തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായ അതിഥി തൊഴിലാളികളെ ലക്ഷണങ്ങൾ ഇല്ലെങ്കിൽ ജോലി ചെയ്യിക്കാമെന്ന് ഉത്തരവ്. നീണ്ട ക്വാറന്‍റീന്‍, പ്രോട്ടോക്കോൾ എന്നിവ കാരണം സർക്കാർ വികസന പദ്ധതികൾക്ക് കാലതാമസം നേരിടുന്നു എന്നു കാട്ടിയാണ് തീരുമാനം. ക്വാറന്‍റീന്‍, കൊവിഡ് പ്രോട്ടോക്കോൾ എന്നിവ കാരണം വൈദഗ്‍ധ്യം ആവശ്യമുള്ള മേഖലകളിൽ ആൾ ക്ഷാമം നേരിടുന്നുവെന്നും പദ്ധതികൾ തമാസിക്കുന്നുവെന്നും ഉള്ള കാരണം കാട്ടി വ്യവസായ വകുപ്പിന്‍റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. 

വിദഗ്ധ തൊഴിലാലാളികൾ ക്വാറന്‍റീനിലും കൊവിഡ് പ്രോട്ടോകോളിലും ഉള്‍പ്പെട്ടത് കാരണം സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് കാലതാമസം നേരിടുകയാണ്.
നിലവിൽ 14 ദിവസമാണ് സംസ്ഥാനത്തെ തിരികെയെത്തുന്ന അതിഥി തൊഴിലാളികളുടെ ക്വാറന്‍റീന്‍. ഇവർ പോസിറ്റീവ് ആയാൽ പിന്നെയും നീളും. ഇതിനാൽ ലക്ഷണം ഇല്ലാത്ത കൊവിഡ് പോസിറ്റീവ് അയവരെ ജോലി ചെയ്യിക്കാം എന്നാണ് പുതിയ ഉത്തരവ്. ഇവർക്കായി സിഎഫ്എൽടിസി പോലെ പ്രത്യേക സംവിധാനം ഒരുക്കണം. മറ്റുള്ളവരുമായി ഇടകലരാൻ ഇടവരരുത്.
 
ലക്ഷണം കണ്ടാൽ ഉടനെ ഇവരെ മാറ്റണം. ആവശ്യമായ പരിശോധനകൾ നടത്തണം. എല്ലാ ചെലവുകളും തൊഴിൽ ഉടമ വഹിക്കണം. നെഗറ്റീവ് ആയാൽ ഉടൻ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജോലിയിൽ കയറാം. ഉയർന്ന തസ്തികയിൽ ഉള്ള ഓഫീസർ അടക്കമുള്ളവർക്ക് സുരക്ഷിത സംവിധാനം ഒരുക്കണം എന്നും ഉത്തരവിൽ പറയുന്നു. ഇതാദ്യമായാണ് ഏതെങ്കിലും മേഖലയിൽ ലക്ഷണം ഇല്ലാത്ത കൊവിഡ് രോഗികളെ ജോലി ചെയ്യിക്കാമെന്ന ഉത്തരവ്. നേരത്തെ ആരോഗ്യപ്രവർത്തകരെ ഇത്തരത്തിൽ ഉപയോഗിക്കണമെന്ന നിർദേശം വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് കൂടി മുന്നിൽ നിൽക്കെ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. ഇതിനിടയിലാണ് കൊവിഡ് പൊസിറ്റിവ് ആയ ലക്ഷണം ഇല്ലാത്ത തൊഴിലാളികളെ സർക്കാർ പദ്ധതികൾക്കായി ജോലി ചെയ്യിക്കാനുള്ള തീരുമാനം.