കല്യാണങ്ങൾക്ക് 30 പേർ മാത്രമേ പങ്കെടുക്കാവൂ. ഇവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. ജിം, അമ്യുസ്മെന്റ് പാർക്ക്, സിനിമ ഷൂട്ടിംഗ് എന്നിവയ്ക്ക് ജില്ലയിൽ ഒരാഴ്ച പ്രവർത്തിക്കാൻ അനുമതി ഇല്ല.
കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതോടെ എറണാകുളം ജില്ലയിൽ അതീവ ജാഗ്രത. നാളെ മുതൽ ഒരാഴ്ച കടുത്ത നിയന്ത്രണമാകും ജില്ലയിൽ നടപ്പിലാക്കുക. ജിം മുതൽ സിനിമ ഷൂട്ടിംഗിനും,തിയറ്ററിനും വരെ ഈ കാലയളവിൽ പ്രവർത്തിക്കാൻ അനുമതിയില്ല.
എറണാകുളം ജില്ലയിൽ കൊവിഡ് പൊസീറ്റീവായി ചികിത്സയിലുള്ളവരുടെ എണ്ണം 35614 ലാണ്. മരണസംഖ്യ 20 ആയി. തീവ്രവ്യാപനം മാർക്കറ്റുകളിലും, തീരദേശമേഖലകളിലും ഉയർന്ന് തന്നെ നില്‍ക്കുകയാണ്. പിടിവിടുമെന്ന ഘട്ടത്തിലാണ് വാരാന്ത്യ നിയന്ത്രണങ്ങൾക്ക് പിന്നാലെ ഈ ആഴ്ച കർശന നിരീക്ഷണങ്ങൾ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. കടകൾ രാവിലെ 7 മണി മുതൽ 5 മണിവരെ മാത്രമേ തുറക്കാൻ അനുമതി ഉള്ളൂ. ഹോട്ടലുകളിൽ രാവിലെ 7 മണി മുതൽ രാത്രി 9 വരെ പാർസൽ മാത്രം നൽകാം. ടോഡി ഷോപ്പുകൾക്കും ബാറുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. കല്യാണങ്ങൾക്ക് 30 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇവർ കൊവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.
ജിം, അമ്യുസ്മെന്റ് പാർക്ക്, സിനിമ ഷൂട്ടിംഗ് എന്നിവയ്ക്ക് അനുമതി ഇല്ല. സിനിമ തിയറ്ററുകൾക്കും ഞായറാഴ്ച വരെ തുറക്കാനാകില്ല. സർക്കാർ വകുപ്പുകൾ, സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും ഓൺലൈനായി മാത്രം നടത്തണം. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല. നഗരഗ്രാമ വ്യത്യാസമില്ലാതെ രോഗവ്യാപനം തുടരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജും, ആലുവ താലൂക്ക് ആശുപത്രിയും,ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയും അടിയന്തരമായി കൂടുതൽ രോഗികൾക്കായി സജ്ജമാക്കാനുള്ള നടപടികളാണ് തുടരുന്നത്.
