തിരുവനന്തപുരം: സംസ്ഥാനത്തെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന് എം എം ഹസ്സൻ. സ്വർണ്ണക്കടത്ത് വാർത്ത പുറത്ത് വന്നതിന് പിന്നാലെ മാത്രമാണ് സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയതെന്ന് ഹസ്സൻ ആരോപിക്കുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിച്ചതോടെയാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയതെന്ന് ഹസ്സൻ പറയുന്നു. 

പ്രതിപക്ഷം സമരങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് വിശദമാക്കിയ ഹസ്സൻ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരുമെന്ന് അറിയിച്ചു. അഞ്ച് പേർ  വീതം പങ്കെടുക്കുന്ന സമരം നിയോജക മണ്ഡലങ്ങളിൽ നടക്കുമെന്നാണ് കോൺഗ്രസ് അറിയിക്കുന്നത്. ബിജെപി  സിപിഎം ധാരണ സംശയിക്കുന്നുണ്ടെന്ന് പറഞ്ഞ പുതിയ യുഡിഎഫ് കൺവീനർ മോദിക്കെതിരെ ഒരു വാക്ക് പോലും പിണറായി പറയുന്നില്ലെന്നും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് രാജഭക്തിയാണെന്നും ഹസ്സൻ പരിഹസിച്ചു. 

രാത്രിയുടെ ഇരുട്ടിൽ സിപിഎമ്മും ബിജെപിയും ഭായി ഭായി ആണെന്ന് ആരോപിച്ച ഹസ്സൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും പരിഹസിച്ചു. ആടറിയുന്നോ അങ്ങാടി വാണിഭം എന്നതു പോലെയാണ് കെ സുരേന്ദ്രന്റെ അവസ്ഥയെന്നും ബിജെപി സിപിഎം ധാരണയെ പറ്റി സുരേന്ദ്രൻ ഒന്നും അറിയുന്നില്ലെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.