കോഴിക്കോട്: കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന 33 കാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. നീലഗിരി സ്വദേശിയായ യുവാവ് കുവൈറ്റിൽ നിന്ന് നാല് ദിവസം മുമ്പാണെത്തിയത്. ജില്ലയിൽ ഇന്നലെ ഏഴ് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് പകർച്ച രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും ക്ര‍ശന പരിശോധന നടത്തും. കെഎസ്ഇബിയുടെ തിരുവനന്തപുരം തിരുമല ക്യാഷ് കൗണ്ടര്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല.

കൊവിഡ് ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ അര മണിക്കൂറിൽ കണ്ടൈൻമെന്‍റ് സോൺ കടക്കണം എന്നാണ് നിര്‍ദ്ദേശം. ഇടയ്ക്ക് വാഹനം നിർത്തി ആളിറങ്ങാൻ അനുമതിയില്ല. മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാർഡുകളും കണ്ടെയ്ൻമെന്‍റ് മേഖലകളായി പ്രഖാപിച്ച സാഹചര്യത്തിൽ അടിയന്തര നടപടികളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് മലപ്പുറത്ത് യോഗം ചേരും.