 59 പേരുമാണുള്ളത്.

കെഎസ്എഫ്ഇ കൊവിഡ് രോ​ഗമുക്തർക്കായി സൗഖ്യ എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ട്. രണ്ടാം തരം​ഗത്തിൽ കൊവിഡിനെ അതിജീവിച്ചവ‍ർക്കോ കൊവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിനോ വായ്പ കിട്ടും. 2021 മാ‍‍ർച്ച് ഒന്നിന് ശേഷം രോ​ഗബാധയുണ്ടായവ‍ർക്കും കുടുംബാം​ഗങ്ങൾക്കുമാണ് വായ്‍പയ്ക്ക് അർഹ​ത. അഞ്ച് ശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപ വരെ സ്വർണ്ണ പണയവായ്പ ലഭിക്കും. മഹാമാരി കാലത്ത് സഹോദരങ്ങൾ പട്ടിണിയാവരുതെന്ന് കരുതി സംസ്ഥാനത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ  സൗജന്യ ഭക്ഷണവിതരണം നടക്കുന്നുണ്ട്. പല സന്നദ്ധ സംഘടനകളും ഇതിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. കൽപറ്റയിൽ സ്വകാര്യ ബസ് ജീവനക്കാരും സുഹൃത്തുകളും ചേ‍ർന്ന് കൽപ്പന ബസ് സ്റ്റാൻഡിൽ സൗജന്യ ഭക്ഷണവിതരണം നടത്തുന്നുണ്ട്.

ഭക്ഷണവിതരണത്തിന് വേണ്ടി സംവിധാനങ്ങൾ ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ള സ്ഥലങ്ങളിലുണ്ടാവും. ബാങ്കുകൾ സാധാരണ പോലെ പ്രവ‍ർത്തിക്കും. ആധുനിക കാലത്തിൻ്റെ എല്ലാ സാധ്യതകളും ഉപയോ​ഗപ്പെടുത്തിയാവും സത്യപ്രതിജ്ഞ ചടങ്ങ് നിർവഹിക്കും. പരമാവധി ആളെ ചുരുക്കിയാവും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കർണാടകവും തമിഴ്നാടും അടക്കമുള്ള സംസ്ഥാനങ്ങൾ വി​ദേശത്ത് നിന്നും നേരിട്ട് ടെണ്ട‍ർ വിളിച്ച് വാക്സീൻ വാങ്ങാനുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്. കേരളവും ഈ സാധ്യത പരിശോധിച്ച് വരികയാണ്. ഇതിനായുള്ള നടപടികൾ അതിവേ​ഗം പുരോ​ഗമിക്കുന്നു. കടലാക്രമണത്തിൽ വീടുക‍ൾ തകർന്നവർക്ക് നഷ്ടപരിഹാരം നൽകാനും പുനരധിവസിപ്പിക്കാനുമുള്ള നടപടികൾ വിവിധ ജില്ലാ ഭരണകൂടങ്ങൾ ​ഗൗരവപൂർവ്വം ചെയ്യുന്നുണ്ട്. കൊവിഡ് രോ​ഗികളേയും സമ്പർക്ക വിലക്കിലുള്ളവരേയും പ്രത്യേകം താമസിപ്പിക്കും. ക്യാംപുകളിൽ കഴിയുന്ന മറ്റുള്ളവർ അവിടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം കഴിയാൻ. ഇക്കാര്യത്തിൽ ഉദ്യോ​ഗസ്ഥരും ജനപ്രതിനിധികളും നല്ല നിലയ്ക്ക് സഹകരിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios