തിരുവനന്തപുരം:  കൊവിഡ് രോഗമുക്തി നേടിയവരുടെയും ക്വാറന്റൈനില്‍ കിടന്നവരുടെ വിവരങ്ങള്‍ സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും സ്വകാര്യ ഐടി കമ്പനികള്‍ക്കും ചോര്‍ന്നുകിട്ടിയെന്ന  വാര്‍ത്ത അതീവ ഗുരുതരമാണെന്ന് വി ഡി  സതീശന്‍ എം എല്‍ എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലര്‍ കമ്പനിയുടെയും മാത്രം കൈവശമുള്ള അതീവ രഹസ്യ വിവരങ്ങളാണ്  ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയിരിക്കുന്നത്. സ്വകാര്യവിവരങ്ങള്‍ വിവിധ തരത്തിലുള്ള മരുന്ന് കമ്പനികള്‍, സ്വകാര്യ ആശുപത്രികള്‍ അടക്കം മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് തുടക്കം മുതല്‍ തന്നെ പ്രതിപക്ഷം ആശങ്ക ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ വകവയ്ക്കാതെ വിവരങ്ങള്‍ സ്വാര്‍ത്ഥതാല്‍പര്യം മുന്‍നിറുത്തി വിദേശ സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് കൈകാര്യം ചെയ്തതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ ദൃശ്യമാകുന്നതെന്നും സതീശന്‍ ആരോപിച്ചു. കൊവിഡ് രോഗവുമായി ബന്ധപ്പെട്ടുള്ള രഹസ്യമായ റിസര്‍ച്ച് പ്രവര്‍ത്തനങ്ങള്‍ക്കും ക്ലിനിക്കല്‍ പഠനത്തിനുമായി കേരളത്തിലെ രോഗികളുടെ വിവരങ്ങള്‍ ഈ സ്ഥാപനങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതായി ഈ സംഭവ വികാസങ്ങളില്‍ നിന്നും മനസിലാക്കാം.

ഇത്  സ്വകാര്യതയുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങളുടെ ലംഘനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ശന നിബന്ധനകള്‍ പാലിച്ചുകൊണ്ട് മാത്രമേ വിവരങ്ങള്‍ കൈമാറാന്‍ പാടുള്ളു എന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ ലംഘനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.