മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു യുവതി. വിദേശത്ത് നിന്നെത്തിയ യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം: മലപ്പുറം ഏരങ്ങിമങ്ങാട് കൊവിഡ് ബാധിതയായ ഗർഭിണി അഞ്ചാം മാസത്തിൽ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളും മരിച്ചു. വിദേശത്തു നിന്നെത്തിയ യുവതിക്ക് കോട്ടക്കലിൽ ക്വാറൻ്റിനിൽ കഴിയുന്നതിനിടെ ഈ മാസം മുന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ വേദന അനുഭവപെട്ടതിനെ തുടർന്ന് ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളും അപ്പോൾ തന്നെ മരിച്ചു.

അതേസമയം, ഇന്നലെ 51 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ചികിത്സയിലുള്ളവരുടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 497 ആയി. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. 

പൊന്നാനിയിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങി 25 ലേറെ പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ പലരുടെയും ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. പൊന്നാനിയില്‍ മാത്രം ഉറവിടം അറിയാത്ത കേസുകള്‍ 25 ആയി. 7266 ആന്റിജൻ ടെസ്റ്റ് പൊന്നാനിയിൽ നടത്തി.

89 പോസിറ്റീവ് കേസുകൾ കണ്ടെത്തി. നഗരസഭാ പരിധിയിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഇന്ന അറിയിച്ചിരുന്നു. മെഡിക്കൽ ആവശ്യത്തിനും അത്യാവശ്യ കാര്യത്തിനും ആരും പുറത്തിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവർ റേഷൻ കാർഡ് കൈവശം വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.