തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ അവലോകനയോ​ഗം ഇന്ന് രാവിലെ 10.30ന് നടക്കും. എസ്പിമാർ മുതൽ ഉന്നത ഉദ്യോസ്ഥർ വരെ യോഗത്തിൽ പങ്കെടുക്കും. നിലവിലെ പ്രവർത്തന ശൈലി മാറ്റണമെന്ന് ഒരു വിഭാ​ഗം ഉദ്യോ​ഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ കൊവിഡ് ട്രെയിസിംഗ് പ്രായോഗികമല്ലന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. റെസിഡൻ്റ്സ് അസോസിയേഷൻ മറ്റ് സംഘടനകൾ എന്നിവയുമായി സഹകരിച്ച് പുതിയ സംവിധാനം കൊണ്ടുവരുമെന്നും സൂചനയുണ്ട്. 

കൊവിഡ് പ്രതിരോധ ചുമതല പൊലീസിനെ ഏൽപ്പിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും  ആശയക്കുഴപ്പം തീരുന്നില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.  നിർദേശങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ പൊലീസിനൊപ്പം ഹെൽത്ത് ഇൻസ്പെക്ടർമാരും സമാന്തരമായി പട്ടിക തയ്യാറാക്കുന്നത് തുടരുകയാണ്. രോ​ഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനുള്ള ചുമതല ആരോഗ്യപ്രവർത്തകരിൽ നിന്നും മാറ്റി പൊലീസുകാരെ ഏൽപ്പിച്ചത് വൻ വിവാദമായിരുന്നു. തീരുമാനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പലകാര്യങ്ങളിലും അവ്യക്തതയുണ്ട്. എല്ലായിടത്തും പൊലീസ് നേരിട്ട് ഇപ്പോഴും പട്ടിക തയ്യാറാകുന്നില്ല. ചില സ്ഥലത്ത് ബൈക്ക് പട്രോൾ സംഘമെത്തി പട്ടിക തയ്യാറാക്കുന്നു. മറ്റ് ചിലയിടങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ തയ്യാറാക്കി നൽകുന്ന പട്ടിക മെഡിക്കൽ ഓഫീസർമാരിൽ നിന്നും പൊലീസ് ശേഖരിക്കുന്നു. 

Read Also: ജോലിഭാരത്താൽ വലഞ്ഞ പൊലീസിന് ഇരട്ടി പണി; 4700 ഹെൽത്ത് ഇൻസ്പെക്ർമാർ എന്തു ചെയ്യണം?...