Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയുടെ മൃതദേഹം തിരിച്ചറിയപ്പെടാതെ അഞ്ചു ദിവസം മോര്‍ച്ചറിയില്‍, ആരോഗ്യ വകുപ്പിന്‍റെ ഗുരുതര വീഴ്ച

82 വയസുകാരന്‍ സുലൈമാന്‍ കുഞ്ഞിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോള്‍ കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തിനായുളള ആഹാരം എത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു മകന്‍ നൗഷാദ്.

covid patients unidentified dead body medical negligence in kollam parippally medical college
Author
Kollam, First Published Oct 19, 2020, 1:23 PM IST

കൊല്ലം: ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവിന്‍റെ പേരില്‍ കൊവിഡ് രോഗം ബാധിച്ച വയോധികന്‍റെ മൃതദേഹം തിരിച്ചറിയപ്പെടാതെ അഞ്ചു ദിവസം മോര്‍ച്ചറിയില്‍ കിടന്നു. കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞും കുടുംബവുമാണ് ആരോഗ്യവകുപ്പിന്‍റെ ഗുരതര അനാസ്ഥയുടെ ഇരയായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സുലൈമാന്‍ കുഞ്ഞ് പാരിപ്പളളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണെന്ന് ആരോഗ്യ വകുപ്പ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതാണ് ഗുരുതര മനുഷ്യാവകാശ ലംഘനത്തിലേക്ക് നയിച്ചത്.

82 വയസുകാരന്‍ സുലൈമാന്‍ കുഞ്ഞിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ തണുത്ത് വിറങ്ങലിച്ച് കിടക്കുമ്പോള്‍ കൊല്ലം പാരിപ്പളളി മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തിനായുളള ആഹാരം എത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു മകന്‍ നൗഷാദ്. കൊവിഡ് രോഗിയായ സുലൈമാന്‍ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണെന്നായിരുന്നു ആരോഗ്യവകുപ്പ് കുടുംബത്തെ അറിയിച്ചത്. 

സുലൈമാനായി എല്ലാ ദിവസവും മകന്‍ എത്തിച്ചിരുന്ന ആഹാരവും വസ്ത്രവുമെല്ലാം ആശുപത്രി അധികൃതര്‍ കൈപ്പറ്റുകയും ചെയ്തിരുന്നു. ഒടുവില്‍ ഈ മാസം 16 ന് ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം രോഗമുക്തനായ പിതാവിനെ കൂട്ടിക്കൊണ്ടു പോകാന്‍ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോള്‍ മാത്രമാണ് ചികില്‍സയിലുണ്ടായിരുന്നത് സുലൈമാന്‍ എന്നു പേരുളള മറ്റൊരാളാണ് എന്ന് അറി‍ഞ്ഞത്. തുടര്‍ന്ന് കുടുംബം ബഹളം വച്ചതോടെ നാലു മണിക്കൂര്‍ നേരം നീണ്ട അന്വേഷണത്തിനൊടുവില്‍ യഥാര്‍ഥ സുലൈമാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഈ മാസം 13ന് തന്നെ മരിച്ചിരുന്നെന്നും ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുയാണ് എന്നും വ്യക്തമായത്.

തലവൂര്‍ എന്ന സുലൈമാന്‍റെ സ്ഥലപ്പേര് തൈക്കാവൂര്‍ എന്നു ആശുപത്രി രേഖകളില്‍ രേഖപ്പെടുത്തിയതാണ് ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന് വഴിവച്ചത്. കൊല്ലം ജില്ലയിലേ ഇല്ലാത്ത തൈക്കാവൂര്‍ എന്ന സ്ഥലത്തിന്‍റെ പേരിലാണ് സുലൈമാന്‍ കുഞ്ഞിന്‍റെ മരണം ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ പോലും പ്രത്യക്ഷപ്പെട്ടതും.വീഴ്ച ബോധ്യപ്പെട്ട ശേഷവും ലാഘവത്തോടെയായിരുന്നു ആരോഗ്യ വകുപ്പ് അധികൃതരുടെ പെരുമാറ്റമെന്നും ബന്ധുക്കള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios