കോഴിക്കോട്: ഉള്യേരി മലബാർ മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ, ആദ്യം പരാതിപ്പെട്ടിട്ടും ഡോക്ടർമാർ പ്രതിക്കെതിരെ നടപടിയെടുത്തില്ലെന്ന് പരാതിക്കാരിയുടെ ആരോപണം. നിരന്തരം മെസേജ് അയച്ചപ്പോൾ പരാതിയുമായി ഡോക്ടർമാരെ സമീപിച്ചെങ്കിലും നാളെ രാവിലെ നോക്കാമെന്ന് പറഞ്ഞ് ഡോക്ടർമാർ മടക്കി അയച്ചെന്നും അവർ പറഞ്ഞു.

പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്

കഴിഞ്ഞ വ്യാഴാഴ്ചയാണ് എന്നെ കൊവിഡ് പോസിറ്റീവായി ഇവിടെ അഡ്മിറ്റ് ചെയ്തത്. ഇന്നലെ എന്റെ ഉപ്പയും ഉമ്മയും കൊവിഡ് പോസിറ്റീവായി വന്നു. ഉപ്പയ്ക്ക് ഒന്നാം നിലയിലാണ് മുറി നൽകിയത്. ഉമ്മയെ കൂടി താഴത്തെ നിലയിൽ ആക്കാൻ അപേക്ഷ കൊടുത്ത് അതെല്ലാം ശരിയാക്കി തിരികെ എന്റെ റൂമിൽ വന്നു. അപ്പോഴാണ് ഹലോ നിങ്ങൾ തൃപ്തയാണോ എന്ന മെസേജ് ഫോണിൽ വന്നത്. 

ആരാണെന്ന് ഞാൻ ചോദിച്ചു. നിങ്ങളെന്നോട് സഹായം ചോദിച്ചിട്ട് വന്നിരുന്നുവെന്ന് അയാൾ പറഞ്ഞു. എന്ത് സഹായമാണ് ചോദിച്ചതെന്ന് ഞാൻ ചോദിച്ചു. നിങ്ങളെ സഹായിച്ചിട്ടുണ്ടെന്നും റൂം മാറ്റി തന്നുവെന്നും പറഞ്ഞു. ചെയ്ത് തന്ന സഹായത്തിന് നന്ദിയെന്ന് ഞാൻ പറഞ്ഞു. ഈ സമയത്ത് വാട്സ്ആപ്പിൽ മെസേജ് അയക്കേണ്ട ആവശ്യം എന്താണെന്ന് ചോദിച്ചു. ഒരുപകാരം ചെയ്ത് തന്നിട്ട് താങ്ക്സ് മാത്രേ ഉള്ളൂവല്ലേ എന്ന് വീണ്ടും മെസേജ് വന്നു. അതിനിടയിൽ അയാൾ ഡ്യൂട്ടി കഴിഞ്ഞ് പോയെന്നും എന്റെ നമ്പർ ആവശ്യമുള്ളത് കൊണ്ട് വേറൊരാളെ കൊണ്ട് എടുപ്പിച്ചതാണെന്നും അയാൾ പറഞ്ഞിരുന്നു.

നിരന്തരം മെസേജ് അയച്ചതോടെ ഞാൻ താഴെ ഡോക്ടർമാരുടെ അടുത്ത് പോയിട്ട് അവൻ മെസേജ് അയക്കുന്നത് കാണിച്ചുകൊടുത്തു. അത് വെബ് വഴി മറ്റാരെങ്കിലും അയക്കുന്നതാവുമെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. രണ്ട് വനിതാ ഡോക്ടർമാരോടാണ് ഞാൻ പരാതിപ്പെട്ടത്. അപ്പോൾ തന്നെ ഇടപെട്ടിരുന്നെങ്കിൽ പ്രതി പീഡിപ്പിക്കാൻ ശ്രമിക്കില്ലായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. പിന്നീട് പീഡന ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട് താനും മറ്റ് രോഗികളും വല്ലാതെ ദേഷ്യപ്പെട്ടപ്പോഴാണ് നടപടിയെടുക്കാൻ അവർ തയ്യാറായതെന്നും പരാതിക്കാരി പറഞ്ഞു.

ഡോക്ടർമാരെ മെസേജ് കാണിച്ച ശേഷം ഞാൻ തിരികെ റൂമിലേക്ക് പോയി. പിന്നീട് 11.31 ന് ഇവന്റെ ഫോണിൽ നിന്ന് 29 സെക്കന്റ് നീണ്ട മിസ്‌ഡ് കോൾ വന്നു. അതുകഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോൾ പിപിഇ കിറ്റ് ധരിച്ചൊരാൾ വന്ന് എന്നെ താഴെ ഡോക്ടർമാർ വിളിക്കുന്നതായി പറഞ്ഞു. എന്റെ പരാതി പരിഹരിക്കാൻ വിളിക്കുന്നതാവും എന്ന് കരുതി ഞാൻ ഒപ്പം ചെന്നു. ഞാനുണ്ടായിരുന്നത് മൂന്നാം നിലയിലായിരുന്നു. ലിഫ്റ്റിൽ കയറിയപ്പോൾ ഇയാൾ നാലാം നിലയാണ് പ്രസ് ചെയ്തത്. അതെന്താണെന്ന് ചോദിച്ചപ്പോൾ അവിടെയാണ് ഡോക്ടർമാർ ഉള്ളതെന്ന് മറുപടി പറഞ്ഞു.

എന്നാൽ ലിഫ്റ്റിന്റെ വാതിൽ തുറന്നപ്പോൾ ആ നില മുഴുവൻ ഇരുട്ടായിരുന്നു. ഉടനെ ഇയാൾ എന്നെ ലിഫ്റ്റിൽ നിന്നും തള്ളി പുറത്തേക്കാക്കി. അവിടം ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. എന്നോട് സംസാരിക്കണമെന്നും നാണം കെടുത്തരുതെന്നും അവൻ പറഞ്ഞു. ഒന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ് ഞാൻ പോകാൻ ശ്രമിച്ചപ്പോൾ അവൻ സമ്മതിച്ചില്ല. സംസാരിക്കണമെങ്കിൽ അകലം പാലിച്ച് സംസാരിക്കാൻ ഞാനാവശ്യപ്പെട്ടു. അവൻ അകലം പാലിച്ച ഉടനെ ലിഫ്റ്റിന്റെ സ്വിച്ച് ഞെക്കി ഞാൻ അതിനകത്ത് കയറി. വേഗം താഴേക്ക് പോയി. ഡോക്ടർമാരോട് പറഞ്ഞെങ്കിലും അവരത് ഗൗരവമായി എടുത്തില്ല. രോഗികൾ എനിക്കൊപ്പം നിന്നതോടെ പ്രശ്നമായി. പിന്നെ അത്തോളി പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.